ക്ഷമിക്കണം പ്രിയങ്ക, ആ പിതാവ് ബൈബിളിന്റെ ആത്മാവ് തൊട്ടവനല്ല …

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മേരി ജോൺ അഖൗരി മരിച്ചിട്ട് സംസ്‌കാരം പള്ളിയങ്കണത്തിൽ നടത്താൻ കുമരകത്തെ പള്ളിവികാരി ഫാദർ സൈമൺ മാനുവൽ അനുവദിക്കാഞ്ഞത് കേരളം ഞെട്ടലോടെയാണ് കേട്ടത്. കീഴ്‌വഴക്കങ്ങളും ദേവാലയ ഭരണഘടനയും സംരക്ഷിക്കാൻ മേപ്പടി പിതാവ് തത്രപ്പെട്ടതുകൊണ്ട് മൃതദേഹത്തോട് ഇങ്ങനെ അനാദരവ് കാട്ടേണ്ടിവന്നു.
അവസാനം മുത്തശ്ശിയുടെ മൃതദേഹം എടുത്തുകൊണ്ട് പൊൻകുന്നം യാക്കോബായ പള്ളിയിലേക്കോടാൻ പ്രിയങ്കയെ പരിശുദ്ധ പിതാവ് പ്രേരിപ്പിച്ചു. പൊൻകുന്നം പള്ളിയിലും ഇങ്ങനെയൊരു ഭരണഘടന സംരക്ഷകനായ പിതാവ് ഇല്ലാഞ്ഞത് നന്നായി. പൊൻകുന്നത്തെ പിതാവെ അങ്ങേക്ക് നന്ദി. പൊൻകുന്നത്തുകൂടി പ്രിയങ്കയ്ക്ക് ഈ ദുരനുഭവം ഉണ്ടായെങ്കിൽ മുത്തശ്ശിയുടെ ബോഡി ഏതെങ്കിലും തെമ്മാടിക്കുഴിയിൽ അടക്കിയിട്ട് പ്രിയങ്കയ്ക്ക് മുംബൈയ്ക്ക് വണ്ടി കയറേണ്ടി വന്നേനെ.
എന്റെ കുമരകത്തെ അച്ചോ, ശവത്തിനോട് അനാദരവ് കാണിച്ച ചില പഴയകാല പരിശുദ്ധ പിതാക്കൻമാരുടെ വഴിയിൽ അങ്ങും സഞ്ചരിച്ചല്ലോ… കഷ്ടമായിപ്പോയി ! അന്യരോട് കരുണ കാണിക്കുന്നവർക്കേ ദൈവസഹായം ലഭിക്കാൻ അവകാശമുള്ളൂ എന്ന് പഠിപ്പിച്ച ബൈബിൾ വായിക്കുന്ന പിതാവിന് എങ്ങനെയാണ് ഇങ്ങനെയൊക്കെ പെരുമാറാനാവുക ?
മരണാനന്തരം കണ്ണുനീർ വാർത്തു നിൽക്കുന്ന ഒരു കുടുംബത്തെ മുഴുവൻ കൂടുതൽ കണ്ണീർ കുടിപ്പിച്ച പിതാവെ നിങ്ങൾ ധരിച്ചിരിക്കുന്ന പരിശുദ്ധ വസ്ത്രത്തിന്റെ വെളുപ്പ് എന്തുകൊണ്ടാണ് മനസ്സിനില്ലാതെ പോകുന്നത്. ദയയും കാരുണ്യവും അനുതാപവും മറ്റുള്ളവരോട് കാണിക്കുവാൻ ഇങ്ങനെയുള്ള നിങ്ങൾക്ക് എങ്ങനെയാണ് കുഞ്ഞാടുകളെ ഉപദേശിക്കാനാവുക.
മൃതദേഹത്തോട് കാണിച്ച ഈ കൊടിയ നിന്ദയ്ക്ക് പരിശുദ്ധ പിതാവ് പറഞ്ഞ കാരണം പ്രസ്തുത മുത്തശ്ശി ഉണ്ടാക്കിയ ഹിന്ദു ബന്ധുത്വങ്ങളാണല്ലോ. മാത്രമല്ല ഈ അനാദരവ് വലിയ വാർത്തയാകുന്നത് സെലിബ്രിറ്റിയായ പ്രിയങ്ക ചോപ്ര വന്നതുകൊണ്ടാണെന്നാണ് സൈമൺ പിതാവ് പറഞ്ഞത്. എത്രയോ സാധുക്കൾ സമാന സാഹചര്യങ്ങളിൽ ഇഷ്ടപ്പെട്ടവരുടെ ശവങ്ങളും തോളിൽ എടുത്ത് തെക്കുവടക്ക് ഓടിയിട്ടുണ്ടാവും!! സൈമൺ പിതാവിന് ഇതൊക്കെ മനസ്സിലാകാത്തത് ബൈബിൾ വചനങ്ങളുടെ മാന്ത്രിക സ്പർശം ആ ഇടുങ്ങിയ മനസ്സിലേക്ക് കയറിയിട്ടില്ലാത്തതുകൊണ്ടാവണം.
ഹിന്ദുവായ തനിക്ക് ക്രിസ്തീയ സമുദായത്തിന്റെ ശവമടക്കിൽ എന്തു കാര്യമെന്ന് ചിന്തിക്കുന്നവരുണ്ടാകില്ലേ എന്ന പേടി ഈ കുറിപ്പ് എഴുതുമ്പോൾ എന്നെ തളർത്തുന്നു!! പാവം മുത്തശ്ശിയോട് ഈ കടും കൈ ചെയ്തവർ ഇങ്ങനെയൊക്കെ ആലോചിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. അതിന് ഒരു കാരണമെ ഉള്ളൂ മതത്തിന്റെ വേലിക്കെട്ടുകൾക്ക് അപ്പുറമാണ് എന്റെ മനസ്സ്.
എനിക്ക് ഒരു കാര്യം ഉറപ്പ് മതത്തേക്കാളും മനുഷ്യരെ സ്‌നേഹിക്കുവാൻ പഠിച്ച പ്രിയങ്കയും കുടുംബവും ഈ പിതാവിനും കുമരകത്തെ പള്ളിക്കാർക്കും മാപ്പുകൊടുക്കണം. മുത്തശ്ശിയുടെ ആത്മാവും ഈ പിതാവിനോട് പൊറുക്കും. കാരണം ഇവരൊക്കെ ബൈബിളിന്റെ ആത്മാവ് തൊട്ടറിഞ്ഞവരാണ്. അത്യുന്നതങ്ങളിൽ വാഴുന്ന പരിശുദ്ധനായ പിതാവേ ഇവരോട് പൊറുക്കേണമേ കാരണം ഇവർ ചെയ്യുന്ന നീച കൃത്യം എന്താണെന്ന് ഇവർ അറിയുന്നില്ല കുമരകത്തെ തിരസ്‌കാരത്തിൽ വേദനിച്ചവരോട് അണിചേർന്ന്…,
സ്വന്തം
ശ്രീകണ്ഠൻ നായർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here