കുതിരവട്ടം പപ്പുവിന് പകരക്കാരനായി ‘കോയ’യായി എത്തിയ മാമുക്കോയ; മലയാളികൾക്ക് മറക്കാനാവില്ല ഈ കഥാപാത്രം

കുതിരവട്ടം പപ്പുവിന് പകരക്കാരനായാണ് ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയിൽ മാമുക്കോയയ്ക്ക് ഒരു വേഷം കിട്ടുന്നത്. സിബി മലയിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആ സിനിമയിൽ മാമുക്കോയ ചെയ്ത കോയ എന്ന അധ്യാപകന്റെ വേഷം മലയാളികളെ ചില്ലറയൊന്നുമല്ല ചിരിപ്പിച്ചത്. പപ്പുവിന് പകരക്കാരനായായാണ് എത്തിയതെങ്കിലും ഈ കഥാപാത്രത്തിന് മാമുക്കോയ വളരെ കറക്റ്റാണെന്നാണ് സംവിധായകൻ സിബി മലയിൽ അന്ന് പറഞ്ഞത്. ( Mamukkoya’s role as a teacher Doore Doore Oru Koodu Koottam ).
ശ്രീനിവാസനായിരുന്നു മാമുക്കോയയെ ഈ കഥാപാത്രം ചെയ്യാനായി സജസ്റ്റ് ചെയ്തത്. മാമുക്കോയ സ്വാഭാവികമായ രീതിയിൽ ആ കഥാപാത്രം എങ്ങനെയാണ് പെരുമാറുകയെന്നാണ് പ്രേക്ഷകർക്ക് കാണിച്ച് തന്നത്. 1986ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മോഹൻലാലും മേനകയും ജഗതിയും നെടുമുടി വേണുവുമെല്ലാം തകർത്തഭിനയിച്ച ചിത്രമായിരുന്നു ദൂരെ ദൂരെ ഒരു കൂടു കൂട്ടാം. മാമുക്കോയയുടെയും ജഗതിയുടെയും കോമ്പിനേഷനിലുള്ള ഈ ചിത്രത്തിലെ കോമഡി രംഗങ്ങൾ കാണാത്ത മലയാളികൾ വളരെ ചുരുക്കമായിരിക്കും.
Read Also: കോഴിക്കോടിന്റെ ഐക്കണായിരുന്നു മാമുക്കോയ; ഹാസ്യശാഖയിൽ രാജാവായിരുന്നു; ജോയ് മാത്യു
മലയാള സിനിമയിലെ ആദ്യ കൊമേഡിയന്‍ അവാര്‍ഡ് ലഭിച്ചതും മറ്റാർക്കുമായിരുന്നില്ല. അത് കോമഡിയുടെ തമ്പുരാനായ സാക്ഷാൽ മാമുക്കോയക്കായിരുന്നു. മികച്ച കൊമേഡിയനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിക്കുന്ന ആദ്യ നടനാണ് അദ്ദേഹം. തന്‍റേതായ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ അദ്ദേഹം നിരവധി അവാര്‍ഡുകള്‍ക്കും അര്‍ഹനായിട്ടുണ്ട്. 2008ല്‍ ‘ഇന്നത്തെ ചിന്താ വിഷയം’ എന്ന സിമയിലെ പ്രകടനത്തിനാണ് മികച്ച കോമഡി താരത്തിനുള്ള അവാര്‍ഡ് മാമുക്കോയയ്ക്ക് ലഭിച്ചത്. ‘പെരുമഴക്കാലം’ എന്ന സിനിമയിലൂടെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ അദ്ദേഹത്തിന് പ്രത്യേക പരാമർശവും ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് സ്വദേശിയായ അദ്ദേഹം നാടകരംഗത്തു നിന്നുമാണ് സിനിമയിൽ എത്തിയത്. മുഹമ്മദ് എന്നാണ് യഥാർത്ഥ നാമം. കോഴിക്കോടൻ സംഭാഷണശൈലിയുടെ സമർത്ഥമായ പ്രയോഗത്തിലൂടെയാണ് മാമുക്കോയ ശ്രദ്ധിക്കപ്പെട്ടത്. മുസ്ലിം സംഭാഷണശൈലിയാണ് മാമുക്കോയയുടെ ഏറ്റവും പ്രധാന പ്രത്യേകത. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ നാടക പ്രവർത്തകനായിരുന്നു മാമുക്കോയ. കോഴിക്കോട് മൈത്ര ആശുപത്രിയിൽ വച്ചായിരുന്നു മാമുക്കോയയുടെ അന്ത്യം. ഏപ്രിൽ 24 ന് മലപ്പുറം വണ്ടൂരിലെ സെവൻസ് ടൂർണമെന്റ് ഉദ്ഘാടനത്തിനെടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്.
കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞ്, ചെമ്മങ്ങാട് റഹ്‌മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രവേദിയിൽ എത്തിയത്. സിനിമകളിൽ കോമഡി വേഷങ്ങളാണ് കൂടുതലും ചെയ്തത്.
Story Highlights: Mamukkoya’s role as a teacher Doore Doore Oru Koodu Koottam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here