Advertisement

അന്ന് ജയലളിത ഇന്ന് പനീർശെൽവം

February 18, 2017
1 minute Read
similarities between confidance motion 2017 and 1988

തമിഴ്‌നാട് നിയമസഭയിൽ ഇന്ന് അരങ്ങേറിയത് തികച്ചും നാടകീയമായ സംഭവങ്ങളാണ്. ഇന്ന് നടന്ന സംഭവങ്ങൾ എൺപതുകളിലെ ഒരു ഫഌഷ്ബാക്ക് പോലെ തോന്നാം. കാരണം 1988ൽ ജാനകി രാമചന്ദ്രൻ വിശ്വാസവോട്ട് തേടിയ ദിവസവുമായി ഒട്ടേറെ സാദൃശ്യങ്ങളുണ്ട് ഇതിന്.

വിശ്വാസ വോട്ടെടുപ്പിനായി ഇന്ന് രാവിലെ 11 മണിക്ക് ചേർന്ന നിയമസഭയിൽ രഹസ്യവോട്ടെടുപ്പ് വേണമെന്ന് ഒപിഎസ് പക്ഷം ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് സ്റ്റാലിനും, മുസ്ലീം ലീഗും രംഗത്ത് എത്തിയരുന്നു.

പിന്നീട് കയ്യാങ്കളിയിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്.
ഡിഎംകെ അംഗങ്ങൾ സ്പീക്കറുടെ മേശയും കസേരയും തകർക്കുകയും സ്പീക്കർക്ക് നേരെ കടലാസ് ചുരുട്ടി എറിയുകയും, ഇരിപ്പിടങ്ങളിൽ കയറി നിൽക്കുകയും ചെയ്തു.

നിലവിൽ ധനപാലനണ് സ്പീക്കർ എങ്കിൽ 1988ൽ സ്പീക്കർ സ്ഥാനത്ത് പോൾ ഹെക്ടർ പാണ്ഡിയനായിരുന്നു. ഇന്ന് പളനിസ്വാമിയാണ് വിശ്വാസ വോട്ട് തേടിയതെങ്കിൽ അന്ന് വിഎൻ ജാനകി ആയിരുന്നു. പനീർശെൽവത്തിന് പകരം അന്ന് ജയലളിതയും.

1988 ജനുവരി 28 നാണ് ഇന്നത്തേത് പോലൊരു ദിവസം തമിഴ്‌നാട് രാഷ്ട്രീയത്തിൽ ആദ്യമായി സംഭവിക്കുന്നത്. അന്നുവരെ എംജിആറിന്റെ കയ്ക്കുള്ളിൽ ഭദ്രമായിരുന്ന തമിഴ്‌നാട് രാഷ്ട്രീയം അദ്ദേഹത്തിന്റെ മരണത്തോടെ തർക്കങ്ങൾക്ക് വഴിയൊരുക്കി.

ജനുവരി 28 ന് സ്പീക്കർ പോൾ ഹെക്ടർ പാണ്ഡ്യന്റെ നേതൃത്വത്തിൽ വിശ്വാസവോട്ടെടുപ്പിന് സഭ ചേർന്നു. 9.40 ജാനകി സഭയിൽ എത്തിച്ചേർന്നിരുന്നു. 10 മണിക്ക് ചേർന്ന സഭയിൽ തികച്ചും നിനച്ചിരിക്കാതെയായിരുന്നു സ്പീക്കറുടെ ആ പ്രഖ്യാപനം വന്നത്. 5 കോൺഗ്രസ് എംഎൽഎമാർ തങ്ങളുടെ സീറ്റ് ഒഴിയുന്നതായി അറിയിച്ചിരിക്കുന്നു. പിന്നീട് ഒരുമണി വരെ ഭ നിറുത്തിവെച്ചു.

