ഇത് ഒന്നൊന്നര അനുഭവം- ബാലചന്ദ്രമേനോന്‍

ന്യൂജഴ്സിയിലെ ഡ്യൂക്സ് ഫാമിലൂടെയുള്ള സൈക്ലിംഗ് സമ്മാനിച്ച മറക്കാനാകാത്ത അനുഭവം പങ്കുവച്ച് ബാലചന്ദ്രമേനോന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. പണ്ടത്തെ സൈക്കിള്‍ അനുഭവങ്ങളും ബാലചന്ദ്രമേനോന്‍ പങ്കുവച്ചിട്ടുണ്ട്. സൈക്കിള്‍ ഒരു പ്രായത്തിന്റെ വികാരമാണെന്നും ബാലചന്ദ്ര മേനോന്‍ എഴുതിയിട്ടുണ്ട്.
പല കാലങ്ങളിലായി എങ്ങനെയാണ് സൈക്കിളുകകള്‍ ബാലചന്ദ്രമേനോന്റെ ജീവിതത്തിലൂടെ കയറിയിറങ്ങി പോയതെന്ന് ഈ കുറിപ്പ് വ്യക്തമാക്കും

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

ഇപ്പോൾ ഞാൻ സൈക്കിൾ സവാരി നടത്തുന്നത് ന്യൂ ജെഴ്സിയിലെ ഡ്യൂക്സ് ഫാമിലൂടെയാണ്.

ന്യൂ ജെൻ ഭാഷയിൽ പറഞ്ഞാൽ, അതൊരു ‘ഒന്നു ഒന്നര’ അനുഭവമായിരുന്നു എന്ന് പറയാതെ വയ്യ. ഇടതൂർന്നു വളർന്നു നിൽക്കുന്ന മരങ്ങൾ താലപ്പൊലിയെന്തിനിൽക്കുന്ന മിനുമിനുത്ത ടാറിട്ട റോഡിലൂടെ (നാട്ടിലെ റോഡുകൾ അപ്പോൾ ഞാൻ പണിപ്പെട്ടു മറന്നു ) ആരും കാണാതെയും ഒന്നും ഓർക്കാതെയുമുള്ള ഈ സൈക്കിൾ സവാരി ഞാൻ ഒരിക്കലും മറക്കില്ല അതിനു കാരണക്കാരായ മകൾ ഭാവനയ്ക്കും മരുമകൻ ദീപുവിനുമുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ടു നമുക്ക് മനസ്സുകൾ കൈമാറാം.. എന്താ?

സൈക്കിൾ ഒരു പ്രായത്തിൻ്റെ വികാരമാണ് .

സൈക്കിളിനോട് എനിക്ക് പ്രണയം തോന്നിത്തുടങ്ങിയത് പത്തു വയസ്സുള്ളപ്പോഴാണ് . കർക്കശക്കാരനായ അച്ഛൻെറ കണ്ണ് വെട്ടിച്ചു മൂന്നുമൂലയിലെ സൈക്കിൽക്കാരനെ മണിയടിച്ചു ഞാൻ ഒരു അഭ്യാസിയായി എന്ന് പറയുമ്പോൾ അത് മൂലം ആ കവലയിൽ ഉണ്ടായ അല്ലെങ്കിൽ ഉണ്ടാക്കിയ അനിഷ്ട സംഭവങ്ങൾ സൗകര്യപൂർവ്വം മറക്കുന്നു .

.ഒരു സൈക്കിൾ സ്വന്തമാക്കുക എന്ന എൻ്റെ അപേക്ഷ ‘അമ്മ അച്ഛൻ സമക്ഷം സമർപ്പിച്ചെങ്കിലും ആ ഹർജി നിഷ്ക്കരുണം തള്ളപ്പെട്ടു .ഏക മകന്റെ ജീവനോടുള്ള സ്നേഹവും അതിലേറെ വഴിയാത്രക്കാരുടെ ജീവനെ കുറിച്ചുള്ള ആവലാതിയുമാണ് അച്ഛനെ ആ കടുത്ത തീരുമാനമെടുപ്പിച്ചത് എന്ന് അമ്മ പിന്നീട് പറഞ്ഞറിഞ്ഞു . എന്നാൽ, എൻ്റെ സൈക്കിളിനോടുള്ള അഭിനിവേശം നന്നായി അറിഞ്ഞിരുന്ന അമ്മക്കു വേണ്ടി ‘സൈക്കിളിൽ ആണെങ്കിൽ’ ലോകത്തിൻ്റെ ഏതറ്റം വരെ പോകാനും ഞാൻ തയ്യാറായിരുന്നു . ‘അമ്മ നന്നായി അത് മുതലെടുത്തിരുന്ന കാര്യം ഞാൻ അറിയുന്ന കാര്യം മാത്രം ‘അമ്മ അറിഞ്ഞിരുന്നില്ല ….. പാവം!.

