അസമിൽനിന്ന് ആന ഒഴുകിയെത്തിയത് ബംഗ്ലാദേശിൽ

വെള്ളപ്പൊക്കത്തിൽ അസമിൽനിന്ന് ഒലിച്ചുപോയ ആനയെ തിരിച്ചുകൊണ്ടുവരാൻ കേന്ദ്ര തീരുമാനം. വെള്ളപ്പൊക്കത്തെ തുടർന്ന് അസമിൽനിന്ന് ബംഗ്ലാദേശിലേക്ക് ഒലിച്ചുപോയ ആനയെയാണ് മടക്കിക്കൊണ്ടുവരാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.
ഇതിനുള്ള നടപടികളും പൂർത്തിയായി കഴിഞ്ഞു.
ബ്രഹ്മപുത്ര നദിയിലെ വെള്ളപ്പൊക്കത്തിൽ ഒഴുകി പോയ ആനയെ ബംഗ്ലാദേശിലെ അതിർത്തി ഗ്രാമത്തിൽനിന്നാണ് കണ്ടെത്തിയത്. ആന ഭക്ഷണത്തിനായി ഗ്രാമത്തിലേക്ക് എത്തിയതോടെ ഗ്രാമം പരിഭ്രാന്തിയിലായി. ഇതോടെ ആനയ്ക്ക് ഭക്ഷണമില്ലാതായി. തുടർന്നാണ് ആന ബംഗ്ലാദേശിലെ ഗ്രാമത്തിലെത്തിയ വിവരം അധികൃതർ അറിയുന്നത്.
അസമിലെ കാട്ടിലുള്ള ആനകൂട്ടത്തിൽ നിന്ന് പിരിഞ്ഞു പോയ ആന ബംഗ്ലാദേശിൽ ഭക്ഷണമില്ലാതെ ദുരിതത്തിലാണെന്ന് അറിഞ്ഞതോടെയാണ് മടക്കി കൊണ്ടുവരാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പദ്ധതി തയ്യാറാക്കിയത്. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പദ്ധതി അംഗീകരിക്കുകയും ബംഗ്ലാദേശ് ഫോറസ്റ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ചെയ്തു. പ്രത്യേക സംഘത്തിന്റെ സന്ദർശനത്തിന് ബംഗ്ലാദേശിൽ നിന്ന് പൊളിറ്റിക്കൽ ക്ലിയറൻസ് ലഭിച്ചതോടെ ഒരു അസാധാരണ നടപടിയ്ക്ക് ഒരുങ്ങുകയാണ് സർക്കാർ.
പ്രത്യേക സംഘത്തിന്റെ വിസ നടപടികൾക്കായി ആസാം വൈൽഡ് ലൈഫ് വാർഡൻ ശ്രമിക്കുന്നുണ്ട്. അഞ്ചംഗ സംഘം ആഗസ്ത് മൂന്നിന് ബംഗ്ലാദേശിലെത്തിയേക്കും. ബംഗ്ലാദേശ് വനം വകുപ്പ് ഒറ്റപ്പെട്ടുപോയ ആനയെ നിരീക്ഷിച്ചുവരികയാണ്. ജൂൺ 27ന് ആണ് അസമിൽ നിന്ന് ആന വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here