വനിതാ സിനിമാ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ കമ്മിറ്റി

ചലച്ചിത്ര മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ കമിറ്റിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഈ രംഗത്തെ ലൈംഗികാതിക്രവും ലൈംഗിക ചൂഷണവും തടയാൻ സർക്കാർ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി സിനിമയിലെ പെൺകൂട്ടായ്മയ്ക്ക് ഉറപ്പ് നൽകി.
പുതുതായി രൂപീകരിച്ച പെൺകൂട്ടായ്മക്കുവേണ്ടി ബീനാപോൾ, മഞ്ജുവാര്യർ, റിമ കല്ലിങ്കൽ, പാർവതി, വിധു വിൻസെൻറ്, സജിത മഠത്തിൽ, ദീദി ദാമോദരൻ, ഫൗസിയ ഫാത്തിമ, രമ്യ നമ്പീശൻ, സയനോര ഫിലിപ്പ്, അഞ്ജലി മേനോൻ, ആശ ആച്ചി ജോസഫ്, ഇന്ദു നമ്പൂതിരി തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
ചലച്ചിത്ര മേഖലയിൽ അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും സ്ത്രീകൾക്ക് നിഷേധിക്കപ്പെടുകയാണെന്ന് അവർ മുഖ്യമന്ത്രിയെ അറിയിച്ചു. കൊച്ചിയിൽ അഭിനേത്രിക്കുണ്ടായ അനുഭവം ആദ്യത്തേതല്ല. സിനിമ ഷൂട്ടിംഗ് നടക്കുന്ന സെറ്റുകൾ കൂടി ലൈംഗിക പീഡന നിരോധന നിയമത്തിൻറെ പരിധിയിൽ കൊണ്ടുവരണം. സെറ്റുകളിൽ ലൈംഗീക പീഡന പരാതി പരിഹാര സെൽ രൂപീകരിക്കണം. സിനിമയുടെ സാങ്കേതിക മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കണമെങ്കിൽ സുരക്ഷിതത്വം ഉറപ്പുവരണം. പിന്നണി പ്രവർത്തനങ്ങളിൽ മുപ്പതു ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന സിനിമകൾക്ക് പ്രോത്സാഹനമായി സബ്‌സിഡി നൽകുക തുടങ്ങിയ ആവശ്യങ്ങളും അവർ ഉന്നയിച്ചു. പല സെറ്റുകളിലും സ്ത്രീകൾക്ക് മൂത്രമൊഴിക്കാൻ പോലും സൗകര്യമില്ലെന്ന് അവർ പരാതിപ്പെട്ടു.
സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജോലിക്കാർ ഏതു തരക്കാരാണെന്നും അവരുടെ പൂർവ ചരിത്രം എന്താണെന്നും പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് പൊലീസ് സഹായം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടായ്മയെ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here