Advertisement

ഖസാക്കിന്റെ ഇതിഹാസകാരനെ ഓർക്കുമ്പോൾ …

March 30, 2016
Google News 1 minute Read

”നാമൊക്കെ വാക്കുകൾ  പണിയുന്ന തച്ചന്മാരാണ്.ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ നൂറ്റാണ്ടുകളിലൂടെ കൊച്ചുളിയും ചെറുചുറ്റികകളുമായി അലസമായി പണി ചെയ്യുന്നു.വലിയ സന്ദേഹങ്ങളില്ലാതെ സൃഷ്ടിയുടെ നോവുകളില്ലാതെ ഈ ശരാശരിത്വം തുടര്‍ന്നുപോവുന്നതിന്റെ ചരിത്രമാണ് നമ്മുടെ സാഹിത്യം.ഇവിടെ മരത്തിന്റെ മാറ്റ് മനസ്സിലാവാതെ പോവുന്നത് തച്ചന്മാർ  തന്നെ” ഇങ്ങനെ പറഞ്ഞ് ഓര്‍മ്മകളുടെ കരിമ്പനക്കാട്ടിലേക്ക് ഒ.വി.വിജയൻ മറഞ്ഞിട്ട് ഇന്നേക്ക് 11 വര്‍ഷം.

ഒ.വി.വിജയൻ മലയാളത്തിന് ഇതിഹാസകാരൻ തന്നെയായിരുന്നു.അക്ഷരങ്ങളിലൂടെ,വരകളിലൂടെ,ദര്‍ശനങ്ങളിലൂടെ മലയാളത്തിന് അതുല്യമായ സംഭാവനകൾ നല്കി കാലയവനികയിലേക്ക് മറഞ്ഞ അപൂര്‍വ്വവ്യക്തിത്വം. ആദ്യനോവല്‍ കൊണ്ട് തന്നെ തിരുത്തപ്പെടാനാവാത്ത വിധം സാഹിത്യലോകത്ത് അടയാളപ്പെടുത്തപ്പെട്ട ആ പ്രതിഭ കാലാതിവര്‍ത്തിയായ സാഹിത്യബിംബമാവുന്നതും അതുകൊണ്ട് തന്നെ. മലയാളനോവല്‍ സാഹിത്യത്തെ ഖസാക്ക് പൂര്‍വ്വകാലഘട്ടമെന്നും ഖസാക്കാനന്തര കാലഘട്ടമെന്നും നെടുകേ പകുത്ത മാന്ത്രികതയായിരുന്നു ഒ.വി.വിജയൻ. 1969ല്‍ ഖസാക്കിന്റെ ഇതിഹാസം പ്രസിദ്ധീകരിച്ചതിനു ശേഷം എത്രയെത്ര നോവലുകൾ മലയാളത്തിൽ വന്നുപോയി. എന്നിട്ടും,തസ്രാക്കിനെ ഖസാക്കാക്കി മാറ്റിയ ആ ഇതിഹാസകഥയ്ക്ക് പ്രൗഢി കുറഞ്ഞതേയില്ല.ov

