Advertisement

2016 ലെ സിനിമ കാഴ്ച്ചകൾ

December 31, 2016
1 minute Read
major happenings in film industry 2016

സിനിമാ ലോകത്ത് ഒട്ടേറെ സംഭവവികാസങ്ങൾ നടന്ന വർഷമായിരുന്നു 2016. ഡികാപ്രിയോയ്ക്ക് ഓസ്‌കാർ ലഭിച്ചതും, ആഞ്ചലീന ബ്രാഡ്പിറ്റ് ദമ്പതികൾ പിരിഞ്ഞതും അവയിൽ ചിലത് മാത്രം. 2016 ൽ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സംഭവങ്ങളിലൂടെ….

 1. ലിയോണാർഡോ ഡികാപ്രിയോ ഓസ്‌കാറിൽ മുത്തമിട്ടു

ലോകപ്രശസ്ഥ നടൻ ലിയോണാർഡോ ഡികാപ്രിയോ ഓസ്‌കാറിൽ മുത്തമിട്ടതാണ് സിനിമാ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവം. 1997 ലെ ടൈറ്റാനിക് എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയ അദ്ദേഹം പിന്നീടങ്ങോട്ട് അഭിനയത്തിന്റെ പലതലങ്ങൾ കാഴ്ച്ചവെച്ചുവെങ്കിലും, വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഡികാപ്രിയോക്ക് ഓസ്‌കാർ ലഭിച്ചത്.

2. ആഞ്ജലീന-ബ്രാഡ്പിറ്റ് ദമ്പതികൾ പിരിഞ്ഞു

ആഞ്ജലീന ജോളി-ബ്രാഡ്പിറ്റ് ദമ്പതികളുടെ വിവാഹ മോചനം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ബ്രാഞ്ജലീന എന്നാണ് ഇരുവരെയും വിളിച്ചിരുന്നത്.  ഏറെ വർഷങ്ങളായി ഒരുമിച്ച് ജീവിക്കുകയായിരുന്നുവെങ്കിലും, ഓഗസ്റ്റ് 2014 ലാണ് ഇരുവരും വിവാഹിതരായത്. വർഷങ്ങളോളം നീണ്ട് നിന്ന ദാമ്പത്യത്തിന് ശേഷം സെപ്തംബർ 15 നാണ് ഇരുവരും പിരിഞ്ഞത്.

3. ജാക്കി ചാനെ തേടി ഓസ്‌കാർ എത്തി

ലോകപ്രശസ്ഥ ഹോങ്ങ് കോങ്ങ് നടൻ ജാക്കി ചാനെ തേടി ഓസ്‌കാർ പുരസ്‌കാരം എത്തിയത് മറ്റൊരു സുപ്രധാന സംഭവമായിരുന്നു. 200 സിനിമകളും, അതിലുപരി പരിക്കുകൾക്കും ശേഷം ഒടുവിൽ തന്നെ തേടി ഈ പുരസ്‌കാരം വന്നുവെന്നായിരുന്നു താരത്തിന്റെ പ്രതികരണം.

4. എസ് ജാനകി സംഗീത ജീവിതം അവസാനിപ്പിച്ചു

 
സെപ്തംബർ മാസത്തിൽ സംഗീത ലോകത്തെ ഞെട്ടിച്ച വാർത്തയായിരുന്നു തെന്നിന്ത്യയുടെ വാനമ്പാടി എസ് ജാനകി ഇനി പാടില്ലെന്നത്. ഇതോടെ 60 വർഷം നീണ്ടു നിന്ന സംഗീത ജീവിതത്തിനാണ് ജാനകിയമ്മ വിരാമമിട്ടത്.

അനൂപ് മേനോനും മീരാ ജാസ്മിനും നായികാ നായകൻമാരാകുന്ന 10 കൽപനകൾ എന്ന ചിത്രത്തിൽ ഒരു താരാട്ടുപാട്ടുപാടിയാണ് ജാനകി അമ്മ തന്റെ ഗാനസപര്യ അവസാനിപ്പിക്കുന്നത്.

5. കബാലി ഡാ

രജനികാന്ത് നായകനായി എത്തിയ കബാലി സൃഷ്ടിച്ച തരംഗം ചെറുതൊന്നുമായിരുന്നില്ല. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം ജൂലൈ 22 ന് പുറത്തിറങ്ങി ആദ്യവാരം തന്നെ സിനിമ വാരിയത് 320 കോടി രൂപയാണ്. യൂറോപ്പിലെ ഏറ്റവും വലി തിയേറ്ററായ പാരീസിലെ ഗ്രാന്റ് റെക്‌സിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഒപ്പം വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ നൂറ് കോടി ക്ലബിൽ കയറുന്ന ആദ്യ സിനിമയായി മാറി.

