കേരളത്തിന്റെ പുറത്തു നിന്നും ആദ്യ ഹൃദയം കൊച്ചിയിലേക്ക് ; ഇനി പ്രാർത്ഥനകൾ ജിതേഷിന് വേണ്ടി

കേരളസര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ കെ.എന്‍.ഒ.എസ്. (മൃതസഞ്ജീവനി) വഴി കേരളത്തിന് പുറത്തു നിന്നും ആദ്യ അവയവദാനം കേരളത്തിലേക്ക്. തമിഴ്‌നാട് ഈറോഡ് സ്വദേശിയും കോങ്ങനോട് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയുമായ നിര്‍മ്മല്‍ കുമാറിന്റെ (17) ഹൃദയമാണ് കേരളത്തിലെ രോഗിക്കായി മൃതസഞ്ജീവനി വഴി എത്തുന്നത്. എറണാകുളം സ്വദേശി ജിതേഷിന്(32) ഹൃദയം ചേരുമെന്ന് പരിശോധനകളിൽ സ്ഥിരീകരിച്ചു.

ജിതേഷിന് ഹൃദയം വേണമെന്നാവശ്യപ്പെട്ട് 24 ന്യൂസ് അടക്കം മാധ്യമങ്ങൾ നിരന്തരം വാർത്തകൾ നൽകിയിരുന്നു.

സെപ്റ്റംബർ 27 നു ഈറോഡില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ കുളന്തവേല്‍-ശകുന്തള ദമ്പതികളുടെ മകനായ നിര്‍മ്മല്‍ കുമാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂക്ഷ നല്‍കിയ ശേഷം കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ (രണ്ടാം തീയതി) 5.48ന് നിര്‍മ്മല്‍ കുമാറിന്റെ ആദ്യത്തെ മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് അവയവദാനത്തിന്റെ പ്രസക്തിയെപ്പറ്റി ഡോ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബന്ധുക്കളോട് വിവരിച്ചു. അവയവം ദാനം ചെയ്യാനുള്ള സമ്മതം മാതാപിതാക്കള്‍ അറിയിച്ചതോടെ തമിഴ്‌നാട് സര്‍ക്കാരിന്റെ മസ്തിഷ്‌ക മരണാനന്തര അവയവദാന പദ്ധതിയായ ട്രാന്‍സ്റ്റാനിനെ അക്കാര്യം അറിയിച്ചു. കരളും വൃക്കകളും അതേ ആശുപത്രിയിലെ രോഗികള്‍ക്ക് ചേര്‍ച്ചയായതിനാല്‍ അവര്‍ക്കുതന്നെ നല്‍കി.

എന്നാല്‍ നിര്‍മ്മല്‍കുമാറിന്റെ ഹൃദയം തമിഴ്‌നാട്ടില്‍ ചികിത്സയിലുള്ളവര്‍ക്ക് ചേര്‍ച്ചയില്ലെന്ന് മനസിലാക്കി മൃതസഞ്ജീവനിയെ വിവരം അറിയിക്കുകയായിരുന്നു.

അങ്ങനെയാണ് മൃതസഞ്ജീവനി ടീം അടിയന്തിരമായി ഇടപെടുകയും മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത എറണാകുളം ലിസി ആശുപത്രിയിലെ സൂപ്പര്‍ അര്‍ജന്റ് രോഗിയായ എറണാകുളം സ്വദേശി ജിതേഷിന്(32) ഹൃദയം ചേരുമെന്ന് കണ്ടെത്തിയത്.

തിങ്കളാഴ്ച അതിരാവിലെ രണ്ടുമണിയോടെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം ലിസി ആശുപത്രിയില്‍ നിന്നും പുറപ്പെടും. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ ഹൃദയം എടുക്കാനുള്ള ശസ്ത്രക്രിയ തുടങ്ങും. ഹൃദയം എടുത്തുകഴിഞ്ഞാല്‍ എത്രയും വേഗം സ്വകാര്യ വിമാനത്തില്‍ ഹൃദയം കൊച്ചിയിലെത്തിക്കും. ഈ വിമാനം നേവി എയര്‍ സ്ട്രിപ്പില്‍ ഇറങ്ങാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കോയമ്പത്തൂരില്‍ നിന്നും ഹൃദയം എറണാകുളത്ത് എത്തിക്കുന്നതിനു വേണ്ട എല്ലാ സഹായങ്ങളും ആരോഗ്യ വകുപ്പും സര്‍ക്കാരും എടുത്തുകഴിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top