പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സംഭവം; വ്യാഴാഴ്ച റിപ്പോർട്ട് സമർപ്പിക്കും

വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ രാധാകൃഷ്ണനെതിരായ അന്വേഷണ റിപ്പോർട്ട് സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷ്ണർ ബാബുരാജ് വ്യാഴാഴ്ച സമർപ്പിക്കും. സാങ്കേതിക കാര്യങ്ങൾ അന്വേഷിക്കാനുള്ളതിനാൽ ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം നീട്ടി ചോദിക്കുകയായിരുന്നു.
സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസാണ് സിറ്റി പൊലീസ് കമ്മീഷ്ണർ ഡോ. ഹിമേന്ദ്രനാഥിന് പരാതി നൽകിയത്. ഇക്കാര്യമുന്നയിച്ച് ബി.ജെ.പിയും ഡി.ജി.പിയെ സമീപിച്ചിരുന്നു. പരാതി അന്വേഷിക്കുന്ന സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി ബാബുരാജ് ഇന്നലെ റിപ്പോർട്ട് നൽകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും കേസെടുക്കുന്ന കാര്യത്തിൽ സിറ്റി പൊലീസ് മേധാവി തീരുമാനം കൈക്കൊള്ളുക.
അതേസമയം യുവതിയുടെയും ഭർത്താവിന്റെയും മൊഴികൾ രേഖപ്പെടുത്തിയ എ.എസ്.പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൊഴിയുടെ നിയമ സാധുത കൂടി പരിഗണിച്ചാവും പ്രതികളിലേക്ക് എത്തുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here