തെരഞ്ഞെടുപ്പ് പത്രികയിൽ ജയലളിതയുടെ വിരലടയാളം; ആരോഗ്യ നിലയിൽ പുരോഗതിയെന്ന് സൂചന

ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിലമെച്ചപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിൽ തെരഞ്ഞെടുപ്പ് പത്രികയിൽ ജയലളിത വിരലടയാളം പതിച്ചു.
നവംബർ 19 ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എഐഎഡിഎംകെ സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദ്ദേശ പത്രികകളിൽ പാർട്ടി ജെനറൽ സെക്രട്ടറി കൂടിയായ ജയലളിതയുടെ വിരലടയാളമാണ് പതിപ്പിച്ചത്.

ഫോട്ടോ: ടൈംസ് ഓഫ് ഇന്ത്യ
തെരഞ്ഞെടുപ്പ് ചട്ടപ്രകാരം സ്ഥാനാർത്ഥികൾ നൽകുന്ന പത്രികയിൽ പാർട്ടി നേതാവിന്റെ വിരലടയാളമോ ഒപ്പോ ഉണ്ടാകണം. തമിഴ്നാട്ടിൽ മൂന്നിടങ്ങളിലും പുതുച്ചേരിയിൽ ഒരിടത്തും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
മുഖ്യമന്ത്രി ശ്വാസനാളത്തിൽ ട്യൂബിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നത് (ട്രക്കിയോട്ടമി) എന്ന ഡോക്ടറുടെ സാക്ഷ്യപത്രവും ഇതിനൊപ്പമുണ്ട്. വലതുകൈ ഉപയോഗിച്ച് ഒപ്പിടാനാകില്ലെന്നും അതുകൊണ്ട് തന്റെ സാന്നിദ്ധ്യത്തിൽ ഇടത് കൈ വിരൽ അടയാളമാണ് പതിപ്പിച്ചിരിക്കുന്നതെന്നും സാക്ഷ്യപത്രത്തിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here