കപ്പിനും ചുണ്ടിനുമിടയിൽ അധികാരം കൈവിട്ട് കണ്ണന്താനം

ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്റർ പദവി കപ്പിനും ചുണ്ടിനു മിടയ്ക്ക് നഷ്ടപ്പെട്ട് അൽഫോൺസ് കണ്ണന്താനം. അൽഫോൺസ് കണ്ണന്താനത്തോട് ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്റർ പദവി വഹിക്കാൻ തയ്യാറെടുത്തുകൊള്ളാൻ രാജ്‌നാഥ് സിങ് തന്നെയാണ് നേരിട്ട് അറിയിച്ചത്. ഇപ്പോഴിതാ കണ്ണന്താനം ആ പദവിയിൽനിന്ന് പുറത്താക്കപ്പെട്ടിരിക്കുന്നു.

പഞ്ചാബിൽ അകാലിദൾ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുമെന്ന് കർശന നിലപാടെടുത്തതോടെയാണ് കണ്ണന്താനത്തിന് പദവി എന്ന തീരുമാനം ബിജെപി മരവിപ്പിച്ചത്. നിയമന തീരുമാനം പുറത്തുവന്നതോടെ അകാലിദൾ പ്രവർത്തകർ പ്രധാനമന്ത്രിയേയും അമിത് ഷായേയും കാണുകയായിരുന്നു.

32 വർഷത്തിന് ശേഷമാണ് ചണ്ഡീഗഡിൽ ഒരു അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാൻ ബിജെപി ഒരുങ്ങുന്നത്. ഇത് ്കാലിദളിനെ ചൊടിപ്പിച്ചു. ഇന്നലെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അൽഫോൺസ് കണ്ണന്താനത്തെ വിളിച്ച് ലഫ്റ്റനന്റ് ഗവർണ്ണർക്കു തുല്യമായ പദവിയിൽ കണ്ണന്താനത്തെ നിയമിക്കാനുള്ള തീരുമാനം അറിയിച്ചിരുന്നു.

മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തതോടെ ബിജെപിയുടെ സഖ്യകക്ഷിയായ അകാലിദൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരികയായരുന്നു. അകാലിദളിനെ വിശ്വാസത്തിലെടുക്കാതെയാണ് അഡ്മിനിസ്‌ട്രേറ്ററുടെ നിയമനം പ്രഖ്യാപിച്ചതെന്ന് അവർ ആരോപിച്ചു.

ഇന്നലെ വൈകിട്ട് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ പ്രധാനമന്ത്രിയെ വിളിച്ച് പ്രതിഷേധം അറിയിച്ചു. ചില അകാലിദൾ നേതാക്കൾ രാജ്‌നാഥ് സിംഗിനെയും അമിത്ഷായെയും കണ്ടു. തുടർന്ന് നിയമനം വേണ്ടെന്നു വെക്കാൻ ബിജെപി രാഷ്ട്രീയ തീരുമാനം എടുക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top