അമ്മാവൻ അങ്കമാലീൽ പ്രധാനമന്ത്രിയായിട്ട് 25 വർഷമായീന്ന്!!

ജോജിയുടെയും നിശ്ചലിന്റെയും ആ കൂട്ടുകെട്ട് നമ്മളെ ചിരിപ്പിച്ചിട്ട് തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടായി. 25 വർഷം മുമ്പ് ഒരു സ്വാതന്ത്ര്യദിനത്തിലാണ് കിലുക്കം തിയേറ്ററുകളിലെത്തിയത്. അന്ന് മുതൽ ഇന്നുവരെ എത്ര കണ്ടാലും മതിവരാത്ത ചിരിച്ചിത്രമായി കിലുക്കം മലയാളിമനസ്സുകളെ കീഴടക്കി. നന്ദിനിത്തമ്പുരാട്ടിയുടെ കുസൃതിയും കുരുത്തക്കേടും ജോജിയുടെയും നിശ്ചലിന്റെയും തമാശകളും കിട്ടുണ്ണിയുടെ ലോട്ടറിമോഹവുമൊക്കെ മലയാളികളെ ഒരുപാട് ചിരിപ്പിച്ചു.
അങ്കമാലീലെ പ്രധാനമന്ത്രി അമ്മാവനാ,കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി,അടിച്ചു മോനേ,ജ്യോതീം വന്നില്ല തീയും വന്നില്ല തുടങ്ങിയ ഡയലോഗുകൾ ഇന്നും മലയാളിയുടെ ദൈനംദിന സംഭാഷണങ്ങളുടെ ഭാഗമാണ്. ചിത്രത്തിലെ പാട്ടുകളും കാലാതീതമായ ഇഷ്ടത്തിന്റെ ഭാഗം തന്നെ.മോഹൻലാൽ,ജഗതി,നന്ദിനി,തിലകൻ,ഇന്നസെന്റ് എന്നിവർക്കു പുറമേ ഹിന്ദി താരം ശരത് സക്സേനയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തി.
പ്രിയദർശൻ കഥയെഴുതി സംവിധാനം ചെയ്ത കിലുക്കത്തിന് വേണ്ടി തിരക്കഥയെഴുതിയത് വേണു നാഗവള്ളി ആയിരുന്നു.ഊട്ടിയും പരിസരപ്രദേശങ്ങളുമായിരുന്നു ലൊക്കേഷൻ.കിലുക്കം മുസ്കുരാഹത്ത് എന്ന പേരിൽ ഹിന്ദിയിലേക്കും അല്ലാരി പിള്ള എന്ന പേരിൽ തെലുങ്കിലേക്കും റീമേക്കു ചെയ്തു. ഇവയും വൻ വിജയങ്ങളായി. പ്രിയദർശന്റെ ആദ്യ ഹിന്ദിചിത്രമാണ് മുസ്കുരാഹത്ത് എന്ന പ്രത്യേകതയുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here