അവർ വരുന്നു,മുസിരിസിനെ ഖസാക്ക് ആക്കാൻ…

“കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ സ്ഥലം രവിയ്ക്ക്അപരിചിതമായിത്തോന്നിയില്ല. അങ്ങിനെ പടർന്നു പന്തലിച്ച മാവുകൾക്കിടയിൽ നാലഞ്ച്ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം.വരുംവരായ്കകളുടെ ഓർമ്മകളിലെവിടെയോ മാവുകളുടെ ജരയും ദീനതയുംകണ്ടുകണ്ടു ഹൃദിസ്ഥമായിത്തീർന്നതാണു. കനിവു നിറഞ്ഞ വാർദ്ധക്യം, കുഷ്ഠം പറ്റിയവേരുകൾ, എല്ലാമതുതന്നെ…..”

 

 

രവിയും ഖസാക്കും അക്ഷരങ്ങളിലൂടെ മനസ്സിലേക്ക് യാത്രതുടങ്ങുന്നതിങ്ങനെയാണ്. അതിരുകളില്ലാത്ത ഖസാക്ക് ഉള്ളില്‍ ഒളിപ്പിച്ചിരുന്നത് എത്രയെത്ര വിസ്മയങ്ങളായിരുന്നു!! കൊടുങ്ങല്ലൂരെന്ന പഴയ മുസിരിസും അങ്ങനെതന്നെയാണ്. ആഴത്തിലേക്ക് ചെല്ലുന്തോറും കൂടുതല്‍ കൂടുതല്‍ വെളിവാകുന്ന പഴമയുടെ പ്രൗഢി. 2500 വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള മുസിരിസ്…ഇതിഹാസസമാനമായ ചരിത്രമുറങ്ങുന്ന മുസിരിസ്…ഈ ഇതിഹാസഭൂമികയിലേക്ക് ഇന്ന് രവിയും മൈമുനയും അള്ളാപ്പിച്ചാ മൊല്ലാക്കയും അപ്പുക്കിളിയുമൊക്കെ എത്തും,മുസിരിസില്‍ ഖസാക്കിനെ കണ്ടെത്തും.khasak-6-1024x577

ഏത് നാട്ടിലും ഒരു ഖസാക്കുണ്ട്. അത് വെറുമൊരു സ്ഥലമല്ല,ഒരു സംസ്‌കാരമാണ്. ഖസാക്കിന്റെ ഇതിഹാസം നാടകാവിഷ്‌കാരം കൊടുങ്ങല്ലൂരിലെത്തുമ്പോള്‍ ഓര്‍മ്മിപ്പിക്കുന്നത് ഈ സത്യത്തെയാണ്. ദീപന്‍ ശിവരാമന്റെ സംവിധാനത്തില്‍ തൃക്കരിപ്പൂര്‍ കെ.എം.കെ സ്മാരക കലാസമിതിയുടെ നേതൃത്വത്തിലാണ് ഒ.വി.വിജയന്റെ അതുല്യകൃതിക്ക് രംഗാവിഷ്‌കാരം ഒരുക്കിയത്. തൃക്കരിപ്പൂരിന്റെ മണ്ണില്‍ ആദ്യം ഖസാക്ക് പുനരാവിഷ്‌കരിച്ചത് സെപ്തംബര്‍ 13 മുതല്‍ 16 വരെയായിരുന്നു. അന്ന് ലഭിച്ച ജനപ്രീതി ഡിസംബര്‍ 22 മുതല്‍ 26 വരെ വാണ്ടും നാടകത്തെ അരങ്ങിലെത്തിച്ചു.തുടര്‍ന്ന് തൃശ്ശൂരില്‍ നടന്ന അന്താരാഷ്ട്ര തിയേറ്റര്‍ ഫെസ്റ്റിലും ഇതിഹാസമായി ഖസാക്ക്. അവിടെ നിന്നുമാണ് കൊടുങ്ങല്ലൂരിലേക്കുള്ള ഈ പ്രയാണം. ഖസാക്കിലെ കരിമ്പനകളെ കൊടുങ്ങല്ലൂരിലേക്ക് പറിച്ചുനടാനുള്ള ആദ്യ തീരുമാനം കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടേതായിരുന്നു. സാംസ്‌കാരിക സാമൂഹിക മേഖലകളില്‍ സജീവമായവരുടെ കൂട്ടായ്മയായി അവര്‍ ആ ആഗ്രഹത്തെ മാറ്റിയെടുത്തു. സംവിധായകന്‍ കമലിന്റെ നേതൃത്വത്തിലുള്ള ബഹദൂര്‍ അനുസ്മരണ സമിതി കൂടി പദ്ധതിയില്‍ ഭാഗമായതോടെ ഒരു ചരിത്രദൗത്യത്തിന് നാടൊരുങ്ങുകയായിരുന്നു.khasak-16-1024x576

