പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; മരണകാരണം തലയ്ക്കേറ്റ അടി

മദ്യപിച്ച് വാഹനമോടിച്ച കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. തലക്കേറ്റ അടിയാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. കുണ്ടറ, പെരിനാട് തൊണ്ടിറക്ക് മുക്കിന് സമീപം പുത്തൻ വീട്ടിൽ കുഞ്ഞുമോൻ (39)ആണ് മരിച്ചത്.
മദ്യപിച്ച് സ്കൂട്ടറോടിച്ചതിന് പിഴ അടയ്ക്കാത്തതിനാൽ ഒക്ടോബർ 22 ന് രാത്രി ഒരുമണിയോടെയാണ് കുഞ്ഞുമോനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിലിരിക്കെയാണ് കുഞ്ഞുമോൗന് സുഖമില്ലാതായതും ആശുപത്രിയിലെത്തിച്ചതും.
കസ്റ്റഡിയിലെടുത്തതിന് പിറ്റേദിവസം 3000 രൂപ അടച്ചിരുന്നു. തുടർന്ന് കുഞ്ഞുമോന് സുഖമില്ലെന്ന് പറഞ്ഞ് 10 മണിയോടെ വീട്ടിലേക്ക് ഫോൺ വരികയായിരുന്നു എന്ന് കുഞ്ഞുമോന്റെ അമ്മ ചെല്ലമ്മ പറഞ്ഞു.
താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു. അവിടെനിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആരാണ് തലയ്ക്കടിച്ചത് എന്ന് ഡോക്ടർ ചോദിച്ചപ്പോഴാണ് മകന്റെ തലയ്ക്കടിയേറ്റ വിവരം അറിയുന്നതെന്നും ചെല്ലമ്മ പറഞ്ഞു.
ഒക്ടോബർ 26ന് മെഡിക്കൽ കോളേജിൽവെച്ചാണ് കുഞ്ഞുമോൻ മരിക്കുന്നത്. പോലീസ് കസ്റ്റഡിയിലാണ് കുഞ്ഞുമോന് മർദ്ദനമേറ്റതെന്നും വേണ്ട നടപടി സ്വീകരിക്കണമെന്നും ബന്ധുക്ഖളും നാട്ടുകാരും പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here