അവധിക്കാലം ആഘോഷമാക്കി സമ്മർ ക്യാമ്പുകൾ
അവധിക്കാലമായതോടെ സംസ്ഥാനത്ത് അവധിക്കാല സമ്മർ ക്യാമ്പുകൾ സജീവമായി. കേരളത്തിലെ എല്ലാ ജില്ലകളിലും സമ്മർ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്. ജവഹർ ബാലഭവൻ, വൈഎംസിഎ, ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവരെല്ലാം എല്ലാ വർഷവും എല്ലാ ജില്ലകളിലും സമ്മർ ക്യാമ്പുൾ സംഘടിപ്പിക്കുന്നു.
കൂടാതെ ‘മഞ്ജാടിക്കുരു’ എന്ന പേരിൽ റെഡ് യങ്ങ് എന്ന സംഘടന സംഘടിപ്പിക്കുന്ന ക്യാമ്പ് കേരളത്തിലെ എല്ലാ ജില്ലയിലും പ്രവർത്തിക്കുന്നു. നാടകം, സിനിമ, സംഗീതം എന്നീ മേഖലയിൽ അഭിരുചിയുള്ള കുട്ടികൾക്ക് വേണ്ടിയാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. സിനിമ-സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഈ ക്യാമ്പിൽ എത്തും. ഏപ്രിൽ 24 മുതൽ 30 വരെയാണ് ഈ ക്യാമ്പ്.
ഇതിന് പുറമേ സംസ്ഥാനത്തെ സ്‌കൂളുകളും വിവിധ സമ്മർ ക്യാമ്പുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
സമ്മർ ക്യാമ്പുകൾക്ക് പ്രചാരമേറുന്നതെന്ത് ?
പണ്ട് കാലത്ത് അവധിക്കാലമായാൽ തൊടിയിലും പാടത്തുമെല്ലാം കുട്ടിക്കുറുമ്പുകളെ കൊണ്ട് നിറഞ്ഞിരിക്കും. ഗോലികളി, കുട്ടീംകോലും, തുടങ്ങി കുട്ടിപ്പടയുടെ ക്രിക്കറ്റ് ടൂർണമെന്റുകൾ വരെ നടക്കുന്ന ഈ സമയത്താണ്. എന്നാൽ ഇന്ന് തൊടുകളും, പാടങ്ങളുമെല്ലാം 2 മുറി ഫഌറ്റുകളിലേക്കും, ഒരു സെന്റ് മുറ്റങ്ങളിലേക്കും ചുരുങ്ങിപ്പോയിരിക്കുന്നു. അത് കൊണ്ട് തന്നെ കുട്ടികൾക്ക് അവധിക്കാലമായാൽ ടിവി, കമ്പ്യൂട്ടർ ഗെയിംസ്, എന്നിവയെ ആശ്രയിക്കാതെ സമയം കൊല്ലാൻ കഴിയില്ല. ഈ അന്തരീക്ഷത്തിലേക്കാണ് സമ്മർ ക്യാമ്പുകളുടെ വരവ്….
പണ്ടത്തെ കുട്ടികൾ അനുഭവിച്ചിരുന്ന കുട്ടിക്കാലത്തിന്റെ ഒരു റീ-ക്രീയേഷൻ കൂടിയാണ് ഇന്നത്തെ സമ്മർ ക്യാമ്പുകൾ ലക്ഷ്യമിടുന്നത്.
കലാ-കായിക-വിനോദങ്ങൾക്ക് പുറമേ ഇന്നത്തെ സമ്മർ ക്യാമ്പുകളിൽ വ്യക്തിത്വ വികാസന ക്ലാസ്സുകളും, പുസ്തക വായനയും, വിവിധ വാർത്തകൾ പരിചയപ്പെടുത്തുന്നതുമെല്ലാം ഉൾപ്പെടുത്തുന്നുണ്ട്.
സമ്മർ ക്യാമ്പുകൾ പലവിധം
കേരള സംസ്ഥാന ജവഹർ ബാലഭവന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ഇത്തവണ ലക്ഷ്യമിടുന്നത് പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യാം, വ്യക്തിത്വ വികാസനം, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളെ കുറിച്ചുള്ള ബോധവൽക്കരണവും അവ ചെറുക്കുന്നതെങ്ങനെയെന്ന പാഠവുമെല്ലാമാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഈ ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.
കൊച്ചിയിൽ സമ്മർ ക്യാമ്പുകളുടെ സ്ഥിരം സംഘാടകർക്ക് പുറമേ ഡെക്കാത്തലോൺ, ഒബറോൺ മാൾ, ലുലു മാൾ എന്നിവിടങ്ങളിലും ഇത്തവണ സമ്മർ ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്.
ഒബറോണിൽ 20 ദിവസം നീണ്ട് നിൽക്കുന്ന സമ്മർ ക്യാമ്പ് ഏപ്രിൽ 30 വരെയാണ് ഉളളത്. ഇവിടെ ആർട്, ക്രാഫ്റ്റ്‌സ്, നൃത്തം, സംഗീതം, ചിത്രരചന തുടങ്ങിയ സാധാരണ ഇനങ്ങൾക്ക് പുറമേ വ്യക്തിത്വ വികാസന ക്ലാസ്സുകൾ, പാചകം എന്നിവയും പഠിപ്പിക്കുന്നു.
