നീതി ഇനിയും അകലെയോ???

സത്‌നാംസിംഗ് എന്ന ബീഹാർ സ്വദേശി ദുരുഹസാഹചര്യത്തിൽ മരിച്ചിട്ട് നാലുവർഷം പിന്നിടുന്നു. വള്ളിക്കാവ് അമൃതാനന്ദമയി ആശ്രമത്തിൽവച്ച് മർദ്ദനമേൽക്കുകയും പിന്നീട് തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ വച്ച് മരിക്കുകയും ചെയ്ത സത്‌നാംസിംഗിന്റെ കുടുംബം വീണ്ടും കേരളത്തിലെത്തിയിരിക്കുകയാണ്,കേസന്വേഷണം നടത്തി നീതി ലഭ്യമാക്കണം എന്ന ആവശ്യവുമായി.
സത്‌നാംസിംഗ് ദുരൂഹസാഹചര്യത്തിൽ മരിക്കാനിടയായതിനെക്കുറിച്ച് സിബിഐയെക്കൊണ്ടോ കേരളാ പോലീസിലെ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥരെക്കൊണ്ടോ അന്വേഷിപ്പിക്കണമെന്നാണ് പിതാവ് ഹരീന്ദർ കുമാർ സിംഗിന്റെയും ബന്ധുക്കളുടെയും ആവശ്യം.
സത്‌നാം മരിച്ചിട്ട് നാലുവർഷമായി. ഇതുവരെ അവന്റെ കൊലപാതകികൾക്ക് അർഹമായ ശിക്ഷ ലഭിച്ചിട്ടില്ല. കുറ്റവാളികൾ ആരെന്ന് എല്ലാവർക്കുമറിയാം.എന്നാലും നിശബ്ദത പാലിക്കുന്നു.
(ഹരീന്ദർ കുമാർ സിംഗ് )
ഇന്ന് സെക്രട്ടറിയേറ്റ് പടിക്കൽ നടക്കുന്ന പ്രതിഷേധ പരിപാടിക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ഇവർ നിവേദനം നല്കും. സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ,മന്ത്രിമാരായ മാത്യു ടി തോമസ്,വി.എസ്.സുനിൽ കുമാർ എന്നിവരുമായും സത്‌നാംസിംഗിന്റെ കുടുംബം കൂടിക്കാഴ്ച നടത്തും. ദുരൂഹമരണത്തെക്കുറിച്ച് പൊതുസമൂഹത്തെ അറിയിക്കാൻ പുസ്തകം പ്രസിദ്ധീകരിക്കുമെന്നും ഇവർ പറയുന്നു.
2012 ആഗസ്ത് ഒന്നിനാണ് ബീഹാർ ഗയ സ്വദേശിയായ നിയമവിദ്യാർഥി സത്‌നാംസിംഗ് വള്ളിക്കാവിലെ അമൃതപുരി ആശ്രമത്തിൽ എത്തിയത്. തുടർന്ന് പരിഭ്രാന്തി പരത്തിയെന്ന് ആരോപിച്ച് അമൃതാനന്ദമയിയുടെ അംഗരക്ഷകർ ഇയാളെ മർദ്ദിക്കുകയും പോലീസ് കസ്റ്റഡിയിലേൽപ്പിക്കുകയും ചെയ്തു. തുടർന്ന് പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ട സത്‌നാംസിംഗ് മൂന്നാം ദിവസം മരിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here