Advertisement

നല്ല ദിനങ്ങളുടെ രണ്ടുവർഷം!!

May 26, 2016
Google News 2 minutes Read
modi

 

നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയതിന്റെ രണ്ടാംവാർഷികം ആഘോഷമാക്കുകയാണ് പ്രധാനമന്ത്രിയും കൂട്ടരും. വിപുലമായ ആഘോഷപരിപാടികൾക്കൊപ്പം, നല്കിയ വാഗ്ദാനങ്ങളിൽ എത്രയെണ്ണം പാലിക്കാനായി എന്ന കണക്കെടുപ്പിനും ഈ അവസരത്തിൽ പ്രസക്തിയുണ്ട്. ആദ്യവർഷം പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിച്ചതത്രയും രാജ്യാന്തരതലത്തിലായിരുന്നു.പന്ത്രണ്ടിലേറെ വിദേശ രാജ്യങ്ങൾ സന്ദർശിച്ച മോദി ചിലയിടങ്ങളിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കാനും മറന്നില്ല. രണ്ടാംവർഷം ആഭ്യന്തരതലത്തിലേക്ക് ശ്രദ്ധയൂന്നി.കാർഷിക മേഖലയ്ക്ക് പ്രത്യേക പരിഗണന നല്കി.
കർഷകർക്കും ഗ്രാമീണമേഖലയ്ക്കുമായി നിരവധി പദ്ധതികൾ വിഭാവനം ചെയ്ത നരേന്ദ്രമോദി കർഷകമിത്രം എന്ന വിശേഷണം സ്വയം എടുത്തണിഞ്ഞെങ്കിലും കടുത്ത വരൾച്ചയിൽ ജനങ്ങളെ സഹായിക്കാനാവാഞ്ഞത് പ്രതിച്ഛായക്ക് കോട്ടം വരുത്തി. വരൾച്ച രൂക്ഷമായ സംസ്ഥാനങ്ങളിൽ നിന്ന് ഏറ്റവുമധികം വിമർശനം നേരിട്ടത് കേന്ദ്രസർക്കാരായിരുന്നു.പ്രശ്‌നപരിഹാരത്തിന് പലവട്ടം ശ്രമിച്ചെങ്കിലും കുറച്ചെങ്കിലും ഫലം കണ്ടത് വാട്ടർ ട്രെയിനുമായി എത്തിയ റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിന്റെ നടപടി മാത്രമാണ്. വരൾച്ചാദുരിതവും കാർഷികോല്പന്നങ്ങളുടെ വിലത്തകർച്ചയും കർഷകരെ വലയ്ക്കുകയാണ്.

സബ്‌സിഡികളുടെ കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ അഭിനന്ദനാർഹം തന്നെ. പാചകവാതക സബ്‌സിഡി രംഗത്ത് വിപഌവകരമായ മാറ്റത്തിനാണ് മോദി സർക്കാർ വഴിവച്ചത്. എന്നാൽ,ഭക്ഷ്യസബ്‌സിഡി വേണ്ട വിധത്തിൽ പ്രയോജനം ചെയ്യാതെ പോയി. അതിന്റഎ പേരിൽ സുപ്രീംകോടതിയിൽ നിന്നു പോലും സർക്കാരിനെതിരെ വിമർശനം ഉയർന്നു.

വാണിജ്യ വ്യവസായ സംരംഭങ്ങൾ അനായാസം തുടങ്ങാൻ അവസരമൊരുക്കിയെന്ന് പ്രധാനമന്ത്രിയും ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയും പറയുമ്പോഴും ലോകമെമ്പാടുമുള്ള സാഹചര്യം അനുകൂലമല്ലാത്തത് കാര്യങ്ങളെ ദോഷകരമായി ബാധിച്ചു. സമ്പദ് രംഗം വളരുമ്പോഴും തൊഴിലവസരങ്ങളുടെ ഗ്രാഫ് കുത്തനെ താഴേയ്ക്കാണ്. ബാങ്കിംഗ് മേഖലയിലും പ്രതിസന്ധികൾ നിലനിൽക്കുന്നു. കിട്ടാക്കടമാണ് ബാങ്കുകളെ വലയ്ക്കുന്നത്.അപ്പോഴും ജൻ ധൻ പദ്ധതി എല്ലാ വിഭാഗം ജനങ്ങളിലും മികച്ച പ്രതികരണമുണ്ടാക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് മോദി.

വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. രാജ്യങ്ങളെ ഒപ്പം നിർത്താനുള്ള പരിശ്രമങ്ങൾ പലപ്പോഴും ദോഷകരമായി മാറുന്നുണ്ടെങ്കിലും ശുഭാപ്തിവിശ്വാസമാണ് മോദിയുടെ മുതൽക്കൂട്ട്. അമേരിക്ക,ചൈന,ജപ്പാൻ എന്നീ രാജ്യങ്ങൾ ഇന്ത്യക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന വൻവ്യവസായപദ്ധതികൾ നടപ്പാവുമെന്ന പ്രതീക്ഷയിലാണ് അ്‌ദ്ദേഹം. പ്രതിരോധമേഖലയിലും വിദേശനിക്ഷേപം കൊണ്ടുവന്ന് ഇന്ത്യയെ ആയുധനിർമ്മാണകേന്ദ്രമായി വളർത്താമെന്നും മോദി കണക്കുകൂട്ടുന്നു.

വിദ്യാഭ്യാസമേഖലയിൽ നിന്ന് നേരിട്ട പ്രതിസന്ധികൾ തന്നെയാണ് ഇക്കാലയളവിനുള്ളിൽ മോദി സർക്കാരിനെ ഏറെ വലച്ചത്.ജെ.എൻ.യുവിലും ഹൈദരാബാദ് സർവ്വകലാശാലയിലംു അരങ്ങേറിയ സംഭവങ്ങൾ അതിനുദാഹരണങ്ങളാണ്. എന്നാൽ,ഇത്തരം വിവാദ വിഷയങ്ങളിൽ പ്രതികരിക്കാതിരിക്കുക എന്ന തന്റെ തനതുശൈലി സ്വീകരിച്ച് വിഷയം കോൺഗ്രസിനെതിരെ തിരിച്ചുവിടാനുള്ള ശ്രമത്തിലായിരുന്നു മോദി.

മറ്റെന്തിനേക്കാളുമധികം സ്വന്തം പ്രതിച്ഛായ മികച്ചതാക്കാൻ നരേന്ദ്രമോദി നടത്തിയ ശ്രമങ്ങൾ പ്രശംസനീയം തന്നെ. കാൽനൂറ്റാണ്ടിനിടെ ഇന്ത്യ കണ്ട കരുത്തനായ ഭരണാധികാരിയായി വളരാൻ മോദിക്കായി. ശക്തമായ തീരുമാനങ്ങളിലൂടെയും വ്യക്തമായ നിയന്ത്രണരീതികളിലൂടെയും മോദി തന്റെ അപ്രമാദിത്വം ഉറപ്പിച്ചുകഴിഞ്ഞു.പ്രധാനമന്ത്രിയുടെ ഓഫീസിന്റേതല്ല,പ്രധാനമന്ത്രിയുടേത് തന്നെയാണ് അന്തിമതീരുമാനമെന്ന് അദ്ദേഹം തെളിയിച്ചു. തെരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് നല്കിയ വാഗ്ദാനങ്ങൾ എത്ത്രതോളം പാലിക്കാനായി എന്നതിൽ വിലയിരുത്തലുകൾ ഇനിയും നടക്കേണ്ടിയിരിക്കുന്നു. നല്ല ദിനങ്ങൾ സമ്മാനിക്കുമെന്ന് ഉറ്പപുനല്കിയ മോദി സർക്കാരിന് ഇന്ത്യയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായോ എന്നതിൽ സംശയമുണ്ട്.എന്തായാലും,പ്രതീക്ഷകളും ആശങ്കകളും ഇനി മൂന്നാംവർഷത്തിലേക്ക് കടക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement