Advertisement

ഗീതാ ഗോപിനാഥിന്റെ അഭിപ്രായത്തോട് ഐസക്കിന്റെ പ്രതികരണം ആരാഞ്ഞ് ചെന്നിത്തല

November 26, 2016
1 minute Read
chennithala

നോട്ട് പിൻവലിക്കൽ നടപടി ധീരമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ അഭിപ്രായം തന്നെയാണോ ധനകാര്യമന്ത്രി ടി എം തോമസ് ഐസക്കിനുമെന്ന് ചെന്നിത്തല. ഐസകിന്റെ നിലപാട് അറിയാൻ താൽപര്യമുണ്ടെന്ന് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

നവഉദാരവത്ക്കരണത്തിന്റെ ശക്തയായ വക്താവായ ഗീതാ ഗോപിനാഥിനെ ഉപദേശകയാക്കിയാൽ ഇതായിരിക്കും ഫലമെന്ന് അന്നേ വി.എസ്.അച്യുതാനന്ദൻ ഉപദേശിച്ചതാണെന്നും ചെന്നിത്തല. സംസഹകരണമേഖലയെ തകർക്കാനുള്ള ശ്രമത്തിനെതിരെ സ്ഥാനത്ത് മുഖ്യമന്ത്രിയടക്കമുള്ളവർ പ്രതിഷേധം നടത്തുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഇത്തരത്തിൽ പ്രതികരിച്ചിരിക്കുന്നതെന്നും ചെന്നിത്തല

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കൽ ധീരമായ നടപടിയെന്ന മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ വിലയിരുത്തൽ അസ്സലായിട്ടുണ്ട്. നവഉദാരവത്ക്കരണത്തിന്റെ ശക്തയായ വക്താവായ ഗീതാ ഗോപിനാഥിനെ ഉപദേശകയാക്കിയാൽ ഇതായിരിക്കും ഫലമെന്ന് അന്നേ വി.എസ്.അച്യുതാനന്ദൻ ഉപദേശിച്ചതാണ്. വി.എസ് ഉപദേശിച്ചതു കൊണ്ടു പിണറായി അത് കേട്ടില്ല. അതിന്റെ ഫലം ഇപ്പോഴെങ്കിലും പിണറായിക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നു. മോദിയുടെ നോട്ട് പരിഷ്‌ക്കരണം കാരണം ഇന്ത്യയിലെ സാധാരണക്കാരും പാവപ്പെട്ടവരും തീരാദുരിതത്തിലും പട്ടിണിയിലുമായപ്പോഴാണ് അത് ധീരമായ നടപടി എന്ന് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് വാഴ്ത്തിയത്. കേരളത്തിന്റെ സാമ്പത്തിക ഘടനയുടെ നട്ടെല്ലായ സഹകരണ പ്രസ്ഥാനം നിശ്ചലമായിക്കിടക്കുന്നത് കാരണം ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിതം വഴിമുട്ടി നിൽക്കുകയാണ്. സംസ്ഥാനത്തെ ഉല്പാദന മേഖലയും സ്തംഭിച്ച് കിടക്കുന്നു. ഇതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും റിസവ്വ് ബാങ്കിന് മുന്നിൽ സമരം നടത്തുക പോലും ചെയ്തു. മാത്രമല്ല, മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർവ്വ കക്ഷി സംഘത്തെ കാണുന്നതിന് പ്രധാന മന്ത്രി വിസ്സമ്മതിച്ചു. തിങ്കളാഴ്ച സംസ്ഥാനത്ത് ഇടതുമുന്നണി ഹർത്താലും നടത്തുകയാണ്. അപ്പോഴാണ് പ്രധാന മന്ത്രിയുടെ നടപടി ധീരമാണെന്ന് മുഖ്യമന്ത്രിയുടെ ഉപദേശക പറയുന്നത്. സംസ്ഥാനത്തിന്റെ ജീവൽപ്രശ്‌നത്തിൽ ഇങ്ങനെ ഒരു നിലപാടെടുത്ത ഗീതാഗോപിനാഥിന്റെ ഉപദേശം വിശാലമായ കാഴ്ചപ്പാടിലാണ് മുഖ്യമന്ത്രി നോക്കിക്കാണുന്നത്. ഹാർവാർഡ് സർവ്വകലാശാലാ പ്രൊഫസർക്ക് അങ്ങനെ പറയാം എന്നാണ് മുഖ്യമന്ത്രി സമാധാനിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്കിനും അത് തന്നെയാണോ അഭിപ്രായമെന്ന് അറിയാൻ താല്പര്യമുണ്ട്.

chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top