പെരുന്നാൾ ദിനം കേരളത്തിലെത്താൻ പ്രവാസികൾ പാടുപെടും

റമദാൻ മാസമായതോടെ നാട്ടിലേക്ക് എത്താൻ ശ്രമിക്കുന്ന പ്രവാസികൾക്ക് കനത്ത തിരിച്ചടിയാവുകയാണ് വിമാനടിക്കറ്റ് നിരക്ക്. പെരുന്നാൾ ദിനമാകും എന്ന് കരുതുന്ന ജൂലൈ ആറ് വരെ വിമാനടിക്കറ്റുകളുടെ നിരക്ക് കുത്തനെ കൂടിയിരിക്കുകയാണ്. 2120 മുതൽ 4030 ദിർഹം വരെയാണ് വിവിധ വിമാനക്കമ്പനികളുടെ ഇക്കണോമിക് ക്ലാസ് നിരക്ക്.
ജൂലൈ ആറ് മുതൽ നിരക്ക് കുറയുകയും ചെയ്യുന്നു. 1520 മുതൽ 2130 വരെയാണ് പെരുന്നാളിന് ശേഷമുള്ള ടിക്കറ്റ് നിരക്ക്. കൂടിയ നിരക്ക് എയർ ഇന്ത്യയുടെ അബുദാബി-കൊച്ചി വിമാനത്തിനും കുറഞ്ഞ നിരക്ക് അബൂദാബി – മംഗലൂരു വിമാനത്തിനുമാണ്. മാത്രമല്ല അബൂദാബിയിൽ നിന്ന് കൊച്ചിയിലേക്കും കേരളത്തിലേക്കും ഇനി ജൂലൈ ആറിന് മാത്രമേ ടിക്കറ്റ് ലഭിക്കു.
‘എയർ കേരള’ എന്ന പേരിൽ വിമാന സർവീസ് തുടങ്ങി കേരളത്തിലെ പ്രവാസികളെ കുറഞ്ഞ ചെലവിൽ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ തലത്തിൽ ശ്രമം നടന്നിരുന്നെങ്കിലും അന്താരാഷ്ട്ര സർവീസ് നടത്താൻ ചുരുങ്ങിയത് 20 വിമാനം വേണമെന്ന നിബന്ധനയിൽ അതും പ്രതിസന്ധിയിലാണ്. അഞ്ച് അംഗങ്ങളുള്ള കുടുംബത്തിന് കേരളത്തിലെത്തി പെരുന്നാൾ ആഘോഷിക്കണമെങ്കിൽ കുറഞ്ഞത് രണ്ട് ലക്ഷം രൂപ ചെലവ് വരും. വിമാന ടിക്കറ്റ് നിരക്ക് വർധന മൂലം മിക്ക കുടുംബങ്ങളും വിദേശത്ത് തന്നെ പെരുന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here