Advertisement

ഇനിയില്ല രക്തക്കറയുടെ പേടിക്കാലം

May 18, 2017
Google News 3 minutes Read
sanitary pads schools kerala

കേരളത്തിലെ പെൺകുട്ടികൾ ഇനി ആർത്തവത്തെ പേടിക്കേണ്ട.
ആ നാളുകളെ ഭയന്ന് വിദ്യാർത്ഥിനികൾ ഇനി സ്‌കൂളുകളിൽ വരാതിരിക്കേണ്ട. രാജ്യത്താദ്യമായി കേരള സർക്കാർ ഹയർസെക്കന്ററി വരെയുള്ള എല്ലാ സ്‌കൂളുകളിലും ഷീ പാഡ് പദ്ധതി നടപ്പിലാക്കുന്നു.

ആർത്തവം അശുദ്ധിയല്ലയെന്ന് പറയാനും കേൾക്കാനും സുഖമുണ്ട്. എന്നാൽ അത് അനുഭവിക്കാൻ അത്ര സുഖമൊന്നുമില്ല. അസുഖകരമായ ആ കാലത്തിലൂടെ കടന്നുവന്ന ഒരു പെണ്ണും ആർത്തവ കാലത്തെ സുഖത്തെ കുറിച്ച് വർണ്ണിക്കില്ല. പെണ്ണിന്റെ ഏറ്റവും ഊർജ്ജ്വസ്വലമായ നിമിഷമാണെന്ന് എഴുതി വയ്ക്കാം, പറയാം. പക്ഷേ അതിന് ശുചിത്വമുള്ള പരിസ്ഥിതി കൂടി വേണം. മണിക്കൂറുകൾ ഇടവിട്ട് ശുചിയാക്കാനും പാഡുകൾ ഒഴിവാക്കാനും സൗകര്യമില്ലെങ്കിൽ ഊർജ്ജസ്വലതയൊക്കെ എവിടെനിന്ന് വരാൻ.

മഴ നനഞ്ഞ് അഞ്ച് മിനുട്ട് നിൽക്കാനാകുമോ… ഇല്ലല്ലേ… എങ്കിൽ ദിവസം മുഴുവൻ നനവോടെ കഴിയേണ്ടി വന്നാൽ… ആരോഗ്യ പ്രശ്‌നങ്ങൾ താനേ വരും… ആത്മവിശ്വാസം ബലൂണുപോലെ പൊട്ടിപ്പോകും. സ്‌കൂൾ വിദ്യാർത്ഥികളാണ് ഇത് ഏറെ കുറേ അനുഭവിക്കുന്നത്….

സ്‌കൂൾ കാലത്തെ ഒളിച്ചു കടത്തൽ

പാഡ്‌ നിറഞ്ഞ് ഒലിച്ച്, വസ്ത്രങ്ങളിലൂടെ രക്തം പുറത്തേക്കൊഴുകുമോ എന്ന ഭീതി സ്‌കൂൾ ജീവിതത്തിൽ അനുഭവിക്കാത്ത ഒരു പെൺകുട്ടിയും ഉണ്ടാകില്ല. ദുർഗന്ധം പേടിച്ച് ദിവസം മുഴുവൻ കൂട്ടുകാരോട് കൂടാതിരിക്കും. അപരാധം ചെയ്തവളെപ്പോലെ… അവിടെ തുടങ്ങുകയാണ് പേടി….

