ശ്രീനിവാസൻ, ഞാൻ ജീവനോടെയുണ്ട്; മാത്യു അച്ചാഡൻ

അവയവദാനത്തെ പരിഹസിച്ച നടൻ ശ്രീനിവാസന് മറുപടിയുമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാഡൻ രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മാത്യു അച്ചാഡൻ ശ്രീനിവാസനെ നിശിതമായി വിമർശിച്ചിരിക്കുന്നത്.

അവയവദാനം ആശുപത്രികൾക്ക് പണം തട്ടാനുള്ള മാർഗ്ഗമാണെന്നായിരുന്നു ശ്രീനിവാസൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ലിസി ആശുപത്രിയിൽ ഹൃദയം സ്വീകരിച്ചയാൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന് തിരക്കി നോക്കണം എന്ന ചോദ്യത്തിന് മറുപടിയായാണ് ആ ഹൃദയം സ്വീകരിച്ച ആളാണ് താനെന്ന ഓർമ്മപ്പെടുത്തലോടെ മാത്യു എത്തിയിരിക്കുന്നത്.

എയർ ആംബുലൻസിൽ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച നീലകണ്ഠശർമ്മയുടെ ഹൃദയം 15 മാസത്തിനിപ്പുറവും തന്റെ നെഞ്ചിനുള്ളിൽ സ്പന്ദിക്കുന്നുണ്ട്. ലിസി ആശുപത്രിയിൽ അന്ന് ഹൃദയം സ്വീകരിച്ചയാൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന് തിരക്കി നോക്കണം എന്ന് താങ്കൾ പരിഹസിച്ചത് തന്നെക്കുറിച്ചാണെന്നും മാത്യു ഫേസ്ബുക്കിൽ കുറിക്കുന്നു.

അവയവ ദാനത്തിന് വലിയ പ്രാധാന്യവും പ്രോത്സാഹനവും ലഭിക്കുന്ന ഈ കാലത്ത് അതിനെ നിരുത്സാഹപ്പെടുത്തുന്ന രീതിയിൽ ശ്രീനിവാസനെപ്പോലുള്ളവർ രംഗത്തെത്തിയതാണ് മാത്യു അച്ചാഡനെ ചൊടിപ്പിച്ചത്. 15 മാസത്തിനിപ്പുറവും താൻ ജീവിച്ചിരിക്കുന്നെന്നും ഒട്ടോ ഓടിച്ച് കുടുംബം പുലർത്തുന്നുവെന്നും അദ്ദേഹം പറയുന്നു.

മരണത്തിന് മുന്നിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴും അവന്റെ അവയവങ്ങൾ ദാനം ചെയ്ത മാതാപിതാക്കളുടെ നാടാണിത്. ദയവു ചെയ്ത് ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തി കരുണ വറ്റാത്ത മനസുകളുടെ പ്രകാശം ഊതിക്കെടുത്തല്ലേ എന്ന അപേക്ഷയോടെയാണ് മാത്യു പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഈയിടെ ഹെലികോപ്ടറിൽ ഹൃദയം കൊണ്ട് വന്ന് ലിസി ആശുപത്രിയിൽ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി. ഹൃദയം തുന്നിച്ചേർത്ത വാർത്ത വലിയ സംഭവമായിരുന്നു. ഹൃദയം സ്വീകരിച്ച ആൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന് ആരും അന്വേഷിക്കുന്നില്ല, എന്നായിരുന്നു ശ്രീനിവാസൻ പറഞ്ഞത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം

പ്രിയ ശ്രീനിവാസൻ , അവയവ ദാനമെന്ന ഏറ്റവും മഹത്തായ പുണ്യ പ്രവർത്തിയെ ഇകഴ്ത്തിക്കൊണ്ട് താങ്കൾ നടത്തിയ പ്രസ്താവന അറിഞ്ഞതുകൊണ്ടാണ് ഹൃദയവേദനയോടെ ഞാനീ കുറിപ്പ് ഇടുന്നത്. എയർ ആംബുലൻസിൽ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച നീലകണ്ഠശർമ്മയുടെ ഹൃദയം 15 മാസത്തിനിപ്പുറവും എന്റെ നെഞ്ചിനുള്ളിൽ സ്പന്ദിക്കുന്നുണ്ട്. ലിസി ആശുപത്രിയിൽ അന്ന് ഹൃദയം സ്വീകരിച്ചയാൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന് തിരക്കി നോക്കണം എന്ന് താങ്കൾ പരിഹസിച്ചത് എന്നെക്കുറിച്ചാണ്. ഞാനാണ് അന്ന് ഹൃദയം സ്വീകരിച്ച മാത്യു അച്ചാടൻ. 15 മാസം മുമ്പ് നടക്കാനോ നിൽക്കാനോ കഴിയാതെ ഏത് നിമിഷവും ജീവൻ നഷ്ടപ്പെടുമെന്ന ഭീതിയിൽ കഴിഞ്ഞിരുന്ന ഞാൻ ഇപ്പോൾ നിങ്ങളെ ഓരോരുത്തരേയും പോലെ സാധാരണ ജീവിതം നയിക്കുകയാണ്. ഓട്ടോറിക്ഷ ഓടിച്ച് സ്വന്തം കാര്യങ്ങൾ ചെയ്യുന്നു. അവയവ ദാനത്തിന് വലിയ പ്രാധാന്യവും പ്രോത്സാഹനവും ലഭിക്കുന്ന ഈ കാലത്ത് അതിനെ നിരുത്സാഹപ്പെടുത്തുന്ന രീതിയിൽ താങ്കളെപ്പോലെ പൊതു ജന സ്വീകാര്യനായ ഒരാൾ പറയുന്നത് സങ്കടകരമാണ്. അവയവം ദാനം ചെയ്ത് മാതൃക കാട്ടുന്നവരേയും അത് സ്വീകരിച്ച് ജീവിതം തിരികെപ്പിടിയ്ക്കുന്ന എന്നെപ്പോലുള്ളവരേയും അത് ഏറെ സങ്കടപ്പെടുത്തും. ഒരു നടൻ എന്ന നിലയിലും, എഴുത്തുകാരൻ എന്ന നിലയിലും താങ്കളെ എറെ ബഹുമാനിക്കുന്ന ഞങ്ങൾ മലയാളികൾ താങ്കളുടെ വാക്കുകൾക്ക് വലിയ പ്രധാന്യംകല്പിക്കുന്നുണ്ടെന്ന്മനസ്സിലാക്കുക. കാര്യങ്ങൾ
അന്വേഷിച്ചും,പഠിച്ചും,മനസ്സിലാക്കിയും പൊതു വേദികളിൽ അവതരിപ്പിക്കണമെന്ന് താങ്കളെ പോലുള്ള ഒരാളോട് പറയേണ്ടി വരുന്നതിൽ എനിക്കു ഖേദമുണ്ട്.മരണത്തിന് മുന്നിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴും അവന്റെ അവയവങ്ങൾ ദാനം ചെയ്ത മാതാപിതാക്കളുടെ നാടാണിത്. ദയവു ചെയ്ത് ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തി കരുണ വറ്റാത്ത മനസുകളുടെ പ്രകാശം ഊതിക്കെടുത്തല്ലേ….

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top