Advertisement

കൊണ്ടും കൊടുത്തും ലീഡറും ബേബി ജോണും പഴയസഭയിൽ

April 27, 2017
Google News 2 minutes Read

സെക്രട്ടറിയേറ്റിലെ പഴയ നിയമസഭാ ഹാളിൽ തൊണ്ണൂറുകളിൽ പാമോയിൽ വിവാദം കത്തിയാളുകയാണ്. ഭരണബഞ്ചിൽ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനും പ്രതിപക്ഷത്ത് ആർഎസ്പിയിലെ ബേബി ജോണും നേർക്കുനേർ. ആരോപണമുന്നയിച്ച ബേബി ജോണിന് നേരെ വിരൽ ചൂണ്ടി ലീഡർ ചോദിച്ചു ‘ പദവിയിലിരിക്കുന്ന ബന്ധുവിന്റെ ബലത്തിൽ ഇങ്ങോട്ട് ആക്രമണത്തിന് വരേണ്ട.’ ബേബി ജോൺ ചാടിയെഴുനേറ്റ് ഗർജിച്ചു ‘ഞാൻ കരിമണൽ തീരത്തുനിന്ന് സ്വന്തം അധ്വാനത്തിൽ കൊണ്ടും കൊടുത്തും രാഷ്ട്രീയം കളിച്ച് വന്നവനാണ്. ബന്ധുവിന്റെ പേരും പറഞ്ഞ് എന്നെ അടക്കി ഇരുത്താമെന്നും കരുതേണ്ട’ നിയമസഭയും മാധ്യമപ്രവർത്തകരും ശ്വാസം പിടിച്ചിരുന്ന നാടകീയമുഹൂർത്തങ്ങളായിരുന്നു അത്.

23kerala2

 

ബേബിജോണിന്റെ മരുമകൻ ജയിംസ് കെ ജോസഫ് അന്ന് അക്കൗണ്ടന്റ് ജനറലായിരുന്നു. പാമോയിലെ ക്രമക്കേട് പുറത്ത് കൊണ്ടുവന്നത് എജിയുടെ കുറിപ്പും ലീഡർ ലക്ഷ്യം വച്ചതും അത് തന്നെ.

അതോടൊപ്പം ബേബി ജോൺ മറ്റൊരു ഒളിയമ്പും തൊടുത്തു ‘ഞാൻ ബംഗാളിലൊന്നും പോയിട്ടില്ല’ എന്നായിരുന്നു കമന്റ്. ബംഗാളുകാരനായിരുന്ന അക്കൗണ്ടന്റ് ജനറൽ ചക്രവർത്തിയായിരുന്നു അന്ന് യഥാർത്ഥത്തിൽ കുറിപ്പെഴുതിയത്. അൽപ്പം അശ്ലീല ചുവയുള്ള ബേബി ജോണിന്റെ തിരിച്ചടിയിൽ സഭ ചിരിയിലമർന്നു.

baby_john_archives

പിന്നീട് പാമോയിലിലും ചാരക്കേസിലും വഴുതി ലീഡർ രാജിവെച്ചത് ചരിത്രം. അറുപതാം വാർഷികത്തിൽ ഇന്ന് അപൂർവ്വ നിയമസഭാ സമ്മേളനം പഴയ നിയമസഭാഹാളിൽ നടക്കുമ്പോൾ, ചരിത്രനിമിഷങ്ങൾ പലതും ഓർമ്മകളിൽ തെളിയുന്നു. ഇരുപത്തഞ്ച് വർഷത്തിലേറെ നിയമസഭാ സമ്മേളനം റിപ്പോർട്ട് ചെയ്തതിന് ആജീവനാന്ത പാസ് കിട്ടി. അതാണ് ഇപ്പോൾ സാക്ഷ്യപത്രം. നിയമസഭാ ഹാളിലെ ഭരണപക്ഷ ബെഞ്ചിലെ ആദ്യസീറ്റിൽ ആദ്യമായി ഇരുന്നത്
മുഖ്യമന്ത്രി ഇഎംഎസാണ്.

നാല് പതിറ്റാണ്ടിന് ശേഷം സഭ സമ്മേളിച്ചുകൊണ്ടിരിക്കുമ്പോൾ ഇഎമ്മിന്റെ മരണവാർത്ത എത്തിയത് ഓർക്കുന്നു. വൈകീട്ട് നാലുമണിയായിരുന്നു. ഭരണബെഞ്ചിൽ നിന്ന് ചില മന്ത്രിമാർ എഴുനേറ്റ് ചെന്ന് പ്രതിപക്ഷ ബെഞ്ചിലെ ആര്യാടനോടും മറ്റ് നേതാക്കളോടും സ്വകാര്യം പറയുന്നത് കാണാമായിരുന്നു. ഉടൻ സ്പീക്കർക്ക് കുറിപ്പുകിട്ടി. ആരും ഒന്നും പറഞ്ഞില്ല. ഒരു കാരണവും പറയാതെ മ്‌ളാന
വദനായ സ്പീക്കർ സഭ പിരിയുകയാണെന്ന് അറിയിച്ചു.

