ഖസാക്കിന്റെ ഇതിഹാസം പുനർനിർമ്മിക്കുന്നതിന് വിലക്ക്

വിഖ്യാത സാഹിത്യകാരൻ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ നാടകാവിഷ്‌കാരം പ്രദർശിപ്പിക്കുന്നതിന് വിലക്ക്. ഡൽഹി ഹൈക്കോടതിയാണ് നാടകത്തിന്റെ പ്രദർശനം തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയത്. നാടകത്തിൻറെ അണിയറ പ്രവർത്തകർ പകർപ്പവകാശം ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഒ.വി.വിജയൻറെ മകൻ മധു വിജയൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.
ഒ.വി.വിജയന്റെ മരണശേഷം അദ്ദേഹത്തിൻറെ കൃതികളുടെയെല്ലാം പകർപ്പവകാശം മധുവിനാണ്. എന്നാൽ അദ്ദേഹത്തിൻറെ അനുമതി വാങ്ങാതെ ഖസാക്ക് നാടകമാക്കുകയും കേരളത്തിനകത്തും പുറത്തും പലവേദികളിലും അവതരിപ്പിക്കപ്പെടുകയും ചെയ്തതിനെതിരെയാണ് മധു കോടതിയെ സമീപിച്ചത്.
നാടകത്തിന്റെ സംവിധായകൻ ദീപൻ ശിവരാമൻ നോവലിന്റെ പകർപ്പവകാശം വാങ്ങിയില്ലെന്നും മധു പറയുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടാകാതെ വന്നതോടെയാണ് മധു കോടതിയെ സമീപിച്ചത്. മധുവിൽ നിന്ന് നാടകാവിഷ്‌കാരത്തിനുള്ള അനുമതി വാങ്ങിക്കൊള്ളാമെന്ന് ദീപൻ ഇ മെയിൽ വഴി പ്രതികരിച്ചെങ്കിലും അതുണ്ടായില്ലെന്നാണ് പരാതി.
നവംബർ 11 മുതൽ 13 വരെ ബോംബെയിൽ നാടകം അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് അണിയറപ്രവർത്തകർ. അതിനിടയിലാണ് മധു കോടതിയെ സമീപിച്ചത്. ഏറഎ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നാടകമായിരുന്നു ദീപൻ ശിവരാമന്റെ ഖസാക്കിന്റെ ഇതിഹാസം.
ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഖസാക്കിൻറെ ഇതിഹാസം മറ്റേതെങ്കിലും രൂപത്തിൽ പുനർനിർമിക്കുന്നതോ പ്രദർശിപ്പിക്കുന്നതോ സംപ്രേഷണം ചെയ്യുന്നതോ അവതരിപ്പിക്കുന്നതോ തടഞ്ഞുകൊണ്ടാണ് ഹൈകോടതിയുടെ ഉത്തരവ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here