കലക്ടർ ബ്രോയ്ക്ക് പകരം വയനാട്ടുകാരൻ കലക്ടർ
കോഴിക്കോട്ടുകാർക്ക് കലക്ടർ എന്നാൽ ‘ദ കിങ്’ എന്ന മമ്മൂട്ടി ചിത്രത്തിലെ ഇടയ്ക്കിടയ്ക്ക് തലമുടി തട്ടിമാറ്റി സെൻസും സെൻസിബിലിറ്റിയും പഠിപ്പിക്കുന്ന തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സിനെ പോലെ ഒരു കിടിലൻ കലക്ടർ തന്നെയാണ്. അങ്ങനെ സ്വപ്നം കണ്ടിരിക്കെയാണ് കോഴിക്കോട്ടുകാരുടെ മനസ്സിലേക്ക് കലക്ടർ ബ്രോ എൻ പ്രശാന്ത് എത്തുന്നത്.
സാധാരണക്കാർക്ക് വേണ്ടി ഇറങ്ങിയതോടെ കോഴിക്കോട്ടുകാരുടെ മാത്രമല്ല, കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും ഹരമായി എൻ പ്രശാന്ത്. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിൽ കലക്ടർ ബ്രോയെ സ്ഥലംമാറ്റിയതിന്റെ വിഷമത്തിലാണ് അദ്ദേഹത്തെ സ്നേഹിക്കുന്ന കോഴിക്കോട്ടുകാർ. ആരുടെയൊക്കെയോ സമ്മർദ്ദത്തിന്റെ ഫലമാണ് പ്രശാന്തിന്റെ സ്ഥലംമാറ്റമെന്നാണ് പരക്കെ പ്രചരിക്കുന്നത്. എന്നാൽ തന്റെ സ്ഥലംമാറ്റം സ്വാഭാവികം മാത്രമാണെന്നാണ് കലക്ടർ ബ്രോ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
കലക്ടർ ബ്രോയ്ക്ക് പകരം എത്തുന്നത് വയനാട്ടിന്റെ മണ്ണിൽനിന്ന് മാനന്തവാടി വള്ളിയൂർക്കാവ് സ്വദേശിയായ യുവി ജോസ് ഐഎഎസ് ആണ്. നിലവിൽ കേരള ടൂറിസം ഡയറക്ടറാണ് യുവി ജോസ്. കോട്ടയം ജില്ലാ കലക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസ് ഡയറക്ടർ, ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ ഡയറക്ടർ, കേരള സംസ്ഥാന ഐറ്റി മിഷൻ കോഓർഡിനേറ്റർ, വയനാട്/ പത്തനംതിട്ട ജില്ലാ ടൗൺ പ്ലാനർ എന്നീ നിലകളിലും യുവി ജോസ് പ്രവർത്തിച്ചു.
മാനന്തവാടി വള്ളിയൂർക്കാവ് കണ്ണിവയൽ ഊർപ്പള്ളി വർക്കിയുടെ മകനാണ് ജോസ്. സിവിൽ എഞ്ചിനീയറിംഗ് ബിരുദം, എം.ബി.എ, റീജയണൽ പ്ലാനിംഗിൽ ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതകളുള്ള യുവി സി.ഡബ്ല്യൂ.ആർ.ഡി.എം , നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫി ഗോവ എന്നീ ഗവേഷണ സ്ഥാപനങ്ങളിലും, എയർ ട്രാവൽ എന്റർപ്രൈസസിന്റെ പ്രസിഡന്റ്, ഹോസ്പിറ്റാലിറ്റി ആന്റ് കൺസൾട്ടൻസി വിഭാഗം ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ; പീസമ്മ ജോസ്, മക്കൾ; ഡീൻ ജോസ്, പൂജാ ജോസ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here