എഴുത്തും വരയും ഒരുപോലെ വഴങ്ങുമായിരുന്ന ആ കൈകളിൽ നിന്ന് പിറന്നുവീണതൊക്കെയും മലയാളികൾ നെഞ്ചേറ്റി. ഗുരസാഗരവും,മധുരം ഗായതിയും,ധര്‍മ്മപുരാണവും,തലമുറകളും എല്ലാം അതിന്റെ ഭാഷാ പരമായ സവിശേഷതയും ചിന്താധാരയിലെ വ്യത്യസ്തതയും കൊണ്ട് മികച്ചുനിന്നു.അപ്പോഴും ആദ്യ നോവലായ ഖസാക്കിന്റെ ഇതിഹാസമാണ് വിജയന്റെ മാസ്റ്റര്‍പീസ് എന്നതില്‍ ആസ്വാദകലോകത്തിന്് തര്‍ക്കമില്ല. ഭാഷാപരവും പ്രമേയപരവുമായ ഒന്നത്യം എക്കാലത്തും അതിനെ ഏറ്റവും മികച്ചതാക്കി. അന്നു വരെയുണ്ടായിരുന്ന സാഹിത്യസങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് രവി എന്ന നായകന്‍ വായനക്കാരുടെ മനസ്സെന്ന ഖസാക്കിലേക്ക് വന്നിറങ്ങിയത്. ആ വരവ് ആദ്യം അമ്പരപ്പും ആശങ്കയും ഉണ്ടാക്കിയെങ്കിലും അപഥസഞ്ചാരിയായ,നെഗറ്റീവ് ടച്ചുള്ള ആ നായകനെ പിന്നീടവര്‍ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു. പിന്നീടിന്നോളം ഖസാക്കിനെ വായിച്ച ആരും രവിയെ സംശയത്തോടെ നോക്കിയില്ല. അപരിചിതമായ വാക്കുകളും ശൈലികളും നിറഞ്ഞ അത്ഭുതമായിരുന്നു ഖസാക്കിന്റെ ഇതിഹാസം. പുതുമയും പൂര്‍ണതയും നിറഞ്ഞ ബിംബങ്ങള്‍ ഖസാക്കിന്റെ മാത്രം മുഖമുദ്രയായി. നിത്യജീവിത യാഥാര്‍ഥ്യങ്ങളും മിത്തുകളും മെറ്റാഫിസിക്‌സും ഫിലോസഫിയുമൊക്കെ ഇത്രമേല്‍ സമര്‍ഥമായി ഇഴ ചേര്‍ത്തിരിക്കുന്ന മറ്റൊരു മലയാളനോവല്‍ ഇല്ലെന്ന് തന്നെ പറയാം.വിമര്‍ശനങ്ങള്‍ക്കും വിശകലത്തിനും ഗവേഷണത്തിനും പലകുറി വിധേയമായി ഖസാക്ക് ഓരോ തവണയും പുതിയ പുതിയ തലങ്ങളില്‍ അത്ഭുതമായി.ഓരോ തവണയും വിമര്‍ശനശരങ്ങള്‍ ഏല്‍ക്കുമ്പോഴും സ്‌നേഹപൂര്‍വ്വം പുഞ്ചിരിയോടെ വിജയന്‍ അവയെല്ലാം നേരിട്ടു.പുരസ്‌കാരങ്ങളഉടെ തണല്‍പറ്റാനും അദ്ദേഹം ഒരിക്കലും നിന്നു കൊടുത്തിരുന്നില്ല.അര്‍ഹതയുണ്ടായിട്ടും ലഭിക്കാതെ പോയ ജ്ഞാനപീഠമോര്‍ത്ത് ആരോടും കലഹിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഒരര്‍ഥത്തില്‍ ആ ജ്ഞാനപീഠത്തിനും മേലെയാണ് വായനക്കാര്‍ മനസ്സുകളില്‍ ഒവി വിജയനു നല്‍കിയിരിക്കുന്ന ഇരിപ്പിടം.

രവി,അള്ളാപ്പിച്ചാ മൊല്ലാക്ക,മൈമുന,അപ്പുക്കിളി,നൈജാമലി,കുപ്പുവച്ഛന്‍ അങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍ നോവലുകളില്‍ നിന്ന് ഇറങ്ങിവന്ന് വായനക്കാരോട് ഇന്നും സംവദിക്കുന്നു. മലയാളികളോട് അത്രമേല്‍ ആഴത്തില്‍ കൂട്ടുകൂടിയ മറ്റ് കഥാപാത്രങ്ങള്‍ ഉണ്ടോ എന്ന് പോലും സംശയമാണ്. രവിയും അപ്പുക്കിളിയും അള്ളാപ്പിച്ചാ മൊല്ലാക്കയും അടക്കമുള്ളവര്‍ ഏകതാനമായ വിഷാദത്തിന്റെ ഭാവം ഉള്‍ക്കൊള്ളുമ്പോള്‍ മൈമുനയുടേത് ജീവിതത്തിന്റെ ഓരോ നിമിഷങ്ങളെയും പ്രണയിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന വിജയിയുടെ ഭാവമാണ്.നിസംഗതയും നിര്‍മമതയും അവലളുടെ സ്വത്വമായിരുന്നു എന്നതും ശ്രദ്ധിക്കപ്പെട്ടു.കര്‍മ്മബന്ധത്തിന്റെ സമസ്യകളോ കെട്ടുപാടുകളോ ഇല്ലാതെ ഖസാക്കിന്റെ മണ്ണില്‍ പ്രലോഭനം നിറച്ചുവച്ച കൈയ്യിലെ നീല ഞരമ്പുകളുമായി ഇന്നും അവള്‍ വേറിട്ടൊരു കരിമ്പനയായി നിലകൊള്ളുന്നു.ഖസാക്കിനെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലില്ലാതെ ഒ വി വിജയനെക്കുറിച്ച് പറയാന്‍ കഴിയുമോ?കഴിഞ്ഞേക്കും. എന്നാല്‍,ഖസാക്കിന്റെ കഥ പറയാതെ വിജയനെക്കുറിച്ച് പറയുക എന്നത് പൂരിപ്പിക്കാനാവാത്ത സമസ്യ പോലെയാണ്.

