ഇന്ത്യയ്ക്ക് ഒളിമ്പിക്‌സില്‍ ഒരു വെള്ളി കൂടി

അവിചാരിതമായി ഒരു വെള്ളിമെഡൽ ഇന്ത്യക്കു കിട്ടിയത് ഒളിമ്പിക്സ് കഴിഞ്ഞ് നാല് വർഷത്തിന് ശേഷം 

ലണ്ടന്‍ ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ താരം യോഗേശ്വര്‍ ദത്തിന്റെ വെങ്കല മെഡല്‍ വെള്ളിയായി.

2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഈ ഇനത്തില്‍ വെള്ളി നേടിയ റഷ്യന്‍ താരം ബെസിക് കുദുകോവ് ഉത്തേജക പരിശോധനയില്‍ നിരോധിത മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതുസംബന്ധിച്ച് ഒളിമ്പിക് അസോസിയേഷന്റെ അറിയിപ്പ് ലഭിച്ചതായി യോഗേശ്വര്‍ ട്വിറ്ററില്‍ പോസ്റ്റിട്ടു.

നാലു തവണ ലോകചാമ്പ്യനും രണ്ട് തവണ ഒളിമ്പിക് ചാമ്പ്യനുമായ ബെസിക് കുദുകോവ് 2013-ലുണ്ടായ കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി റിയോ ഒളിമ്പിക്‌സിന് മുന്നോടിയായി വീണ്ടും പരിശോധന നടത്തി.

ലണ്ടന്‍ ഒളിമ്പിക്‌സ് സമയത്ത് ശേഖരിച്ച സാമ്പിളാണ് ഇതിനായി ഉപയോഗിച്ചത്.

തുടര്‍ന്ന് കുദുകോവ് ഉള്‍പ്പെടെ അഞ്ച് ഗുസ്തി താരങ്ങള്‍ നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി.

വെള്ളിമെഡല്‍ ലഭിക്കുന്നതോടെ ഒളിമ്പിക്‌സില്‍ വെള്ളി നേടുന്ന ഇന്ത്യയുടെ അഞ്ചാമത്തെ താരവും, ഗുസ്തിയില്‍ വെള്ളി നേടുന്ന രണ്ടാമത്തെ താരവുമാകും യോഗേശ്വര്‍. റിയോ ഒളിമ്പിക്‌സിലും ഗുസ്തിയില്‍ മത്സരിച്ച യോഗേശ്വര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top