ഹസ്സൻ വിളിച്ചു; മാണി വിളികേട്ടില്ല

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കോൺഗ്രസ് കൂട്ട് വിട്ട് കെ എം മാണി പടിയിറങ്ങിയിട്ട് ഒരു വർഷം തികയാൻ ഇനിയും മൂന്ന് മാസം ബാക്കിയുണ്ട്. 2016 ഓഗസ്റ്റിൽ മാണി പാർട്ടി വിടുമ്പോൾ പിന്നിൽനിന്ന് ഒന്ന് വിളിക്കാൻ അന്ന് എം എം ഹസ്സൻ എന്നല്ല, ആരുംതന്നെ ഉണ്ടായിരുന്നില്ല. മാണിയുടെ പടിയിറക്കം എന്തിനെന്ന് അറിയില്ലെന്നായിരുന്നു നേതാക്കളുടെ പ്രതികരണം.
ബാർ കോഴ കേസിൽ എക്സൈസ് മന്ത്രി ബാബുവിന് കിട്ടിയ പിന്തുണ പോലും അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന കെ എം മാണിയ്ക്ക് കിട്ടിയിരുന്നില്ല എന്നും ബാർ കോഴയിൽ മാണിയെ കുടുക്കാൻ മുന്നണിയ്ക്കുള്ളിൽ തന്നെ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവും നിലനിന്നിരുന്നു. എന്നിട്ടും മുന്നണി വിട്ട മാണിയുടെ പ്രശ്നങ്ങൾ തീർക്കാൻ വൃഥാ ഒരു ചർച്ച പോലും നടത്തിയില്ല ഐക്യ ജനാധിപത്യ മുന്നണി.
നിയമസഭയിൽ ലഡ്ഡു വിതരണം ചെയ്യാൻ വരെ അവസരം നൽകിയ മാണിയ്ക്ക് ഒടുവിൽ രാജി വച്ച് പുറത്തിരിക്കേണ്ടി വന്നു. മനസ്സാക്ഷിയ്ക്ക് തോന്നാത്തതുകൊണ്ട് രാജി വയ്ക്കാതിരുന്ന മുഖ്യന്റെ മന്ത്രിസഭയിലായിരുന്നിട്ടുകൂടി സീസറിന്റെ ഭാര്യാ പ്രയോഗത്തിൽ മാണി പടിയ്ക്ക് പുറത്തായി. അന്ന് താങ്ങാനോ തണലാകാനോ കോൺഗ്രസിൽനിന്ന് ആരും ഓടിയെത്തിയില്ല. കുഞ്ഞുമാണിയെ സഹായിക്കാൻ കുഞ്ഞൂഞ്ഞോ കുഞ്ഞാലിയോ ഉണ്ടായില്ല.
ഇപ്പോൾ മലപ്പുറം തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാണ് കോട്ടയത്തെ കുറിച്ച് കോൺഗ്രസിന് ഉൾവിളി വന്നതെന്ന് തോനുന്നു. മാണിയുടെ പിന്തുണ യുഡിഎഫിന് വേണമെന്നും മാണി തിരിച്ച് വരണമെന്നും കെപിസിസിയുടെ പുതിയ അധ്യക്ഷൻ എം എം ഹസ്സൻ പറഞ്ഞിരിക്കുന്നു. മാണി തിരിച്ച് വരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടത്രേ… ആരാണ് ഈ എല്ലാവരും എന്നത് എം എം ഹസ്സന് നിശ്ചയമുണ്ടോ ആവോ… എം എം ഹസ്സൻ പറഞ്ഞ് തീരും മുമ്പേ പി ടി തോമസ് എം എൽ എ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിക്കഴിഞ്ഞു…
എന്നാൽ ഇനി ഒരു മടങ്ങി വരവില്ലെന്നാണ് മാണി ക്യാമ്പിന്റെ ‘ഇപ്പോഴത്തെ’ നിലപാട്. ചരൽക്കുന്ന് ക്യാമ്പിലെ തീരുമാനത്തിന് 9 മാസത്തിനിടെ മാറ്റമുണ്ടായിട്ടില്ല. മലപ്പുറം തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചതൊഴിച്ചാൽ മാണിയുടെ ഭാഗത്തുനിന്ന് ഐക്യത്തിന് സാധ്യത കൽപ്പിക്കുന്ന യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല…
പാർട്ടിയ്ക്ക് ആരോടും വിരോധമോ പകയോ അമിത സ്നേഹ വാത്സല്യങ്ങളോ ഇല്ലയെന്ന് മാണി തന്നെ വ്യക്തമാക്കി. ഒരു വാനപ്രസ്ഥം സ്റ്റൈൽ… എല്ലാത്തിനോടും നിസ്സംഗത…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here