ഈ സമയം ജാനകി അധികാരത്തിലേറാനുള്ള തന്ത്രങ്ങൾ മെനയുകയായിരുന്നു. ഡിഎംകെ, കമ്മ്യൂണിസ്റ്റ്, ജനതാ പാർട്ടി അംഗങ്ങളെ സ്വാധീനിക്കാൻ അവർ ശ്രമിച്ചുവെങ്കിലും ശ്രമം നടന്നില്ല. എന്നരുന്നാലും ജാനകിയുടെ വിജയം സുനിശ്ചിതമായിരുന്നു. കാരണം, ജയലളിതയുടെ പക്ഷം 33 എംഎൽഎമാരും ജാനകിയുടെ പക്ഷത്ത് വൻ ഭൂരിപക്ഷവും ഉണ്ടായിരുന്നു.

ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് സഭ വീണ്ടും ചേർന്നു. ഇന്ന് പേപ്പർ ചുരുട്ടിയെറിഞ്ഞും, മൈക്ക് തകർത്തുമായിരുന്നു പ്രതിഷേധപ്രകടനങ്ങൾ എങ്കിൽ അന്ന് പേപ്പർ വെയിറ്റുകൾ, ചെരുപ്പുകൾ എന്നിവയെറിഞ്ഞും, മൈക്രോഫോൺ നശിപ്പിച്ചും, കസേരകളെറിഞ്ഞുമായിരുന്നു അക്രമണം. എന്തിനേറെ ജാനകി പക്ഷമായിരുന്ന എംഎൽഎ, അണിഞ്ഞിരുന്ന മുണ്ട് മടക്കി കുത്തി ഡെസ്‌കിന്റെ മുകളിൽ കയറി നിന്ന് കോൺഗ്രസ് എംഎൽഎമാരെ ബലപരീക്ഷണത്തിന് വെല്ലുവിളിക്കുക പോലും ഉണ്ടായി.

അസംബ്ലിക്കകത്ത് പ്രവേശിച്ച പോലീസിന്റെ ലാത്തി ചാർജിൽ 6 എംഎൽഎമാർക്ക് ഗുരുതര പരിക്കേൽക്കുകയും, 15 എംഎൽമാർക്ക് ചെറിയ പരിക്കേൽക്കുകയും ചെയ്തു.

ജാനകിയുടെ പക്ഷമായിരുന്ന ചില എംഎൽഎമർ അന്ന് പതിനൊന്നാം മണിക്കൂറിൽ കൂറുമാറി. കൂറുമാറൽ നിയമപ്രകാരം അന്ന് ജാനകി പക്ഷത്തേയും ജയലളിത പക്ഷത്തേയും നിരവധി എംഎൽഎമാരെ സ്പീക്കർ പുറത്താക്കി. അതുവഴി അന്നത്തെ സ്പീക്കർ രചിച്ചത് തമിഴ്‌നാട് രാഷ്ട്രയിത്തിലെ പുതിയ ചരിത്രവുമായിരുന്നു.

ജാനകിയുടെ വിജയം ഉറപ്പാക്കേണ്ടിയരുന്നത് കോൺഗ്രസിന്റെ കൂടി ആവശ്യമായിരുന്നു. അതുകൊണ്ട് തന്നെ രാജീവ് ഗാന്ധി മുമ്പ് വിളിച്ചു ചേർത്ത യോഗത്തിൽ ഇക്കാര്യം പറയുകയും ചെയ്തിരുന്നു. കാരണം തമിഴ്‌നാട്ടിൽ അന്ന് കോൺഗ്രസിന്റെ നിലനിൽപ് ഡിഎംകെയെ ചുറ്റിപറ്റിയായിരുന്നു. ഒപ്പം ഇന്ത്യ-ശ്രീലങ്കൻ പ്രശ്‌നം കൊടുമ്പിരി കൊണ്ടിരുന്ന സമയത്ത് തമിഴ്ജനതയെ കൂടെ നിർത്തുക കോൺഗ്രസിന് അത്യാവശ്യമായരുന്നു.

വിശ്വാസവോട്ട് നേടിയ ജാനകി എന്നാൽ 24 ദിവസം മാത്രമേ തമിഴ്‌നാട് ഭരിച്ചുള്ളു. തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കുറവ് സമയം ഭരിച്ചതും ജാനകിയായിരുന്നു.

similarities between confidance motion 2017 and 1988

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top