കൊടുങ്ങല്ലൂരെ ചുവരായ ചുവരെല്ലാം ഖസാക്കിന്റെ ഓര്‍മ്മപ്പെടുത്തലായി. ഒരുമാസത്തോളം നീണ്ടുനിന്ന ചിത്രകലാ കാംപയിന്‍….ചിതലിമലയിലെ ശെയ്ഖിന്റെ മിനാരങ്ങളും രാജാവിന്റെ പള്ളിയും ഖസാക്കിലെ കരിമ്പനകളും എല്ലാം വരകളിലൂടെ പുനര്‍ജനിച്ചു.എന്തിനധികം പറയുന്നു,നൈജാം ഫോട്ടോ പതിനൊന്നാം നമ്പര്‍ ബീഡിയുടെ പരസ്യം വരെ ചുവരിലിടം പിടിച്ചു.പ്രചരണപരിപാടികളുടെ ഭാഗമാകാന്‍ ഒരേ മെയ്യും മനസ്സുമായി കൊടുങ്ങല്ലൂരുകാര്‍.kasak-3

അവരുടെ ആ പരിശ്രമങ്ങള്‍ക്കാണ് ഇന്ന് ക്ലൈമാക്‌സാവുന്നത്. വൈകിട്ട് അഞ്ചരയ്ക്ക് കൊടുങ്ങല്ലൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനത്ത് ഖസാക്കിന്റെ ഇതിഹാസമെത്തും.നാളെയും മറ്റന്നാളും വൈകിട്ട് ആറരയ്ക്കാണ് പ്രദര്‍ശനം. അരീന തിയേറ്റര്‍ സങ്കേതങ്ങളുപയോഗിച്ച് പ്രേക്ഷകരുമായി നേരിട്ട് സംവദിക്കുന്ന തരത്തിലാണ് നാടകം ഒരുക്കിയിരിക്കുന്നത്. വെളിച്ചവിന്യാസം,മഴ,കാറ്റ് തുടങ്ങിയവയൊക്കെ കാഴ്ച്ചകാരന് വേറിട്ട അനുഭവം സമ്മാനിക്കും. ദില്ലി അംബേദ്കര്‍ സര്‍വ്വകലാശാലയിലെ പെര്‍ഫോര്‍മിങ്ങ് ആര്‍ട്‌സ് വിഭാഗം അസി.പ്രൊഫസറും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായ നാടകസംവിധായകനുമാണ് ദീപന്‍ ശിവരാമന്‍.മലയാളത്തിന്റെ എക്കാലത്തെയും മികവുറ്റ കൃതിയെ നാടകരൂപത്തിലെഴുതിയതും ദീപന്‍ തന്നെ. വയാറ്റുമ്മല്‍ ചന്ദ്രന്റേതാണ് സംഗീതം.ജോസ് കോശി ദീപാലങ്കാരം നിര്‍വഹിക്കുന്നു.രാജീവന്‍ വെള്ളൂര്‍,കെ.വി.കൃഷ്ണന്‍,വിജയന്‍ അക്കാളത്ത്,സി.കെ.സുധീര്‍,രാജേഷ് മുട്ടത്ത്,ഡോ.താരിമ,ശ്രീജ,അശ്വതി തുടങ്ങിയവരാണ് അഭിനേതാക്കള്‍.12899683_679205658888462_1003084434_n

ഇനി കാത്തിരിപ്പിന്റെ ഏതാനും മണിക്കൂറുകള്‍ മാത്രം. കൊടുങ്ങല്ലൂരിന്റെ മണ്ണില്‍ നിന്ന് ഖസാക്ക് ഉയര്‍ന്നുവരും.മുസിരിസില്‍ സംസ്‌കാരപ്പെരുമയുടെ പുതിയ കയ്യൊപ്പ് ചാര്‍ത്താന്‍,മറ്റൊരു ഇതിഹാസമാവാന്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top