ലോക സംഗീത ദിനത്തിൽ ‘മാണിക്യ വീണയുമായെൻ’ ഗാനം പാടി ജഗതി ശ്രീകുമാർ

ലോക സംഗീത ദിനത്തിൽ മലയാളത്തിന്റെ പ്രിയതാരം ജഗതിയും പാടി. റെഡ് എഫ് എമും വയലാർ സാംസ്കാരിക വേദിയും ചേർന്ന് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വയലാർ ഗാനങ്ങൾ ജഗതിയുടെ മുൻപിൽ ആലപിച്ചപ്പോഴാണ് അദ്ദേഹം കൂടെ പാടിയത്.
ജഗതിയെ കാണാനെത്തിയ വയലാർ രാമവർമ്മ സാംസ്കാരികവേദി പ്രവർത്തകർക്കൊപ്പം പാടാൻ ജഗതിയുടെ ഭാര്യ ശോഭ ശ്രീകുമാർ ജഗതിയെ നിർബന്ധിക്കുകയായിരുന്നു. ഗായകരായ രവിശങ്കർ, മണക്കാട് ഗോപൻ, പന്തളം ബാലൻ, രാധിക രാമചന്ദ്രൻ, അഖില ആനന്ദ്, സരിതാരാജീവ്, വീണാഹരിദാസ്, അഖിൽ ബാലൻ എന്നിവർക്കൊപ്പം സംവിധായകനും കഥാകൃത്തുമായ വയലാർ മാധവൻകുട്ടി, കരമന ജയൻ, സബീർ തിരുമല, മണക്കാട് രാമചന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ എല്ലാവരേയും വിസ്മയിപ്പിച്ച് അദ്ദേഹം പാടുകയായിരുന്നു.
ഡോക്ടർമാരുടെ പ്രത്യേക നിർദ്ദേശപ്രകാരം ജഗതിക്ക് മ്യൂസിക് തെറാപ്പി നൽകുന്നതിനിടയിലാണ് വയലാർ സാംസ്കാരികവേദി പ്രവർത്തകർ അദ്ദേഹത്തെ ആദരിക്കാനായി എത്തിയത്. ജയശ്രീ ഗോപാലകൃഷ്ണൻ അദ്ദേഹത്തെ പൊന്നാട അണിയിച്ചു. ജഗതിക്ക് പുരസ്കാരവും സമർപ്പിച്ചു. തുടർന്ന് പെരിയാറേ പെരിയാറേ, അകലെ അകലെ നീലാകാശം, ഇലഞ്ഞിപ്പൂമണമൊഴുകിവരും എന്നീ ഗാനങ്ങളും ജഗതി മറ്റ് ഗായകർക്കൊപ്പം ആലപിച്ചു.
jagathy sings manikya veena world music day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here