സൈക്കിൾ പ്രണയിക്കുന്നവർക്ക് ഒരു ഊന്നുവടിയാണ് എന്ന് ഞാൻ ഇവിടെ കുറിക്കുമ്പോൾ അനുഭവസ്ഥരായ വായനക്കാർ ആ ദിവസങ്ങളിലേക്കു ഒന്ന് എത്തി നോക്കാൻ കൂടി അപേക്ഷ. . സിനിമാക്കാരും ഈ നിരപരാധിയെ നല്ലവണ്ണം പല ചിത്രങ്ങളിലും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സിനിമയെപ്പറ്റി പറയുമ്പോൾ ഒരു കാര്യം നന്ദിപൂർവം ടി യാനെപ്പറ്റി സൂചിപ്പിച്ചെ പറ്റൂ . നിത്യഹരിതനായകനായ പ്രേംനസിറിനെ ഈയുള്ളവൻ ഈ ജന്മം ആദ്യമായി ജീവനോടെ കാണുവാൻ സ്കൂളിൽ നിന്ന് മൂന്ന് കിലോമീറ്റർ ചവുട്ടി പോയതും പിന്നീട് കാര്യം നിസ്സാരത്തിൽ നസിർ സാർ സൈക്കിൾ ചവുട്ടിപ്പോകുന്ന രംഗം ഷൂട്ട് ചെയ്യുമ്പോൾ ഇക്കാര്യം പറഞ്ഞു തമാശിച്ചതും ഓർമ്മ വരുന്നു ..

ഞങ്ങളുടെ കോളേജ് ജീവിതത്തിലും നിരവധി “മൊട്ടിട്ടതും വിരിഞ്ഞതും കൊഴിഞ്ഞതുമായ ” എത്രയോ പ്രണയങ്ങൾക്കു വേണ്ടി ഈ ‘ഇരുചക്ര ജീവി’ കോളേജ് കാന്റീനിനും ലൈബ്രറിക്കും റെയിൽവേ സ്റ്റേഷനും മുന്നിൽ കാത്തുകിടന്നിട്ടുണ്ട് ( ഇവിടെയും ഇഷ്ടമുള്ളവർക്ക് ഫ്ലാഷ്ബാക്കിലേക്കു സ്വാഗതം )

പ്രണയം കൊടുമ്പിരിക്കൊണ്ടിരുന്ന അന്നത്തെ കാലത്തു കാക്കിയിൽ പൊതിഞ്ഞു സൈക്കിളിൽ എത്തുന്ന പോസ്റ്റുമാൻ എത്ര പ്രിയപ്പെട്ടവനായിരുന്നു ! ( നിങ്ങളുടെ മുഖത്തു പടരുന്ന ചിരി ഞാൻ കാണുന്നുണ്ട് കേട്ടോ …)

ആ സൈക്കിളിൻ്റെ മണിയടി ഓർത്ത് ആരൊക്കെ എത്രത്ര കാത്തിരിന്നിട്ടുണ്ടാവും ! ( ഏതെങ്കിലും ഒരു പോസ്റ്മാനെയെങ്കിലും ഓർമ്മവരുന്നുണ്ടോ ? ഒന്നാലോചിച്ചുനോക്കു )

ഒരാളെ മുന്നിൽ സൈക്കിൾ ബാറിൽ ഇരുത്തി ചവിട്ടാനും ചവിട്ടുന്ന ഒരാളിൻ്റെ മുന്നിൽ ഇരുന്നു ചരിക്കാനും എനിക്കേറെ ഇഷ്ട്ടമായിരുന്നു . ഒരു പ്രായത്തിൽ മാത്രം നാം ആസ്വദിച്ചിരുന്ന ആ ആഡംബരത്തെ ഓർത്താണ് ‘അമ്മയാണ് സത്യം’ എന്ന എൻ്റെ ചിത്രത്തിൽ മുകേഷ് ആനിയെ മുന്നിൽ ഇരുത്തിക്കൊണ്ടുള്ള സൈക്കിൾ സവാരി ഉണ്ടായത് എന്ന് സംശയം തോന്നിപ്പോകുന്നു..

