തൂവാനത്തുമ്പികളുടെ ഒറിജിനൽ സ്‌ക്രിപ്റ്റ് ഇന്നും ആ പെട്ടിയിൽ ഭദ്രമായി ഉറങ്ങുന്നു….

thoovanathumbikal original script

“ഞാൻ എപ്പോഴും ഓർക്കും…
ഓരോ മുഖം കാണുമ്പോഴും ഓർക്കും…
മുഖങ്ങളുടെ എണ്ണം ഇങ്ങനെ കൂടിക്കൊണ്ടിരിക്കുകയല്ലേ….
അങ്ങനെ കൂടി കൂടി ഒരു ദിവസം ഇതങ്ങ് മറക്കും.
മറക്കുമായിരിക്കും അല്ലേ ?
പിന്നെ മറക്കാതെ.
പക്ഷേ എനിക്ക് മറക്കണ്ട “

ഒരായിരം അമ്പുകൾ ഒന്നിച്ച് ഹൃദയത്തിൽ തുളച്ച് കയറുന്ന പ്രതീതിയാണ് ക്ലാരയും ജയകൃഷ്ണനും തമ്മിലുള്ള ഓരോ സംഭാഷണവും മലയാളികൾക്ക് സമ്മാനിച്ചത്. ഒരു യുവാവും ശരീരം വിൽക്കേണ്ടി വന്ന സ്ത്രീയും (ക്ലാര) തമ്മിലുള്ള പ്രണയത്തെകുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത മലയാളി പ്രേക്ഷകരുടെ ഇടയിലേക്കാണ് തനി നാട്ടിൻപുറത്ത് കാരനായിരുന്ന ജയകൃഷ്ണനും,  ക്ലാരയും തമ്മിലുള്ള പ്രണയം തൂവാനത്തുമ്പികളിലൂടെ പദ്മരാജൻ വരച്ച്കാട്ടുന്നത്.

ജയകൃഷ്ണനും, മണ്ണാറത്തൊടിയും, ക്ലാരയും, രാധയുമെല്ലാം മലയാളിഹൃദയങ്ങളിൽ സൃഷ്ടിച്ച ഓളങ്ങൾ ചെറുതൊന്നുമല്ല. ലൈലാ -മജ്‌നു, സലിം-അനാർക്കലി പോലെ മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരു പ്രണയഗാഥയാണ് ജയകൃഷ്ണന്റേതും ക്ലാരയുടേതും.

ജയകൃഷ്ണനും ക്ലാരയും മലയാളികളുടെ മനസ്സിൽ ഉറങ്ങുന്നത് പോലെ അവർ പിറവിയെടുത്ത ആ സ്‌ക്രിപ്റ്റും ഇന്നും ഒരു പെട്ടിക്കകത്ത് ഭദ്രമായി ഉറങ്ങുന്നുണ്ട്- സംവിധായകൻ സുരേഷ് ഉണ്ണിത്താന്റെ പെട്ടിയിൽ.

thoovanathumbikal original script

സുരേഷ് ഉണ്ണിത്താന്റെ മകനും സംവിധായകനുമായ അഭിരാം സുരേഷ് ഉണ്ണിത്താനാണ് തൂവാനത്തുമ്പികളുടെ ഈ ഒറിജിനൽ സ്‌ക്രിപ്റ്റിന്റെ ചിത്രം പുറത്ത് വിടുന്നത്.

ഉത്സവമേളം, മുഖചിത്രം, അയാൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്ന സുരേഷ് ഉണ്ണിത്താൻ അന്ന് പത്മരാജന്റെ സഹസംവിധായകനായിരുന്നു.

ഒരു കൗതുകത്തിന് അച്ഛന്റെ പഴയ പെട്ടികളിൽ പരതിയപ്പോഴാണ് അഭിരാമിന് ഈ തിരക്കഥകൾ ലഭിക്കുന്നത്. എന്നും അച്ഛനോട് അസൂയ തോന്നിയിട്ടുള്ള ഒരേ ഒരു
കാര്യം ഇതാണെന്ന് അഭിരാം ചിത്രങ്ങൾക്കൊപ്പം പങ്കുവെച്ച തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

“ഒരു കൗതുകത്തിന് അച്ഛന്റെ പഴയ പെട്ടികൾ പരതിയപ്പോൾ അച്ഛൻ പൊന്നു പോലെ കാത്തുസൂക്ഷിക്കുന്ന ഒരു ഷൂട്ടിംഗ് സ്ക്രിപ്റ്റ് കണ്ടു.. ഞാനുൾപ്പെടെ ലക്ഷോപലക്ഷങ്ങളെ സ്വാധീനിച്ച ഒരു ചരിത്രം.. എന്നും അച്ഛനോട് അസൂയ തോന്നിയിട്ടുള്ളതും ഈ ഒരൊറ്റ കാര്യത്തിലാണ്.. മണ്ണാറത്തൊടിയും ജയകൃഷ്ണനും ക്ലാരയും രാധയും പദ്മരാജൻ സാറും എന്റെ വീട്ടിലും ഉണ്ട്.. മുഖ്യ സംവിധാന സഹായിയുടെ വല്യ സമ്പാദ്യങ്ങളിൽ ഒന്ന്.”

1987ൽ പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണ് തൂവാനത്തുമ്പികൾ. മലയാളത്തിലെ ‘കൾട്ട് ക്ലാസിക്ക്’ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ഇത്. അദ്ദേഹത്തിന്റെ തന്നെ നോവൽ ആയ ഉദകപ്പോളയെ ആസ്പദമാക്കിയാണ് ഇത് രചിച്ചിരിക്കുന്നത്. ഉദകപ്പോള, ചലച്ചിത്രത്തെ അപേക്ഷിച്ച് കൂടുതൽ ഇരുണ്ടതാണെന്നു പറയാം. ഉദകപ്പോളയിൽ അവതരിപ്പിക്കുന്ന രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ ജയകൃഷ്ണൻ എന്ന ഒറ്റ കഥാപാത്രമായി ഇതിൽ പത്മരാജൻ സംയോജിപ്പിച്ചിരിക്കുന്നു.

മഴയെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ ചലച്ചിത്രസങ്കല്പം ഈ ചിത്രത്തിൽ ശ്രദ്ധ പിടിച്ച് പറ്റിയതാണ്. ക്ലാര എന്ന നായികയുടെ സാന്നിദ്ധ്യത്തെ മഴയുമായി മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്നു.

thoovanathumbikal original script , Malayalam romantic film, P. Padmarajan, Udakappola

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top