ഭീകരവാദികൾക്കുള്ള മറുപടി തന്റെ ചോരയെന്ന് ഇറോം ശർമ്മിള

ഭീകരവാദികളോട് മറുപടി പറയുന്നത് തന്റെ ചോരകൊണ്ടാവുമെന്ന് മണിപൂരിലെ സാമൂഹ്യ പ്രവർത്തക ഇറോം ശർമ്മിള. 16 വർഷം നീണ്ട സമാനതകളില്ലാത്ത നിരാഹാര സമരം അവസാനിപ്പിച്ചതിന് ഇറോം ഭീഷണി നേരിട്ടിരുന്നു. നിരാഹാരം അവസാനിപ്പിച്ച് മണിപൂർ സ്വദേശിയല്ലാത്തയാളെ വിവാഹം ചെയ്താൽ വധിച്ചുകളയുമെന്നുമ മണിപൂരിൽ പ്രവർത്തിക്കുന്ന ചില ഭീകരസംഘടനകൾ ഭീഷണിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇറോമിൻറെ പ്രതികരണം.
അവരുടെ സംശയങ്ങൾ എൻറെ രക്തം കൊണ്ട് മായ്ച്ചുകളയും. ചിലർക്ക് ഞാൻ ഇപ്പോൾ ചെയ്യുന്നന്തെന്ന് മനസ്സിലാകില്ല. ഗാന്ധിയേയും യേശുവിനേയും കൊന്ന പോലെ അവർ എന്നേയും കൊല്ലട്ടെ.
ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ സമ്മർദമോ ആണോ നിരാഹാരം പിൻവലിക്കുന്നതിന് കാരണമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഇറോം.
നിരാഹാരം പിൻവലിച്ച തന്നെ ചിലർ തെറ്റിദ്ധരിച്ചു. മണിപൂരിലെ അഫ്‌സപ നിയമം പിൻവലിക്കുന്നതിന് അധികാരം ആവശ്യമാണ്. അതിന് വേണ്ടിയാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. ഇത് പോരാട്ടത്തിൻറെ പുതിയ രൂപമാണെന്നും ഇറോം പറഞ്ഞു. മുഖ്യമന്ത്രിയായാൽ താൻ ആദ്യം ചെയ്യുന്ന കാര്യം അഫ്‌സപ പിൻവലിക്കുകയായിരിക്കുമെന്നും ഇറോം ശർമ്മിള വ്യക്തമാക്കി.
ഇറോമിൻറെ സുരക്ഷക്കായി വലിയൊരു സംഘം വനിതാ പൊലീസുകാരെ നിയോഗിച്ചിരുന്നു. എന്നാൽ തനിക്ക് സുരക്ഷയുടെ ആവശ്യമില്ലെന്ന് പറഞ്ഞ ഇറോം ശിഷ്ടകാലം ആശ്രമത്തിൽ ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here