സ്‌പോർട്‌സ് ഇനങ്ങളിലാണ് ഡെക്കാത്തലോൺ കുട്ടികൾക്ക് പരിശീലനം നൽകുന്നത്. ഫുഡ്‌ബോൾ, സ്‌കേറ്റിങ്ങ്, ബാഡ്മിന്റൺ ഉൾപ്പെടെ നിരവധി കായിക ഇനങ്ങളിലാണ് ഇവിടെ കുച്ചികൾക്ക് ക്യാമ്പിന്റെ ഭാഗമായി പരിശീലനം ലഭിക്കുന്നത്.
ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ദി ഫ്‌ളോർ എന്ന സ്ഥാപനം സെൽഫ് ഡിഫൻസ് മേഖലയിലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ എങ്ങനെ അത്തരം സാഹചര്യങ്ങളെ മറികടക്കണമെന്നും, എങ്ങനെ ആരോട് സഹായം ആവശ്യപ്പെടണമെന്നുമെല്ലാം ഇവിടെ കുട്ടികളെ പഠിപ്പിക്കുന്നു.
‘ഹക്കൂന മറ്റാറ്റ’… സ്വാഹിലി ഭാഷയിലുള്ള ഈ പദത്തിന്റെ അർത്ഥം ‘നോ വറീസ്’ (no worries) എന്നാണ്. പേര് പോലെ തന്നെ പരീക്ഷകളും, ഹോം വർക്കുകളും കൊണ്ട് കുട്ടികളെ ഭ്രാന്ത് പിടിച്ച അധ്യയന വർഷത്തിൽ നിന്നും ‘നോ വറീസ്’ അവധിക്കാലത്തിലേക്കാണ് ഈ സമ്മർ ക്യാമ്പ് കുട്ടികളെ കൂട്ടിക്കൊണ്ട് പോകുന്നത്.
കുട്ടികളെ ലക്ഷ്യപ്രാപ്തിയുള്ളവരും, സ്വയം പര്യാപ്തരുമാക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് എസ്ടി ഗ്ലോബൽ ഈ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നത്. സാധാരണ സമ്മർ ക്യാമ്പുകളിൽ നിന്ന് വ്യത്യസ്തമായി യോഗ, പ്രകൃതി സംരക്ഷണത്തിന്റെ ബാലപാഠങ്ങൾ, കഥ-കവിതാ രചന, ഡൂഡിൽ ആര്ട്ട് എന്നിവയും ഇവിടെ പഠിപ്പിക്കും.
കോഴിക്കോട് ബാലവേദി ക്ലബ് തങ്ങളുടെ 65 ആം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ‘വേനൽ മഴ’ യും, വയനാട്
ഹാപ്പി ലൈഫ് ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന റിയൽ ലൈഫ് സമ്മർ ക്യാമ്പ്, ആലപ്പുഴയിൽ നടക്കുന്ന ‘ചക്ക മാങ്ങ തേങ്ങ’ എന്നിവയാണ് മറ്റ് ചില സമ്മർ ക്യാമ്പുകൾ.
സമ്മർ ക്യാമ്പ് എന്ന ‘ബിസിനസ്സ്’
സമ്മർ ക്യാമ്പുകൾ എന്നത് ഒരു വരുമാന മാർഗ്ഗമായിരിക്കുന്നു ഇന്ന്. അത് കൊണ്ട് തന്നെ വിവിധ പ്ലേ സ്‌കൂളുകൾ, പ്രീ സ്‌കൂളുകൾ, ഡേ കെയർ സെന്ററുകൾ, സംഘടനകൾ, എന്തിനേറെ ഷോപ്പിങ്ങ് മാളുകൾ വരെ സമ്മർ ക്യാമ്പുകളുമായി രംഗത്തെത്തുന്നു.
300 മുതൽ 500 രൂപ മുതലാണ് സമ്മർ ക്യാമ്പുകളുടെ റെജിസ്‌ട്രേഷൻ ആരംഭിക്കുന്നത്. ലുലുവിൽ 2000 രൂപയും, ഡെക്കാത്തലോണിൽ 1000 രൂപയുമൊക്കെയാണ് റെജിസ്‌ട്രേഷൻ ഫീ.
വേനൽ അവധിക്കാലത്ത് ജോലിക്ക് പോകേണ്ടി വരുമ്പോൾ കുട്ടികളെ എവിടെ വിശ്വസിച്ചേൽപ്പിക്കും എന്ന് ആലോചിച്ച് ടെൻഷൻ അടിക്കുന്ന അച്ഛനമ്മമാർക്ക് ഒരു ഉത്തരം കൂടിയാണ് സമ്മർ ക്യാമ്പുകൾ. അത് കൊണ്ട് തന്നെ അതിനായി എത്ര പണം മുടക്കാനും അവർ തയ്യാറാകുന്നു.
children celebrate childhood in summer camps
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here