ആർത്തവ രക്തം മലവും മൂത്രവും പോലെത്തന്നെ കഴുകി കളയേണ്ടതാണ്. ആർത്തവ സമയങ്ങളിൽ ശുചിത്വം പാലിക്കാൻ ഒരോ പെണ്ണിനും അവകാശമുണ്ട്. പ്രകൃതിയുടെ ഏറ്റവും മനോഹരമായ സമയമെന്നും അത്ഭുതമെന്നും വരദാനമെന്നുമൊക്കെ നോക്കി നിൽക്കുന്നവർക്ക് അങ്ങ് പറഞ്ഞിട്ടുപോകാം.
എന്നാൽ സ്‌കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് ഏറ്റവും വെറുക്കപ്പെട്ട നിമിഷങ്ങളായിരുന്നു ആർത്തവകാലം. അത് ആർത്തവ രക്തം ഒഴുകിയിറങ്ങുന്നതിലെ അറപ്പോ, അക്കാലം വീട്ടിലുള്ളവർ പുറത്ത് നിർത്തുമെന്ന ഭയമോ അല്ല (പലയിടത്തും ഇതെല്ലാം ഇന്നും നിലനിൽക്കുന്നുണ്ടെന്നതും മാറ്റം അവിടെനിന്ന് തുടങ്ങണമെന്നതും വിസ്മരിക്കുന്നില്ല) മറിച്ച് ഓരോ അഞ്ച് മണിക്കൂറിലും രക്തം നിറഞ്ഞ് കുമിയുന്ന പാഡ് എങ്ങനെ, എവിടെ ഉപേക്ഷിയ്ക്കും എന്നോർത്താണ്. അറപ്പോടെയല്ലാതെ കടന്നുചെല്ലാനാകാത്ത, മറയില്ലാത്ത മൂത്രപ്പുരകളായിരുന്നു സ്‌കൂളിൽ ഉണ്ടായിരുന്നത്. ഗേൾസ് സ്‌കൂൾ ആണെന്നതിന്റെ പേരിൽ മാത്രം പാതി കെട്ടി മറിച്ച മൂത്രപ്പുരകൾ, രണ്ട് സിമന്റ് കല്ല് ഇട്ടതാണ് അവിടുത്തെ ക്ലോസറ്റുകൾ, കക്കൂസുകളില്ല. ഉണ്ടെങ്കിൽ തന്നെ അതിൽ ഒന്നും വെള്ളമുണ്ടാകാറില്ല. വർഷങ്ങളായി, ആ തറയിലെങ്കിലും അൽപ്പം വെള്ളം വീണിട്ടെന്ന് ഉറപ്പ്. (ഇന്നത്തെ സ്ഥിതി അറിയില്ല; 13 വർഷം മുമ്പാണ്).

kerala-school-toilets

പഠിച്ച സ്‌കൂളുകളൊന്നും വ്യത്യസ്തമായിരുന്നില്ല. ആർത്തവ രക്തം ഒലിക്കുന്ന പാഡ് കയ്യിലെടുത്ത് സ്‌കൂളിന്റെ പിറകിലുള്ള അക്വേഷ്യ കാടിനരികിലേക്ക് ഓടിയിട്ടുണ്ട്. കയ്യിൽ ഒളിപ്പിച്ചുവച്ച ആ ‘അപരാധം’ ആരും കാണാതെ വലിച്ചെറിയാൻ. അല്ലെങ്കിൽ കൈകൊണ്ട് പിച്ചിക്കീറി ക്ലോസറ്റിൽ ഇടണം. അപ്പോൾ ക്ലോസറ്റ് അടഞ്ഞ് പോയെന്ന് പഴി കേൾക്കണം. പിന്നെ കയ്യിൽ പറ്റിപ്പിടിക്കുന്ന രക്തം കഴുകിക്കളയാൻ ഒരു കഷ്ണം സോപ്പുപോലും ഉണ്ടായെന്ന് വരില്ല. അറപ്പോടെ ഉച്ചയ്ക്ക് ഉണ്ണാനിരിക്കേണ്ടി വരും. സ്വന്തമെങ്കിലും അഴുക്ക്‌ അഴുക്ക്‌ തന്നെയല്ലേ.

SAANITARY NAPKIN

മറ്റൊരു വഴിയുമില്ലാതെ എന്തെല്ലാമോ ഒളിച്ചുകടത്തുന്നവളെപ്പോലെ യൂണിഫോം ഷോളിൽ പൊത്തിപ്പിടിച്ച് രക്തം നിറഞ്ഞമുങ്ങിയ പാഡ് കവറിൽ കെട്ടി ബാഗിൽതന്നെ നിക്ഷേപിച്ചിട്ടുണ്ട്. പുറത്ത് വലിച്ചെറിഞ്ഞ് പിടിക്കപ്പെട്ടാലോ എന്ന് പേടിച്ച്, പുറത്ത് ചുമന്ന് വീട്ടിലേക്ക് തന്നെ കൊണ്ടുപോയിട്ടുണ്ട്. ഒരു ദിവസം മൂന്നും നാലും പാഡുകൾ ബാഗിൽ വച്ച് വീട്ടിലെത്തി ആരും കാണാതെ കത്തിച്ച് കളഞ്ഞിട്ടുണ്ട്. നാപ്കിനുകൾ യാഥാസമയത്ത് മാറ്റിയില്ലെങ്കിൽ ഉണ്ടാകുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് എന്നതുകൊണ്ട് ഇതെല്ലാം അങ്ങ് സഹിക്കും.

