”എന്റെ വിവാഹമാണ്, എല്ലാവരും അനുഗ്രഹിക്കണം”

നടി ശാലു മേനോൻ വിവാഹിതയാവുന്നു എന്ന വാർത്തയ്ക്ക് സ്ഥിരീകരണം. തന്റെ ഫേസ്ബുക്കിൽ വിവാഹക്കുറി പോസ്റ്റ് ചെയ്ത് ഏവരുടെയും അനുഗ്രഹം തേടിയിരിക്കുകയാണ് ശാലു.
സെപ്തംബർ എട്ടിന് ഗുരുവായൂരിൽ വച്ചാണ് വിവാഹം.പതിനൊന്നാം തീയതി ചങ്ങനാശ്ശേരിയിൽ വച്ച് വിവാഹസൽക്കാരവും നടക്കും.കൊല്ലം വാക്കനാട് സ്വദേശി സജി ജി നായരാണ് വരൻ. ശാലു നേതൃത്വം നല്കുന്ന ജയകേരള കലാസമിതിയിലെ അഭിനേതാവാണ് സജി. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
സോളാർ വിവാദത്തിനു ശേഷം അഭിനയരംഗത്ത് അധികം സജീവമാകാതെ നൃത്തപരിപാടികളുമായി തിരക്കിലാണ് ശാലു. മാധ്യമങ്ങളോട് സംസാരിക്കാറുമുണ്ടായിരുന്നില്ല. മാധ്യമങ്ങൾക്ക് അഭിമുഖം നല്കുന്നതിൽ അഭിഭാഷകന്റെ വിലക്കുണ്ടെന്നാണ് സൂചന.ബിജു രാധാകൃഷ്ണനെ പേടിച്ചാണ് ശാലു വിവാഹത്തെക്കുറിച്ച് പോലും കൂടുതൽ പറയാൻ തയ്യാറാവാത്തതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
വിവാഹവാർത്ത പുറത്തെത്തിയെങ്കിലും വരനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിരുന്നില്ല. ഊഹാപോഹങ്ങൾക്ക് അവസാനമിട്ട് ഇന്ന് ശാലു തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ കൂടുതൽ വിവരങ്ങൾ അറിയിക്കുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
ഞാൻ (ശാലു മേനോൻ) അടുത്ത മാസം എട്ടാം തീയതി വിവാഹിതയാവുന്നു. കൊല്ലം, വാക്കനാട് ഗോകുലത്തിൽ ഗോപാല കൃഷ്ണൻ നായരുടെയും വസന്ത കുമാരി അമ്മയുടെയും മകൻ സജി. ജി. നായർ ആണു വരൻ. വിവാഹം സെപ്റ്റംബർ 8 നു ഗുരുവായൂർ ക്ഷേത്രത്തിൽ ബന്ധുമിത്രാദികൾ മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങിൽ നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഏവരുടെയും അനുഗ്രഹാശിസ്സുകൾ പ്രതീക്ഷിക്കുന്നു.
തുടർന്ന് പതിനൊന്നാം തീയതി (ഞായറാഴ്‌ച ആണ്) ചങ്ങനാശ്ശേരി കൊണ്ടൂർ റിസോർട്ടിൽ വച്ചു നടത്തുന്ന വിവാഹ സൽക്കാരത്തിലേക്കു എല്ലാ സുഹൃത്തുക്കളുടെയും സാന്നിധ്യം സദയം ക്ഷണിച്ചു കൊള്ളുന്നു. (നേരിട്ട് അറിയിക്കാൻ വിട്ടുപോയാൽ, ഇത് ഒരു അറിയിപ്പായി കരുതണം എന്നും അപേക്ഷ.)
~ ശാലു മേനോൻ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here