മഞ്ചേരി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി സമരം പിൻവലിച്ചു
പഠന സൗകര്യമൊരുക്കാത്തതിൽ പ്രതിഷേധിച്ച് മഞ്ചേരി മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ ആരംഭിച്ച സമരം അവസാനിപ്പിച്ചു. ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി, സമരം നടത്തുന്ന വിദ്യാർത്ഥികളുടെ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർന്നത്. വിദ്യാർഥികളുടെ ആവശ്യം പരിഗണിക്കുമെന്ന് സർക്കാർ അറിയിച്ചു. വിദ്യാർഥികൾ ആവശ്യപ്പെട്ട 20 അധ്യാപക തസ്തികകളിൽ പകുതി ഉടൻ അനുവദിക്കാമെന്നും മറ്റു തസ്തികകൾ ഉടൻ സൃഷ്ടിക്കുമെന്നും മന്ത്രി സമരക്കാർക്ക് ഉറപ്പുനൽകി.
മഞ്ചേരി മെഡിക്കൽ കോളജിനോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് കഴിഞ്ഞ നാലുദിവസമായി എം.ബി.ബി.എസ് വിദ്യാർഥികൾ കോളജിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തിവരികയായിരുന്നു.
കോളേജിലെ ആദ്യ ബാച്ച് അവസാനവർഷമെത്തിയിട്ടും വേണ്ടത്ര അധ്യാപകരെയോ പ്രായോഗിക പരിശീലനത്തിന് അവസരമോ ആശുപത്രി അധികൃതർ ഇതുവരെയും ഒരുക്കിയിട്ടില്ല. 19 തസ്തികകളുള്ള ശസ്ത്രക്രിയാവിഭാഗത്തിൽ മൂന്ന് ഡോക്ടർമാരാണുള്ളത്. ഇപ്പോൾ പ്രിൻസിപ്പലും ഇല്ലാത്ത സ്ഥിതിയാണ് കോളേജിൽ.
മെഡിക്കൽ കൗൺസിലിന്റെ അഞ്ചാംവർഷ പരിശോധന കഴിഞ്ഞമാസം പൂർത്തിയായി. അവസാനവട്ട പരിശോധനയിൽ ഫലം വിപരീതമായാൽ അത് വിദ്യാർഥികളുടെ രജിസ്‌ട്രേഷനെയും ബാധിക്കും. ഇതാണ് വിദ്യാർത്ഥികളെ സമരത്തിലേക്ക് നയിച്ചത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here