ഭൂതം കയറിയിറങ്ങുന്ന രക്തക്കറകൾ

സ്‌കൂളുകളിൽ മാത്രമല്ല, വീടുകളിലും അജ്ഞത അജ്ഞത തന്നെയാണ്. ആർത്തവ രക്തം മണ്ണിൽ വീണ് അത് കോഴി കൊത്തിയാൽ നിന്റെ സൗന്ദര്യം ഇല്ലാതെയാകും. പാമ്പ് വരും. നീ ശപിക്കപ്പെടും. ഇഴ ജന്തു വരിച്ചാൽ കുഞ്ഞുങ്ങളുണ്ടാകില്ല. അങ്ങനെ നൂറ് കഥകൾ. എഴുത്തുകാരി ലീന മണിമേഖല മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ തൂമതിപ്പൂ എന്ന ലേഖനത്തിൽ പങ്കുവയ്ക്കുന്നുണ്ട് അവരനുഭവിച്ച ഇത്തരം നിമിഷങ്ങൾ.

242f5ad021319c4bda7abaf1fdb29739

ആരുമറിയാതെ ആരും കാണാതെ ഒളിച്ചുവച്ചില്ലെങ്കിൽ അത് ആപത്താണെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന കാലം. അത് വീടുകളിൽനിന്ന് തുടങ്ങുന്നു. രക്തക്കറ നിറഞ്ഞ തുണി കഴുകി മുറ്റത്ത് മറ്റ് വസ്ത്രങ്ങൾക്കൊപ്പം അലക്കിയിടാൻ പോലും അവകാശമില്ല. അല്ലെങ്കിൽ മറ്റ് വസ്ത്രങ്ങളുമായി തൊട്ടാൽ വഴക്ക്. മാറിയിരിക്കൽ. ( ഇതൊന്നും ഇന്ന് ഇല്ലെന്ന് വാദിക്കരുത്. ഇതെല്ലാം കണ്ടും കേട്ടും അനുഭവിച്ചും വന്ന ഒരാൾതന്നെയാണ് ഇതെഴുതുന്നത്. നമ്മൾ കാണാത്തതൊന്നും ഇല്ലാത്തതല്ല). അപ്പോൾ പാഡുകളിലേക്ക് മാറുന്നതാണ് സൗകര്യം. സഹായവും. പിന്നീട് സ്‌കൂളുകളിലേക്ക്. അവിടെയും രക്ഷയില്ല. അനുഭവം ഇതല്ലെങ്കിൽ മറ്റൊന്ന്. (അപ്പോഴും മാസമുറയ്ക്ക് ഒരു ദിവസമെങ്കിലും മുന്നെ നാപ്കിൻ പാക്കറ്റുമായി വന്ന് അത് കയ്യിൽ തന്ന് ഒരു പുഞ്ചിരി സമ്മാനിക്കുന്ന അച്ഛനെ മറക്കുന്നില്ല).

ആർത്തവ വിപ്ലവം

ആർത്തവവും ഒരു വിപ്ലവമാണ്. നിഷേധത്തിന്റെ വിപ്ലവം. ശരീരത്തിന്റെ വിപ്ലവം. അപ്പോൾ അവയെ ഏറ്റെടുക്കുന്നതും ഒരു വിപ്ലവമാണ്. മാറ്റി നിർത്തേണ്ടതല്ല. എല്ലാ ദിവസത്തെയും പോലെ ആ ദിവസവും കടന്ന് പോകണം. അതിന് ശുചിത്വം വേണം. പാഡുകൾ മാറ്റി വൃത്തിയാകണം. അതിന് നല്ല പരിസരം വേണം. ശുചിമുറികൾ വേണം. അത് വൃത്തിയിൽ സംസ്‌കരിച്ച് കളയണം.