എല്ലാവരും അമ്പരന്ന് നില്‍ക്കേ ആ ദുഃഖവാര്‍ത്ത പതുക്കെ പത്രനിരയിലേക്ക് എത്തി. പിന്നെ ഇഎംഎസ് അന്ത്യശ്വാസം വലിച്ച കോസ്മോപൊളിറ്റന്‍ ആശുപത്രിയിലേക്ക് നേതാക്കളും മാധ്യമങ്ങളും കുതിച്ചെത്തുകയായിരുന്നു.

1369381673_78291

 

പ്രതിപക്ഷനിരയിലെ പിന്‍ബഞ്ചുകാരാണ് എപ്പോഴും സഭയില്‍ ബഹളം വയ്ക്കുന്നതും, സ്പീക്കറുടെ ഡയസിലേക്ക് ഇരച്ച് കയറുന്നതും. അങ്ങനെ ഇരച്ച് കയറുന്നതില്‍ മിടുക്കുകാട്ടിയിരുന്ന എം.വിജയകുമാര്‍, അടുത്ത സഭയില്‍ സ്പീക്കറായപ്പോള്‍ പ്രശ്നക്കാരെ ഒതുക്കേണ്ട ചുമതലയിലായി. നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ വിജയകുമാറിനെ പ്രതിപക്ഷം മുന്‍കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് പ്രതിരോധത്തില്‍ ആക്കുമായിരുന്നു.

എംഎല്‍എമാരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ ഫുട്ബോള്‍ മത്സരം നടന്നതും വിജയകുമാര്‍ സ്പീക്കര്‍ ആയിരിക്കുമ്പോഴാണ്. പഴയ നിയമസഭാ ഹാളില്‍ എംഎല്‍എമാരുടെ തൊട്ടുപുറകിലാണ് മാധ്യമപ്രവര്‍ത്തകരുടെ സീറ്റ്. പരസ്പരം കുറിച്ചു കൊടുത്തും തമാശകള്‍ പൊട്ടിച്ചും ജനപ്രതിനിധികളും, മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള ബന്ധം ദൃഢമായിരുന്നു. ലോനപ്പന്‍ നമ്പാടന്‍ പ്രസംഗം എഴുതി തിരുത്താന്‍ ഏല്‍പ്പിക്കും. എംകെ മുനീര്‍ മനോഹരമായി കാര്‍ട്ടൂണ്‍ വരച്ചു തരും. പുതിയ നിയമ സഭാ മന്ദിരം വന്നതോടെ മാധ്യമപ്രവര്‍ത്തകര്‍ ബാല്‍ക്കണിയിലും ദൂരത്തുമായി. കൊണ്ടും കൊടുത്തുമുള്ള പഴയ ബന്ധങ്ങളും ഇല്ലാതായി.

18155370_1035112549954614_2025887963_n

പഴയ നിയമസഭാ ഹാളിന് മുന്നില്‍ നാലു പ്രതിപക്ഷ എംഎല്‍എമാരോടൊപ്പം നിരാഹാരം കിടന്നപ്പോഴാണ് അന്ന് എംഎല്‍എ മാത്രമായിരുന്ന പിണറായി വിജയനെ ശ്രദ്ധിച്ചത്. മലബാറില്‍ പ്രശസ്തനായിരുന്നെങ്കിലും തിരുവനന്തപുരത്ത് പിണറായിയ്ക്ക് തൊണ്ണൂറുകളില്‍ വലിയ വേരുകളില്ലായിരുന്നു. ഇന്ന് അപൂര്‍വ്വ സമ്മേളനം നടക്കുമ്പോള്‍ ഇഎംഎസ് ആദ്യമിരുന്ന സീറ്റില്‍ മുഖ്യമന്ത്രിയായി ഇരിക്കാന്‍ അവസരം ലഭിക്കുന്നത് പിണറായിയ്ക്കാണ്. അന്ന് പിണറായിയെ കുറിച്ച് എതിര്‍പക്ഷക്കാരനായ മലബാറുകാരന്‍ ആര്യാടന്‍ മുഹമ്മദ് പറഞ്ഞത് ഓര്‍ക്കുന്നു. നിയമസഭയ്ക്ക് പുറകിലുള്ള ലോബിയിലൂടെ കടന്നുവന്ന പിണറായിയെ ചൂണ്ടി ആര്യാടന്‍ സ്വകാര്യം പറഞ്ഞു.

pinarayi-vijayan-black-and-white-1

‘വിജയനെ ശ്രദ്ധിച്ചോളൂ. ഭാവിയിലെ
സിപിഎം രാഷ്ട്രീയം നിയന്ത്രിക്കുന്നതില്‍ പ്രധാനി ഇയാളായിരിക്കും. വടക്കും തെക്കും പാര്‍ട്ടിക്കുള്ളില്‍ ബന്ധമുള്ള നേതാവാ’ ആര്യാടന്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയായി.

 

kerala assembly, karunakaran, ems, baby john, 60th anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here