നോമ്പ് കാലത്ത് പകൽ മുഴുവൻ ഊർജ്ജസ്വലരായിരിക്കാൻ ഇടത്താഴത്തിന് അവൽ മിൽക്ക് ശീലമാക്കാം

മലബാറിൽ പലഭാഗങ്ങളിലും കാണുന്ന ഒരു പാനീയമാണ് അവൽ മിൽക്ക്. നാം കടകളിൽ നിന്നും കൂൾ ബാറിൽ നിന്നുമെല്ലാം ഇത് കുടിച്ചിട്ടുണ്ട്. നല്ല പൂവൻപഴത്തിന്റെ സ്വാദും അവലും പാലും അണ്ടിപരിപ്പും എല്ലാം ഒത്ത് ചേർന്ന സമ്മിശ്ര രുചിയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു എല്ലേ ? എന്നാൽ ഇത് വീട്ടിലുണ്ടാക്കിയാലോ ?
സ്വാദിഷ്ടമായ വിഭവമെന്നതിരുപരി ഒരു അടിപൊളി ഹെൽത്ത് ഡ്രിങ്കാണ് അവൽ മിൽക്ക്. നോമ്പ് കാലത്ത് ദിവസം മുഴുവൻ ഊർജ്ജം നിലനിർത്താൻ അവൽ മിൽക്ക് അത്യുത്തമമാണ്.
ഒരു ഗ്ലാസ് അവൽ മിൽക്കിനായി :
ആവശ്യമുള്ള സാധനങ്ങൾ
അവൽ – 1/2 കപ്പ്
നെയ്യ്- 2 tsp
ബദാം, കശുവണ്ടി – 5 എണ്ണം വീതം
ചെറുപഴം- 2 എണ്ണം
കണ്ടൻസ്ഡ് മിൽക്ക് – 1/2ൂ tbspn (വേണമെങ്കിൽ)
തിളപ്പിച്ച പാൽ – 1/2 കപ്പ് തണുപ്പിച്ചത്
പഞ്ചസ്സാര – 1/2 tbspn
ഏലക്ക പൊടി- ഒരു നുള്ള്
തയ്യാറാക്കേണ്ട വിധം
ഒരു ചുവടുകട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. ഇതിലേക്ക് നെയ്യൊഴിച്ച് കശുവണ്ടിയും ബദാമും വറുത്തെടുത്ത് മാറ്റുക. ഇതിലേക്ക് അവൽ ഇട്ട് വറുത്തെടുക്കുക. ഒരു പാത്രത്തിൽ രണ്ട് ചെറുപഴം തൊലി കളഞ്ഞ് ഇടുക. ഇത് ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കണം. ഉടച്ച പഴത്തിലേക്ക് കണ്ടൻസ്ഡ് മിൽക്ക് ചേർക്കുക. ഇത് ചേർത്തില്ലെങ്കിലും കുഴപ്പമില്ല. ശേഷം ഒരു കപ്പിൽ തിളപ്പിച്ച ശേഷം തണുപ്പിച്ച പാൽ ഒഴിക്കുക. ഇതിലേക്ക് പഞ്ചസ്സാരയിട്ട് ഇളക്കണം.
ഇനി ഒരു ഗ്ലാസ് എടുക്കണം. ഇതിലേക്ക് അൽപ്പം പഴം മിശ്രിതം ഇടണം. ഇതിന് മീതെ വറുത്ത് വെച്ച അവലും, കശുവണ്ടി-ബാദാം എന്നിവയും ഇടണം. ശേഷം വീണ്ടും പഴം മിശ്രിതം ചേർക്കണം. മീതെ അവലും. ശേഷം പാൽ ഒഴിക്കണം. ഇവ ചെറുതായ് ഇളക്കണം. മീതെ ബാക്കിയുള്ള കശുവണ്ടി-ബദാം എന്നിവ വിതറി അലങ്കരിക്കാം. സ്വാദിഷ്ടമായ അവൽ മിൽക്ക് റെഡി.
aval milk recipe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here