STUDENTS
പലപ്പോഴും പഠിക്കാൻ തന്നെ പണം കണ്ടെത്താൻ പ്രയാസപ്പെടുന്ന കുട്ടികൾക്ക് പാഡ് വാങ്ങുക സ്വപ്‌നം മാത്രമായിരിക്കും. നശിപ്പിക്കുന്നതിനെ കുറിച്ച് പറയുമ്പോൾ തന്നെ പാഡുകളുടെ ലഭ്യതയും ഉറപ്പ് വരുത്തേണ്ടതാണ്. പുസ്തകങ്ങൾ കുട്ടികൾക്ക് സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. എന്നാൽ നാപ്കിനുകളോ…? അതും അവരുടെ അവകാശമല്ലേ…

ശരിയാകുന്നുണ്ട് ചിലതെങ്കിലും

സ്വകാര്യതയും സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. ശുചിത്വം അവളുടെ അവകാശമാണ്. മികവിന്റെ കേന്ദ്രങ്ങളാകുന്ന സ്‌കൂളുകളിൽ അവൾ സ്വതന്ത്രയാകണമെങ്കിൽ അവൾ ശുചിയായിരിക്കുക തന്നെ വേണം. സ്ത്രീകളുടെ മുന്നേറ്റങ്ങളിൽ ആർത്തവ ശുചിത്വത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുളള ഇടത് സർക്കാരിന്റെ പുതിയ ഷീ പാഡ് പദ്ധതി രാജ്യത്തുതന്നെ ആദ്യത്തേതാണ്. ഇതുവഴി ആരോഗ്യമുള്ള സ്ത്രീ സമൂഹം പടുത്തുയർത്താനാകുമെന്നതിൽ സംശയമില്ല. ഭയമില്ലാതെ എല്ലാദിവസവുമെന്നപോലെ ആ ദിവസവും അവളിലൂടെ കടന്നുപോകുമെന്ന് ഉറപ്പ്. പരസ്യങ്ങളിലെ വാചകങ്ങൾ ഇനി യാഥാർത്ഥ്യമാകും.

എന്താണ് ഷീ പാഡ് പദ്ധതി

ആർത്തവ കാലത്തെ പേടിയില്ലാതെ നേരിടാൻ പെൺകുട്ടികളെ തയാറാക്കാൻ സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സംസ്ഥാന സർക്കാർ സഹകരണത്തോടെ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ഷീ പാഡ് പദ്ധതി. ഇതുവഴി സ്‌കൂളുകളിൽ സാനിട്ടറി നാപ്കിനുകൾ ലഭ്യമാക്കുകയും ഉപയോഗം കഴിഞ്ഞവ നശിപ്പിച്ച് കളയാൻ വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കുകയും ചെയ്യും.
പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ തുടങ്ങിയ ഷീ പാഡ് പദ്ധതി സംസ്ഥാനവ്യാപകമായി നടപ്പിലാക്കുകയാണ്.

20131120-70
ആർത്തവ ദിനങ്ങളിൽ ശുചിത്വം പാലിക്കാനാകാതെ പോകുന്നത് സ്ത്രീകളിൽ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിതെളിക്കുന്നുണ്ടെന്നും പഠനങ്ങൾ തെളിയിക്കുന്നു. സംസ്ഥാനത്ത് ഇത്തരം സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വനിതാ വികസന കോർപ്പറേഷൻ ഷീ പാഡ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഹയർ സെക്കന്ററിതലം വരെയുള്ള വിദ്യാർഥിനികൾക്ക് സ്‌കൂളുകളിൽ സൗജന്യമായി സാനിറ്ററി നാപാകിൻ വിതരണം ചെയ്യും. ഉപയോഗ ശേഷം സ്‌കൂളുകളിൽ തന്നെ ഇവ നശിപ്പിക്കുന്നതിനുള്ള സംസ്‌കരണ യൂണിറ്റുകളും ആരംഭിക്കും. വരുന്ന അഞ്ച് വർഷത്തേക്ക് മുപ്പത് കോടി രൂപയാണ് ഈ പദ്ധതിക്കുള്ള ചെലവായി പ്രതീക്ഷിക്കുന്നത്. സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പാഡുകൾ വാങ്ങാൻ പണമില്ലാത്ത കുട്ടികൾക്കും ഇവ നശിപ്പിക്കാൻ മാർഗ്ഗമില്ലാത്തവർക്കും ഇത് ഏറെ ഗുണപ്രധമാകുമെന്നതിൽ തർക്കമില്ല.

