തർക്കം തുടങ്ങി, ഇനിയൊക്കെ കാത്തിരുന്ന് കാണാം!!!

VS against pinarayi on law academy land case

 

കേരളത്തിന്റെ മുഖ്യമന്ത്രിക്കസേര ആർക്ക് കൊടുക്കണമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് സിപിഎം നേതൃത്വം പറഞ്ഞതിനു തൊട്ടുപിന്നാലെ വിവാദങ്ങൾ ആരംഭിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം പ്രകാശ് കാരാട്ടും ഇന്നലെ പറഞ്ഞിരുന്നു. പിണറായി വിജയനാണ് സാധ്യതയെന്ന് സൂചനകളും ശക്തമായി. അപ്പോ വി.എസ്.അച്ച്യുതാനന്ദൻ എതിർക്കില്ലേ എന്നായി ചർച്ചകൾ. ഈ അവസരത്തിൽ വിഎസ് അവകാശവാദമുന്നയിക്കില്ലെന്നും അദ്ദേഹത്തെ അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വത്തിനായിട്ടുണ്ടെന്നുമായിരുന്നു പിന്നീട് പുറത്തുവന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ. എന്തായാലും,കാര്യങ്ങൾ തീരുമാനിക്കാൻ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാനസമിതി യോഗങ്ങളോടെ സംശയങ്ങൾക്ക് അവസാനമാകുമെന്ന് പൊതുജനം കരുതി.

പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാനും വി.എസിന് ക്യാബിനെറ്റ് പദവി നല്കാനുമാണ് സാധ്യത എന്ന വാർത്ത വന്നതിനു പുറകെയാണ് വി.എസ്. മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെട്ടെന്ന വാർത്ത പുറത്തുവരുന്നത്. ആവശ്യമുന്നയിച്ച് കേന്ദ്രനേതൃത്വത്തെ സമീപിച്ചെന്നാണ് സൂചന. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് താൻ തന്നെയാകണം,ആറു മാസമെങ്കിലും ആ സ്ഥാനത്ത് തുടരണം എന്നിവയാണ് വി.എസ് ഉന്നയിക്കുന്ന ആവശ്യങ്ങൾ.

എന്താവും സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണാം. 92 കാരന്റെ മികവിൽ എൽഡിഎഫ് നേടിയതാണ് 91 സീറ്റുകൾ എന്ന പ്രചരണം ശക്തം.തെരഞ്ഞെടുപ്പ് വിജയത്തിന് വി.എസ് ഫാക്ടർ ഗുണം ചെയ്‌തെന്ന വസ്തുത നിരാകരിക്കാൻ പാർട്ടിക്കാവുകയുമില്ല. അത്തരമൊരു സാഹചര്യത്തിൽ പാർട്ടി ബുദ്ധിപരമായി നടത്തിയ നീക്കമായിരുന്നു ഫലപ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രിയെ നാളെ തീരുമാനിക്കുമെന്ന പാർട്ടിതീരുമാനം.അധികം വൈകിയാൽ വി.എസ് മുഖ്യമന്ത്രിയാകണമെന്ന് മാധ്യമങ്ങൾ ചർച്ച ചെയ്യുമെന്ന് പാർട്ടി ഭയപ്പെട്ടു എന്ന് വ്യക്തം. എന്നാൽ,ആ നീക്കം ഫലം കണ്ടില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.

എന്തായാലും,വി.എസിനെ പിന്തുണയ്ക്കാൻ സംസ്ഥാനക്കമ്മിറ്റിയിൽ പോലും ആരുമുണ്ടാകില്ല എന്നത് പിണറായിക്ക് ഗുണം ചെയ്യും.പൊതുജനങ്ങളിൽ നിന്നുള്ള എതിർപ്പ് സംസ്ഥാനകമ്മിറ്റിയ്ക്ക് വിഷയമാവില്ലല്ലോ. പക്ഷേ,കാര്യങ്ങൾ ഏതു തരത്തിലാണ് നീങ്ങുന്നതെന്ന് അറിയാൻ കാത്തിരുന്നേ മതിയാവൂ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top