ചെരുപ്പിനെ പിടിച്ചവരും പ്രതിയെ പിടിച്ചവരും !

ഒടുവിൽ ജിഷവധത്തിലെ യഥാർത്ഥ പ്രതിയെന്ന് കരുതുന്നയാൾ പോലീസിന്റെ പിടിയിലായി. കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറയുന്നു. കഥകൾ പൊടിപ്പും തൊങ്ങലും ഭാവനയും വച്ച് വന്നുകൊണ്ടേയിരിക്കുന്നു. ചെരുപ്പിനെ പിടിച്ചത് ഞാനെന്ന് മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊൻതൂവലിന്റെ ബൊക്കെ പോലീസിന് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പോസ്റ്റുമിട്ടു. മാധ്യമങ്ങൾ ജിഷയുടെ ഘാതകൻ പിടിയിൽ എന്ന് ഉറക്കെ ഉറക്കെ വിളിച്ച് പറയുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം വിട്ടു പോകുന്നു. ഭാരതത്തിലെ നിയമ സംവിധാനം അനുസരിച്ച് ഇപ്പോൾ പിടിയിലായത് പ്രതി എന്ന് കരുതുന്നയാൾ മാത്രമാണ്. അല്ലാതെ പ്രതി അല്ല.

പിടിയിലായ ആസാം സ്വദേശി കുറ്റവാളി ആണെന്ന് തെളിയിക്കപ്പെടുന്നതിന് ഇനിയും കാത്തിരിക്കണം. മലയാളികൾക്ക് കാത്തിരുന്ന് നല്ല ശീലമാണ്. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ തൂക്കിലേറ്റുന്നത് കാണാൻ നമ്മൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ നിരവധി കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ തടവു മുറികളിൽ ഇങ്ങനെ ശിക്ഷ കാത്തു കഴിയുന്ന നിരവധി പേരുണ്ട്. ഇരകളാക്കപ്പെട്ടവരും, അവരുടെ ബന്ധുക്കളും, നീതിയ്ക്കായി കാത്തിരിക്കുന്ന നിരവധി വീടുകളുണ്ട്. പുറമ്പോക്കുകളിലെ കുടിലുകൾ മുതൽ ഇരുമ്പ് കോട്ട വാതിലുകൾ ഉള്ള ബംഗ്ലാവുകൾ വരെയുണ്ട് അതിൽ. അതുകൊണ്ട് തന്നെ പിടിച്ചത് ചെരുപ്പാണോ പ്രതിയാണോ എന്നതല്ല; അയാൾ കുറ്റവാളിയാണോ എന്നതാണ്; അയാൾ ശിക്ഷിക്കപ്പെടുമോ എന്നതാണ് ഉറപ്പാക്കേണ്ട വിഷയം.

നിയമത്തിന്റെ ആനുകൂല്യങ്ങൾ, പഴുതുകൾ, ബലഹീനതകൾ….ഒരു കുറ്റാരോപിതന് രക്ഷപ്പെടാൻ വഴികൾ നിരവധിയുള്ള ഇടമാണ് നമ്മുടെ കോടതികൾ. അവിടെയാണ് ആസാം സ്വദേശിയായ അമിയൂർ കുറ്റവാളിയെങ്കിൽ മലയാളിയെ ഇനിയും കാത്തിരിക്കാൻ വിടാതെ നിയമത്തിന്റെ കരുത്തുറ്റ കരങ്ങൾ അയാളെ പൂട്ടേണ്ടത്. ഇനി നമ്മളെ നോക്കി  കൊഞ്ഞനം കുത്തുന്ന ഒരു ഗോവിന്ദചാമിയും വേണ്ട. ചെരുപ്പിനേയും, പ്രതിയേയുമല്ല, കുറ്റവാളിയും അവനുള്ള ശിക്ഷയുമാണ് ജനങ്ങൾക്കാവശ്യം. അടയ്ക്കുക എല്ലാ പുറം വാതിലുകളേയും ! ഇനി ഒരു കുറ്റം ആവർത്തിക്കപ്പെടാത്ത വിധം ഇരുട്ട് മൂടിയ മനസ്സുകളെ ഭയപ്പെടുത്താൻ ഈ കേസിൽ ഞങ്ങൾക്കൊരു വിധി കേൾക്കണം; ഒരു ഉഗ്രൻ ശിക്ഷാ വിധി !

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top