മൂത്രപ്പുരകളും നാപ്കിൻ വെൻഡിംഗ് മെഷീനുകളും മാലിന്യ സംസ്‌കരണ സംവിധാനവും ഇല്ലാത്ത സ്‌കൂളുകൾ എത്രയും വേഗം അവ ഏർപ്പെടുത്തണനെന്നാണ് ഹയർ സെക്കന്ററി സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. അവ കുട്ടികളുടെ എണ്ണത്തിന് അനുപാതികമായിത്തന്നെയായിരിക്കണം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾതന്നെ വേണം എന്നും സർക്കാർ നിർദ്ദേശിക്കുന്നു. മാറ്റങ്ങൾ വിദ്യാലയങ്ങളിൽനിന്ന് തന്നെ തുടങ്ങണം.

ആർത്തവ ദിനത്തിൽ വീട്ടിലിരിക്കണമെന്നും പുറത്തേക്കിറങ്ങേണ്ടതില്ലെന്നും അത് അശുദ്ധിയെന്നും വിളിച്ച് പറയുന്നവ സമൂഹത്തിൽ, ആർത്തവം ശാരീരിക മാറ്റം മാത്രമാണെന്നും അതിന്റെ പേരിൽ മാറ്റി നിർത്തപ്പെടേണ്ടവരല്ല സ്ത്രീകൾ എന്ന് പറയാതെ പറയുകയാണ് ഷീ പാഡ് പദ്ധതിയിലൂടെ കേരളം.

തൊഴിലിടങ്ങളിലും വേണം വെന്റിംഗ് മെഷീനുകൾ

ഹയർസെക്കന്ററി സ്‌കുളുകൾ വരെ മാത്രം പോരാ വെന്റിംഗ് മെഷീനുകൾ. കോളേജുകളിലും തൊഴിലിടങ്ങളിലും വേണം വെന്റിംഗ് മെഷീനുകൾ. സ്ത്രീ സൗഹൃദ ടോയിലറ്റുകളില്ലാത്ത നഗരങ്ങളിൽ, തൊഴിലിടങ്ങളിൽ, സ്ത്രീകൾ തുല്യമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. നല്ല ശുചിമുകളില്ലാതെ വേണ്ട സൗകര്യങ്ങളില്ലാതെ അവരും കഷ്ടപ്പെടുന്നുണ്ട്. സ്‌കൂളുകളിൽ നിഷ്‌കർഷിച്ചതുപോലെ ഓരോ തെഴിലിടങ്ങളിലും വെന്റിംഗ് മെഷീനുകൾ നിർബന്ധമാക്കണം. അതാകട്ടെ അടുത്ത പദ്ധതി…

sanitary-mainവെൻഡിംഗ് മെഷീൻ പരിപാലനം പ്രാവർത്തികമോ ?

നാപ്കിൻ വെന്റിംഗ് മെഷീനുകൾ വളരെ ഫലപ്രദമാണ്. എന്നാൽ അവ പരിപാലിക്കുന്നത് എളുപ്പമല്ല. കൃത്യമായി പരിപാലിച്ചില്ലെങ്കിൽ പെട്ടന്ന് തന്നെ നശിച്ച് പോകുന്നവയാണ് നിലവിൽ സ്‌കൂളുകളിൽ സ്ഥാപിച്ചിട്ടുള്ള വെന്റിംഗ് മെഷീനുകൾ. തിരുവനന്തപുരത്ത് സ്‌കൂളുകളിൽ സ്ഥാപിച്ച വെന്റിംഗ് മെഷീനുകളിൽ പലതും മാസങ്ങൾക്കുള്ളിൽ നശിച്ചിരുന്നു. കോടികൾ മുടക്കി പദ്ധതി നടപ്പിലാക്കുമ്പോൾതന്നെ അവയുടെ പരിപാലനവും ഉറപ്പ് വരുത്തിയില്ലെങ്കിൽ കോടികൾ വെള്ളത്തിലാകുമെന്ന് മാത്രമല്ല, വിദ്യാർത്ഥികളുടെയും സമൂഹത്തിന്റെ തന്നെയും പ്രതീക്ഷയും അസ്തമിക്കും. അതുകൊണ്ടുതന്നെ പരിപാലനത്തിന് പ്രാധാന്യം നൽകേണ്ടിയിരിക്കുന്നു.

