എഴുപതുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പോലീസ് കേസെടുത്തില്ലെന്ന് ആരോപണം

നെടുമങ്ങാട് എഴുപതുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കേസെടുക്കാൻ പോലീസ് അനാസ്ഥ കാട്ടിയതായി ആരോപണം.രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. പീഡനശ്രമത്തിനിടെ ക്രൂരമായ മർദ്ദനത്തിനിരയായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തെക്കുറിച്ചുള്ള പരാതിയിന്മേൽ കേസെടുക്കാൻ ലോക്കൽ പോലീസ് തയ്യാറായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇത് പ്രാദേശികതലങ്ങളിൽ വാർത്തയായതോടെ ഉന്നത പോലീസ് വൃത്തങ്ങൾ അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം തെളിവെടുത്തു. അന്വേഷണം ആരംഭിച്ചതായും പ്രതിയെ എത്രയും വേഗം പിടികൂടുമെന്നും റൂറൽ എസ്പി ഷെഫിൻ അഹമ്മദ് അറിയിച്ചു. ഏതെങ്കിലും ഉദ്യോഗസ്ഥൻ ഉത്തരവാദിത്തത്തിൽ വിട്ടുവീഴ്ച വരുത്തിയതായി തെളിഞ്ഞാൽ അയാൾക്കെതിരെ നടപടിയുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.
പീഡനശ്രമത്തിനിടെ ചെറുത്തുനിന്ന വൃദ്ധയെ പരിക്കേൽപ്പിച്ച ശേഷം പ്രതി കടന്നുകളയുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.മെഡിക്കൽ റിപ്പോർട്ടിലും ബലാത്സംഗം നടന്നതായി സൂചനയില്ല.