Advertisement

ശ്രീനിവാസനെതിരെ രൂക്ഷ വിമർശനവുമായി ദീപ നിശാന്ത്

October 1, 2016
Google News 2 minutes Read

ആശുപത്രികൾക്ക് പണം ഉണ്ടാക്കാനുള്ള സംവിധാനം മാത്രാണ് അവയവദാനം എന്ന ശ്രീനീവാസന്റെ പ്രസ്താവന വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ദീപ നിശാന്ത് ടീച്ചർ ഫേസ് ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുന്നത്. ‘രക്തബന്ധമുള്ളവരുടെ പോലും അവയവം സ്വീകരിച്ചാൽ ശരീരമത് റിജക്റ്റ് ചെയ്തു കൊണ്ടേയിരിക്കുമെന്ന് ‘ വിളിച്ചുകൂവി ആളുകളെ പിന്തിരിപ്പിക്കാതിരിക്കുക’ എന്നു തുടങ്ങി നടൻ ശ്രീനിവാസന്റെ ചിത്രം അടക്കം ഉപയോഗിച്ച് കൊണ്ടുള്ളതാണ് ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം.

” മാറ്റിവെക്കാൻ അവയവം ലഭിക്കാത്തതു കൊണ്ടു മാത്രം ഓരോ മിനിറ്റിലും ഇരുപതോളം പേർ കൊഴിഞ്ഞു വീഴുന്ന ഒരു ഭൂമിയിലാണ് നാം ജീവിക്കുന്നത്. അവർക്ക് പ്രിയപ്പെട്ടവരുണ്ട്, അവരെ ആശ്രയിച്ച് ജീവിക്കുന്ന ഒരു കുടുംബമുണ്ട്. അവയവദാനം ചെയ്യാൻ നമ്മൾ തയ്യാറല്ലെങ്കിൽ മറ്റുള്ളവരെ അതിനനുവദിക്കുകയെങ്കിലും ചെയ്യുക. ‘ രക്തബന്ധമുള്ളവരുടെ പോലും അവയവം സ്വീകരിച്ചാൽ ശരീരമത് റിജക്റ്റ് ചെയ്തു കൊണ്ടേയിരിക്കുമെന്ന് ‘ വിളിച്ചുകൂവി ആളുകളെ പിന്തിരിപ്പിക്കാതിരിക്കുക.അനാർദ്രമായിരിക്കാനല്ല ഒരു കലാകാരൻ പ്രേരണ നൽകേണ്ടത്. ‘ പുറങ്ങൾ’ എത്ര അകന്നാലും മനുഷ്യരുടെ ‘അക’ങ്ങൾക്ക് അടുക്കാൻ നിരവധി സാധ്യതകളുണ്ട്. ജാതിമതരാഷ്ട്രാതിർത്തികൾക്കപ്പുറം മനുഷ്യരുടെ അകങ്ങൾ അവയവദാനത്താൽ അടുക്കട്ടെ. മാനവികതയുടെ വിശാലലോകങ്ങൾ തുറക്കട്ടെ.. ‘ഒന്നും ശരിയാവാൻ പോവുന്നില്ലെന്ന ‘ നൈരാശ്യബോധം കുത്തിവെച്ച് മനുഷ്യരെ നിരാർദ്രരാക്കാനല്ല കലാകാരൻ യത്നിക്കേണ്ടത്. സാധ്യതകൾ സൃഷ്ടിക്കാനുള്ള ഏത് ശ്രമങ്ങളേയും പ്രോത്സാഹിപ്പിക്കാനാണ്. മാനവിക സമൂഹത്തിൻ്റെ നിലനിൽപ്പിൻ്റെ അനിവാര്യതയാണത്.

കെ.ഇ.എൻ്റെ വാക്കുകൾ കടമെടുക്കട്ടെ;

“മരണം ഒരനിവാര്യതയാണെങ്കിൽ, അവയവദാനവും അത്ര തന്നെ ഒരനിവാര്യതയാണെന്ന് മനുഷ്യരായ മനുഷ്യർക്കൊക്കെയും ആത്മാഭിമാനത്തോടെ പറയാൻ കഴിയണം. മരണം ഒരു ജൈവയാഥാർത്ഥ്യമാണെങ്കിൽ, അവയവദാനം സാംസ്കാരികമായ ഒരാവിഷ്കാരമാണ്. മരണം നമ്മുടെ സമ്മതമില്ലാതെ കടന്നു വരും. എന്നാൽ അവയവദാനം നമ്മുടെ സമ്മതം കാത്ത് ഉമ്മറവാതിലിൽ നിൽക്കുകയാണ്.”

വിജയസാധ്യതകളെക്കുറിച്ച് നമുക്ക് പിന്നീട് ചർച്ച ചെയ്യാം… ആന്തരികാവയവങ്ങൾ മാത്രമല്ല, പല്ലും നഖവും തൊലിയുമടക്കം മറ്റുള്ളവർക്ക് ഉപയോഗപ്രദമാവുന്നതെന്തും എന്നിൽ നിന്നെടുത്തോളൂ എന്ന വിനയപൂർണ്ണമായ അപേക്ഷ ചരിത്രത്തിൽ സമർപ്പിക്കുമ്പോഴാണ് മനുഷ്യരാശിയുടെ ജീവിതം ചൈതന്യ നിർഭരമാകുന്നത്. നമ്മുടെ മൃതദേഹങ്ങൾക്കു പോലും സാമൂഹ്യ പ്രവർത്തനം തുടരാൻ കഴിയുമെന്ന വിശ്വാസത്തിൽ ,പങ്കിടാൻ പറ്റുന്നതെന്തും, പങ്കുവെച്ച് ചിരംജീവികളാകാം…

എന്ന്,

അവയവദാനത്തിൻ്റെ സമ്മതപത്രത്തിൽ കൈവിറയ്ക്കാതെ ഒപ്പിട്ട ‘മഹാതട്ടിപ്പുകാരിൽ ‘ഒരാൾ “

deepa nishanth, sreenivasan, organ donation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here