ഇതുമതിയാകില്ല

പരസ്യങ്ങളുടെ ബാഹുല്യമാണ് സ്ത്രീകളെ നാപ്കിനുകളിലേക്ക് മാറാൻ പ്രേരിപ്പിച്ചത്. ഒപ്പം അവ ഉപയോഗിക്കുന്നതിലെ സൗകര്യവും. ഉപയോഗിക്കുക വലിച്ചെറിയുക എന്ന സംസ്‌കാരത്തിലേക്കുള്ള മാറ്റത്തിന്റെ കൂടി തെളിവാണെന്നും പറയാം. എന്നാൽ നാപ്കിനുകൾ അത്ര സുരക്ഷിതമാണോ എന്ന ചർച്ചകൾ എല്ലാകാലത്തും നടന്നുവരുന്നു. അവയിലടങ്ങിയിരിക്കുന്ന പ്ലാസ്റ്റിക് കോട്ടിംഗുകൾ, അവ നിർമ്മിച്ചിരിക്കുന്ന കെമിക്കലുകൾ എന്നിവ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുവെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നു. അങ്ങനെയിരിക്കെ നിലവിൽ വിൽക്കപ്പെടുന്ന നാപ്ക്കിനുകൾക്കപ്പുറം മറ്റ് മാർഗ്ഗങ്ങൾ പ്രവർത്തികമാണോ എന്ന് കണ്ടത്തേണ്ടതുണ്ട്.

മെൻസ്ട്രൽ കപ്പുകൾ വരട്ടേ

MENSTRUAL CUPനാപ്കിനുകൾക്ക് പകരം പ്രചരിച്ചുകൊണ്ടിരിക്കുന്ന മെൻസ്ട്രൽ കപ്പുകളെ കുറിച്ച് കൂടുതൽ പഠനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. നിലവിൽ ഓൺലൈനുകളിൽ ലഭ്യമായ മെൻസ്ട്രൽ കപ്പുകൾ നാപ്കിനുകളേക്കാൽ ലാഭകരവും സുരക്ഷിതവുമാണെന്നാണ് ഉപയോഗിച്ചവർ സോഷ്യൽ മീഡിയകളിലൂടെ പങ്കുവയ്ക്കുന്ന അനുഭവങ്ങളിൽനിന്ന് വ്യക്തമാകുന്നത്. അങ്ങനെയെങ്കിൽ പാഡുകളും വെൻഡിംഗ് മെഷീനുകൾ പോലും ആവശ്യമായി വരില്ല. വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന മെൻസ്ട്രൽ കപ്പുകൾ ആരോഗ്യ പ്രശ്‌നങ്ങളെയും പാരിസ്ഥിതിക പ്രശ്‌നങ്ങളെയും ഒരുപോലെ ഒഴിവാക്കും. നാപ്കിനുകളുടെ പരസ്യങ്ങൾക്ക് മേൽ പറക്കാനാകാത്ത മെൻസ്ട്രൽ കപ്പുകളെ കുറിച്ചും സർക്കാർ പഠനം നടത്തണം. ഗുണപരമെന്ന് തെളിഞ്ഞാൽ അതായിരിക്കും ലോകത്തിലെ തന്നെ വലിയ മാറ്റം. വലിയ വിപ്ലവം.

ഞങ്ങളുടെ തലമുറയ്ക്ക് നഷ്ടപ്പെട്ട, ആ സ്വാതന്ത്ര്യത്തിന്റെ നല്ല കാലം അനിയത്തിമാരേ ഇനി നിങ്ങൾക്കുള്ളതാണ്. ആരോഗ്യമുള്ള നല്ല പെൺതലമുറയ്ക്കായി സർക്കാർ ഏറ്റെടുത്ത ഈ പദ്ധതിയ്ക്ക് ആർത്തവപ്പേടിയിൽ വിദ്യാലയ ജീവിതം ജീവിച്ച് തീർത്ത ഒരുപറ്റം പേരുടെ ഒരായിരം പിന്തുണ…

Kerala govt to distribute sanitary pads in all schools

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here