ആദ്യമായി റാലി സൈക്കിളിൽ സ്കൂളിൽ വിരാജിച്ചിച്ചിരുന്ന മെഹബൂബ് എന്ന ചങ്ങാതി…..( പാവം മരിച്ചുപോയി) ).

ജീവിതത്തിൽ ആദ്യമായി പോലീസ് സ്റ്റേഷൻ പരിസരം കാട്ടിത്തന്നതും സൈക്കിൾ തന്നെ…

പോലീസുകാരൻ്റെ തെറിയുടെ സ്വഭാവം എനിക്ക് മനസ്സിലാക്കാനും അന്ന് കഴിഞ്ഞു ..

നിയമ വിരുദ്ധമായി ഞങ്ങൾ മൂന്നുപേർ ഒരുമിച്ചു ഒരു സൈക്കിൾ ലോഡ് അടിച്ചതും കൂട്ടത്തിലൊരുത്തൻ്റെ നാക്കു ശരിയല്ലാത്തതായിരുന്നു കാരണം …

ഒരിക്കലും മറക്കാനാവാത്ത ഒരു ‘ഹീറോ’ യെ എൻ്റെ കൗമാര പ്രായത്തിൽ സമ്മാനിച്ചതും സൈക്കിൾ തന്നെ.

അച്ഛൻ്റെ നാടായ അമ്പലപ്പുഴയിൽ ഓണം അവധിക്കു വന്നപ്പോൾ പടിഞ്ഞാറേ നടയിൽ ഒരു ഗംഭീര സൈക്കിൾ യജ്ഞ പരിപാടി നടന്നു. ദിവസങ്ങളോളം നിർത്താതെ സൈക്കിളിൽ അഭ്യാസങ്ങൾ നടത്തിയിരുന്ന മടക്കി വെച്ച കാലുറകളും ചുവന്ന തൊപ്പിയും ചുണ്ടത്ത് ഫാഷനുവേണ്ടി സിഗരറ്റും ഘടിപ്പിച്ച ആ മാന്ത്രികൻ , ഈശ്വരാ , ഇപ്പോൾ എവിടെ ആണോ എന്തോ ?

വര്ഷങ്ങള്ക്കു ശേഷമാണെങ്കിലും ഒന്ന് സൈക്കിൾ ചവുട്ടിയപ്പോൾ ഇത്രയും ഓർമ്മകൾ ഉരുൾ പോറ്റിവന്നത് എങ്ങിനെയെന്ന് ഒരുപക്ഷെ നിങ്ങൾ കരുതുന്നുണ്ടാവും . അല്ലെ? അദ്ഭുതപ്പെടേണ്ട…

നിങ്ങൾക്കും ഉണ്ടാവും ഇതേ അനുഭൂതി എന്ന് ഞാൻ ഉറപ്പു തരുന്നു .
പക്ഷെ ഒരിക്കലെങ്കിലും ഇവിടെ ന്യൂ ജേഴ്‌സിയിൽ ഡ്യൂക്സ് ഫാർമിൽ വരണം..

ഇതുപോലൊരു കിടിലൻ സൈക്കിൾ വാടകക്കെടുക്കണം

ഈ മനോഹരമായ, മിനുസമായ വഴിത്താരയിലൂടെ തണുത്തു നനുത്ത കാറ്റും കൊണ്ട് ,വഴിയോര മരങ്ങളുടെ താലപ്പൊലിയും കണ്ടാസ്വദിച്ചു ഇങ്ങനെ…..ഇങ്ങനെ….ഒരു സവാരി നടത്തിയാൽ.

എന്താ ഒരു സംശയം ?.

ഇവിടെ ആരും നിങ്ങളെ തുറിച്ചുനോക്കി നിൽക്കില്ല..
എന്താ കാറ് വിറ്റ് ഇപ്പം സൈക്കിളിൽ ആയോ എന്ന് .അന്വേഷിക്കില്ല ….

ഇത് കേട്ട് നാളെ രാവിലെ ഇത് നാട്ടിൽ പരീക്ഷിക്കുന്നത് ആലോചിച്ചു വേണം എതിരെ വരുന്ന ലോറിയെയോ ആനയെയോ നിങ്ങൾ പേടിക്കണ്ട …റോഡിൽ പതുങ്ങിയിരിക്കുന്ന കുഴികളിൽ ഒന്ന് നിങ്ങളുടെ ഓർമ്മകളുടെ സൈക്കിൾ യജ്ഞ സുഖം ക്രൂരമായി അവസാനിപ്പിക്കും ..അതുറപ്പ്…

That’s ALL your honour !

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top