കരിമ്പനകളില്‍ കാറ്റു പടരുന്ന പാലക്കാടന്‍ മണ്ണുമായി വിജയനുണ്ടായിരുന്നത് അഭേദ്യമായ ബന്ധമായിരുന്നു. കാര്‍ട്ടൂണിസ്റ്റായി അന്യ ദേശങ്ങളില്‍ അലഞ്ഞപ്പോഴും ഡല്‍ഹിയില്‍ സ്ഥിരതാമസമായിരുന്നപ്പോഴും മനസ്സില്‍ പ്രചോദനമായി പാലക്കാടന്‍ പ്രകൃതി നിറഞ്ഞുനിന്നു. തസ്രാക്ക് ഖസാക്കായതും ഇങ്ങനെതന്നെ. “ചിലപ്പോള്‍ ഞാന്‍ നിര്‍വൃതി അനുഭവിക്കുന്നു.പാലക്കാടന്‍ നാട്ടിന്‍പുറത്തൂടെ ആള്‍ത്തിരക്കില്ലാത്ത കഴിഞ്ഞ കാലങ്ങളില്‍ ചാന്തും സിന്ദൂരവും ചില്ലു കണ്ണാടിയും വിറ്റു നടക്കുന്ന വയനവാണിഭക്കാരന്റെ സ്വാതന്ത്ര്യം” എന്ന് തലമുറകളില്‍ വിജയന്‍ പറഞ്ഞിട്ടുമുണ്ട്.

സമകാലിക വിഷയങ്ങളിലും തന്‍േതായ ആശയങ്ങളെ വ്യക്തമായും ശക്തമായും രേഖപ്പെടുത്തിയിരുന്നു അദ്ദേഹം. രാഷ്ട്രീയപരമായി രാജ്യത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന തരത്തിലുള്ള ഏതൊരു സമീപനത്തെയും വാക്കുകള്‍ കൊണ്ട് അദ്ദേഹം എതിര്‍ത്തു.അത് ആര്‍ക്ക് നേരെ ചൂണ്ടുന്ന വിരലാവുമെന്ന് ചിന്ത അദ്ദേഹത്തെ ഭയപ്പെടുത്തിയിരുന്നില്ല. ഭൂമിക്കു വേണ്ടിയും പ്രകൃതിക്കു വേണ്ടിയും വിജയന്‍ ശബ്ദമുയര്‍ത്തി.ഭുമിയുടെ വേദന തന്റെ കൂടി വേദനയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.ദര്‍ശനങ്ങളിലൂടെ സമൂഹത്തെ ശരിയായ ചിന്താധാരകളിലേക്ക് ഉയര്‍ത്താന്‍ ശ്രമിച്ച എഴുത്തുകാരന്‍ കൂടിയായിരുന്നു ഒ.വി.വിജയന്‍.
എഴുതാന്‍ അക്ഷരങ്ങള്‍ ബാക്കിയാക്കി ഖസാക്കിന്റെ ഇതിഹാസകാരന്‍ നടന്നകന്നു. കരിമ്പനകളില്‍ കാറ്റുവീശുന്ന ഖസാക്കിന്റെ മണ്ണില്‍ ഇപ്പോഴും ആ ശബ്ദം മാറ്റൊലി കൊള്ളുന്നുണ്ട് “എന്റെ ഭാഷ,മലയാളം,ആ വലിയ ബധിരതയിലേക്ക് നീങ്ങുന്നു.എനിക്ക് എന്റെ ഭാഷയെ തിരിച്ചുതരിക” എന്ന്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here