അന്നത്തെ ദുഫായിക്കാരിയാരുന്നെന്ന് തോന്നുന്നു!!
അസ്ഥികൂടങ്ങളും തലയോട്ടികളും കണ്ടെത്തി എന്നത് അത്ര വലിയ വാർത്തയൊന്നുമല്ല. പുരാവസ്തു വകുപ്പുകാരുടെ ഖനനത്തിനിടയിൽ അതൊക്കെ സർവ്വസാധാരണമാണ്. അവയുടെ കാലപ്പഴക്കവും ആകൃതിയുമൊക്കെ പഠനവിധേയമാകാറുമുണ്ട്.എന്നാൽ,മെക്‌സിക്കോയിൽ കണ്ടെത്തിയ തലയോട്ടിയുടെ കാര്യത്തിൽ വ്യത്യസ്തതയുണ്ട്.വാർത്തയിലിടം നേടാൻ എന്താണിത്ര സവിശേഷത എന്നല്ലേ,കാര്യമുണ്ട്.
മെക്‌സിക്കോയിലെ തിയോത്തിഹുക്കാനിൽ നിന്ന് കണ്ടെടുത്ത ഈ തലയോട്ടിയിൽ മേൽപ്പല്ലുകളുടെ കൂടെയുള്ളത് രണ്ട് രത്‌നക്കല്ലുകളാണ്. സ്വർണപ്പല്ലുകളും വെള്ളിപ്പല്ലുകളുമൊക്കെ മനുഷ്യന്റെ ചിന്തയിലേക്ക് 1600 വർഷം മുമ്പേ എത്തിയിരുന്നു എന്ന അതിശയിപ്പിക്കുന്ന വസ്തുതയിലേക്കാണ് ഇത് വഴിവെക്കുന്നത്.
35 മുതൽ 40 വയസ്സുവരെ പ്രായമുള്ളപ്പോൾ മരിച്ച ഒരു സ്ത്രീയുടേതാവും ഈ തലയോട്ടിയെന്ന് പുരാവസ്തുഗവേഷകർ പറയുന്നു.മേൽപ്പല്ലുകളിൽ രണ്ടെണ്ണം വൃത്താകൃതിയിലുള്ള രത്‌നങ്ങളും താഴത്തെ നിരയിൽ പച്ചനിറത്തിലുള്ള കല്ലുകളുമാണ്.ദക്ഷിണ മെക്‌സിക്കോയിലെയും മധ്യ അമേരിക്കയിലെയും മായൻ വിഭാഗക്കാരാണ് ഇത്തരം ശൈലികൾ അനുകരിക്കാറുണ്ടായിരുന്നതെന്നും ഗവേഷകർ പറയുന്നു.
മെക്‌സിക്കോ നഗരത്തിൽ നിന്ന് 50 കിലോമീറ്റർ വടക്ക്ഭാഗത്തുണ്ടായിരുന്ന തിയോത്തിഹുക്കാൻ നാഗരികസംസ്‌കാരം എട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്താണ് ഇല്ലാതായത്. സൂര്യന്റെയും ചന്ദ്രന്റെയും പിരമിഡുകളാണ് ഇവിടുത്തെ പ്രധാന സവിശേഷത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here