Advertisement

കേരള ക്രിക്കറ്റ് ലീഗ്; പ്രിയദര്‍ശനും ഏരീസ് ഗ്രൂപ്പിനും ടീം

July 19, 2024
Google News 1 minute Read

കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന ടി20 കേരള ക്രിക്കറ്റ് ലീഗിന്റെ ഫ്രാഞ്ചൈസികളെ തെരഞ്ഞെടുത്തു. ചലച്ചിത്ര സംവിധായകൻ പ്രിയദർശൻ , പ്രമുഖ വ്യവസായി സർ സോഹൻ റോയ് തുടങ്ങിയവർ ഫ്രാഞ്ചൈസി സ്വന്തമാക്കി .സെപ്റ്റംബര്‍ രണ്ടു മുതല്‍ തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ സ്പോർട്സ് ഹബ്ബില്‍ നടക്കുന്ന ലീഗ് മല്‍സരങ്ങളില്‍ ആറു ടീമുകളാണ് പങ്കെടുക്കുന്നത്.

എസ്. പ്രിയദര്‍ശന്‍ ജോസ് പട്ടാറ കണ്‍സോര്‍ഷ്യം, സോഹന്‍ റോയ് (ഏരീസ് ഗ്രൂപ്പ്), സജാദ് സേഠ് (ഫൈനസ്സ് കണ്‍സോര്‍ഷ്യം) ടി. എസ്. കലാധരന്‍ (കണ്‍സോള്‍ ഷിപ്പിംഗ് സര്‍വീസ് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ്), സുഭാഷ് ജോര്‍ജ് മാനുവല്‍ (എനിഗ്മാറ്റിക് സ്മൈല്‍ റിവാര്‍ഡ്സ് പ്രൈവറ്റ് ലിമിറ്റഡ്), സഞ്ജു മുഹമ്മദ് (ഇകെകെ ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡ്) എന്നിവര്‍ക്കാണ് ടീമുകളുടെ ഫ്രൈഞ്ചൈസികള്‍ ലഭിച്ചത്. ടീമുകളുടെ പേരും മറ്റും പിന്നീട് തീരുമാനിക്കും.

മത്സര സ്വഭാവമുള്ള ടെന്‍ഡര്‍ നടപടിക്രമങ്ങളിലൂടെയാണ് ആറ് ടീമുകളുടെ ഉടമസ്ഥാവകാശം ലഭിച്ച ഫ്രാഞ്ചൈസികളെ തെരഞ്ഞെടുത്തത്. ആകെ 13 പേരാണ് ഫ്രാഞ്ചൈസിക്കായി അപേക്ഷിച്ചിരുന്നത്. യോഗ്യതാ മാനദണ്ഡങ്ങൾ പൂര്‍ണമായി പാലിച്ച ഏഴുപേരെ ഫൈനല്‍ ബിഡ്ഡിംഗിനായി തെരഞ്ഞെടുത്തു. ഇതില്‍ ഏറ്റവും കൂടിയ തുക ക്വോട്ട് ചെയ്ത ആറു പേര്‍ക്കാണ് ടീം ഫ്രാഞ്ചൈസി ലഭിച്ചിരിക്കുന്നത്.

രജിസ്റ്റർ ചെയ്ത കേരളത്തിലെ താരങ്ങളില്‍നിന്ന് ലേലത്തില്‍ പങ്കെടുക്കാനുള്ള കളിക്കാരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുക്കും. ഫ്രാഞ്ചൈസി ലഭിച്ച ടീം ഉടമകള്‍ കളിക്കാരുടെ ലേലത്തിലൂടെ ഇവരില്‍നിന്ന് അവരവരുടെ താരങ്ങളെ സ്വന്തമാക്കും.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ്. കുമാര്‍, ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ നാസര്‍ മച്ചാന്‍, അംഗം പി.ജെ. നവാസ് എന്നിവര്‍ ബിഡ്ഡ് ഓപ്പണിംഗില്‍ പങ്കെടുത്തു.

Story Highlights : Kerala Cricket League; Priyadarshan and Aries Group team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here