വിമുക്ത ഭടന്മാർ ജാഗ്രതൈ; മദ്യക്കുപ്പികൈമാറ്റം പിടികൂടാൻ ഋഷിരാജ് സിംഗ് റെഡിയാണ്!!

വിമുക്തഭടന്മാർ നടത്തിവരുന്ന മദ്യക്കുപ്പി കൈമാറ്റം ഇനി അനുവദിക്കില്ലെന്ന് എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. തൃശ്ശൂർ പൂരത്തിലെ കുടമാറ്റം പോലെ മദ്യകുപ്പികൾ കൈമാറുന്ന വിമുക്തഭടന്മാരെ താൻ പിടികൂടാൻ പോവുകയാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.ഇതു സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നല്കിക്കഴിഞ്ഞു.
സംസ്ഥാനത്തെ മുഴുവൻ ബിയർ പാർലറുകളിലും ഈ മാസം 23നകം പരിശോധന പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ബിയർ പാർലറുകളിൽ നിന്ന് ബിയർ പുറത്തേക്ക് കൊണ്ടുപോവുന്നത് തടയും.23നു ശേഷം ഇത്തരം ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാവും.
കള്ളഷാപ്പുകളിൽ ഇനി മുതൽ സ്റ്റോക്ക് വിവരം എഴുതി പ്രർശിപ്പിക്കണം. ദിനംപ്രതി എത്ര ലിറ്റർ കള്ള് സ്റ്റോക്ക് ചെയ്യുന്നുവെന്ന് കള്ളഷാപ്പിലെത്തുന്നവർക്ക് അറിയാൻ വേണ്ടിയാണിത്.വിലനിലവാരം എഴുതിപ്രദർശിപ്പിക്കണമെന്നുള്ള മുൻ നിർദേശം പുതിയ സർക്കുലറിലും ആവർത്തിച്ചിട്ടുണ്ട്.ഒരു കിലോയിൽ താഴെ കഞ്ചാവുമായി പിടിയിലായാൽ ജാമ്യം ലഭിക്കുന്ന രീതിക്ക് മാറ്റം വരുത്താൻ നിയമനിർമ്മാണം നടത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും ൃഷിരാജ് സിംഗ് അറിയിച്ചു.