6. പാക് താരങ്ങൾക്ക് വിലക്ക്

ഇന്ത്യയിൽ പാക് താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയത് മറ്റൊരു പ്രധാന വിഷയമായിരുന്നു. ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാക് ബന്ധം മോശമായ സാഹചര്യത്തിലാണ് പാക് അഭിനേതാക്കളെ വിലക്കണമെന്ന ആവശ്യം ഉയർന്നത്. ഇതെ തുടർന്ന് അജയ് ദേവ്ഗൺ താൻ പാക് താരങ്ങളോടൊപ്പം അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഇതിന് ചുവട് പിടിച്ച് സംവിധായകൻ കരൺ ജോഹറും തന്റെ ചിത്രത്തിൽ പാക് താരങ്ങളെ അഭിനയിപ്പിക്കില്ലെന്ന് പറഞ്ഞിരുന്നു. ഒരു അപ്രഖ്യാപിത വിലക്കായാണ് ഇത് നിലനിന്നത്.

7. ബോളിവുഡിൽ ഗുസ്തി മയം: ദംഗൽ-സുൽത്താൻ റിലീസ്

ഗുസ്തി പ്രമേയമാക്കി ബോളിവുഡിന്റെ മസിൽ മന്നൻ സൽമാൻ ഖാൻ തകർത്തഭിനയിച്ച സുൽത്താൻ തരംഗമായത് പിന്നാലെയാണ് സമാന പ്രമേയവുമായി ആമിറിന്റെ ദംഗലും എത്തുന്നത്. ത്രീ ഇഡിയറ്റ്‌സിന് ശേഷം മിസ്റ്റർ പെർഫക്ഷനിസ്റ്റ് ആമിർ ഖാന്റെ തിരിച്ചുവരവ് രേഖപ്പെടുത്തിയ ചിത്രമായിരുന്നു ദംഗൽ. വെറും മൂന്നു ദിവസം കൊണ്ട് 100 കോടിയാണ് ദംഗൽ വാരിയത്. സുൽത്താൻ ഇതുവരെ നേടിയത് 570 കോടി രൂപയാണ്. ഈ റെക്കോർഡ് ദംഗൽ തകർക്കുമോയെന്ന് കാത്തിരുന്നു കാണണം.

8. ഗ്ലാബൽ ഗുഡ്‌വിൽ അംബാസിഡറായി പ്രിയങ്ക ചോപ്ര

ക്വന്റികോ, ബേവാച്ച് എന്നീ ചിത്രങ്ങളിലൂടെ ഭാരതത്തിന്റെ പേര് വിദേശ രാജ്യങ്ങളിലും എത്തിച്ച ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്രയെ ഗ്ലാബൽ ഗുഡ്‌വിൽ അംബാസിഡറായി തെരഞ്ഞെടുത്തത് ഡിസംബർ 13 നാണ്. യൂണിസെഫിന്റെ 70 ആമത് വാർഷികാഘോഷത്തിലാണ് പ്രിയങ്ക ചോപ്രയെ ബാലാവകാശത്തിന്റെ ഗുഡ്‌വിൽ അംബാസിഡറായി തിരഞ്ഞെടുത്തത്.

9.കമൽ ഹാസൻ-ഗൗതമി വേർപിരിഞ്ഞു

ആഞ്ചലീന ജോളിയുടെയും ബ്രാഡ്പിറ്റിന്റെയും വിവാഹമോചന വാർത്ത കേട്ട അതേ ഞെട്ടലോടെയാണ് കമൽഹാസൻ ഗൗതമി എന്നിവരുടെ വേർപിരിയൽ വാർത്തയും നാം അറിഞ്ഞത്. 13 വർഷമായി ലിവിങ്ങ് ടുഗതർ ആയിരുന്ന ഇവർ പിരിയുന്നുവെന്ന വാർത്ത ട്വിറ്ററിലൂടെ ഗൗതമി തന്നെയാണ് പുറത്ത് വിട്ടത്.

10. അമല പോൾ-വിജയ് ഡിവോഴ്‌സ്

ചുരുങ്ങിയ കാലം കൊണ്ട് ആരാധകരെ സൃഷ്ടിച്ച തെന്നിന്ത്യൻ താരമാണ് മലയാളിയായ അമലാ പോൾ. സംവിധായകൻ എ എൽ വിജയ്യുമായുള്ള പ്രണയവും വിവാഹവുമെല്ലാം മാധ്യമങ്ങളും സിനിമാ ലോകവും ആഘോഷമാക്കുകയും ചെയ്തു. എന്നാൽ പിന്നീട് പുറത്ത് വന്നത് ഇരുവരുടെയും വിവാഹമോചന വാർത്തയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top