പിറന്നാളിന്റെ നിറവിൽ പിണറായി
എഴുപത്തിരണ്ടിന്റെ നിറവിലാണ് കേരളത്തിന്റെ നിയുക്തമുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ ഒളിച്ചുവെച്ച ആ ദിനം പിണറായി വെളിപ്പെടുത്തി, ഏറ്റവും അനുയോജ്യമായ ദിവസംതന്നെ.
പിറന്നാൾ എന്നെന്ന് ചോദ്യത്തിന് ഒരിക്കലും പിണറായി ഉത്തരം നൽകാറില്ലായിരുന്നു. അതൊക്കെ സമയമാകുമ്പോൾ പറയാം എന്ന തനി പിണറായിയൻ സ്റ്റൈൽ മറുപടി മാത്രമായിരുന്നു ഉത്തരം. എന്നാൽ നാളെ സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയാകാൻ ഇരിക്കെ ആ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുകയാണ് അദ്ദേഹം. ഒളിച്ചുവെച്ച ജന്മദിനം വെളിപ്പെടുത്താൻ ഇതിലും നല്ല ദിവസം വേറെ ഇല്ലല്ലോ…
1944 മാർച്ച് 24 ന് കണ്ണൂർ ജില്ലയിലെ പിണറായിയിൽ ചെത്തുതൊഴിലാളിയായ കോരന്റേയും കല്യാണിയുടേയും മകനായി വിജയന്റെ ജനനം. ദാരിദ്രം നിറഞ്ഞ ചുറ്റുപാടിലായിരുന്നു ബാല്യകൗമാരങ്ങൾ പിന്നിട്ടത്. തലശ്ശേരി ബ്രണ്ണൻ കോളേജിൽനിന്ന് ബിരുദം നേടി. നിരവധി സമരങ്ങളിലൂടെ വിദ്യാർഥി പ്രസ്ഥാനത്തെ നയിച്ചു. ഇരുപത്തിനാലാം വയസ്സിൽ സി.പി.ഐ (എം) കണ്ണൂർ ജില്ലാ കമ്മിറ്റിയിലും ഇരുപത്തെട്ടാം വയസ്സിൽ ജില്ലാ സെക്രട്ടറിയേറ്റിലുമെത്തിയ പിണറായി 1970ലും 1977ലും 1991ലും 1996ലുമായി നാലുതവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
1996ൽ കേരളത്തിന്റെ സഹകരണ വൈദ്യുതി മന്ത്രിയായി. 1998ൽ ചടയൻ ഗോവിന്ദന്റെ നിര്യാണത്തെ തുടർന്ന് മന്ത്രിസ്ഥാനം വിട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയായി. 1998 മുതൽ 2015 വരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു.കൽക്കട്ടയിൽ നടന്ന പതിനാറാം പാർടി കോൺഗ്രസിലൂടെ കേന്ദ്രകമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും അംഗമായി.
അടിയന്തിരാവസ്ഥകാലത്ത് ജയിലിലടക്കപ്പെട്ട് നേരിടേണ്ടിവന്ന അനുഭവങ്ങൾ ചേർത്ത് നിയമസഭയിൽ പിണറായി നടത്തിയ പ്രസംഗം പ്രശസ്തമാണ്. ചോരപുരണ്ട ഷർട്ട് ഉയർത്തിപ്പിടിച്ചാണ് അന്ന് പിണറായി നിയമസഭാ സമ്മേളനത്തിൽ പ്രസംഗിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here