Advertisement

ഡൽഹിയും, പെരുമ്പാവൂരും അത്ര ദൂരെയല്ലെന്ന് നമ്മൾ അറിയുന്നു; ഗൂഢാലോചന നടത്തുമ്പോഴും ദിലീപിന്റെ പോസ്റ്റ്

July 12, 2017
Google News 1 minute Read
dileep

ഇരയോട്‌ വേട്ടക്കാരൻ കാണിക്കാത്ത മനുഷ്യാവകാശം, വേട്ടക്കാരനോട്‌ നിയമവും സമൂഹവും എന്തിനുകാണിക്കണം. നിയമങ്ങൾ കർക്കശമാവണം, നിയമം ലംഘിക്കുന്നവന്‌ ശിക്ഷിക്കപ്പെടുമെന്ന ഭയം ഉണ്ടാവണം എങ്കിലെ കുറ്റങ്ങൾക്കും, കുറ്റവാളികൾക്കും കുറവുണ്ടാവൂ.എങ്കിലെ സൗമ്യമാരും, നിർഭയമാരും, ജിഷമാരും ഇനിയും ഉണ്ടാവാതിരിക്കൂ. 2016 മെയ് മാസത്തില്‍ ദിലീപ് എഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റിലെ വരികളാണിത്.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തിനെതിരെയായിരുന്നു അന്നത്തെ ജനപ്രിയനായകന്റെ പോസ്റ്റ്.
പോലീസ് കണ്ടെത്തിയ തെളിവുകള്‍ ശരിയാണെങ്കില്‍ ഈ പോസ്റ്റ് എഴുതുമ്പോഴും നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കുകയായിരുന്നു ദിലീപ് . നാല് കൊല്ലം മുമ്പായി തുടങ്ങിയ ഗൂഢാലോചനയ്ക്ക് മനസില്‍ പൂര്‍ണ്ണരൂപം നല്‍കുമ്പോള്‍ തന്നെയാണ് ഈ പോസ്റ്റ് ദിലീപ് എഴുതുന്നതും.

പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്നതിലെ ആശങ്ക വിവരിച്ച് കൊണ്ടാണ് പോസ്റ്റ്. ഒരമ്മയുയുടെ മകൻ എന്ന് നിലയിൽ , ഒരു സഹോദരിയുടെ ഏട്ടൻ എന്ന നിലയിൽ, ഒരു പെൺകുട്ടിയുടെ അച്‌ഛൻ എന്ന നിലയിൽ ഇതെന്നെ ഭയപ്പെടുത്തുകയും, അസ്വസ്ഥനാക്കുകയുംചെയ്യുന്നുവെന്നാണ് ദിലീപ് എഴുതിയിരിക്കുന്നത്. എത്രമാത്രം ആത്മാര്‍ത്ഥത ഇല്ലാത്ത വാക്കുകളായിരുന്നു അതെന്ന് കേരളം തിരിച്ചറിയാന്‍ ദിലീപ് പിടിയിലാകേണ്ടി വന്നുവെന്ന് മാത്രം.
കൊടും കുറ്റവാളികൾ എത്രയും പെട്ടന്ന് തന്നെ ശിക്ഷിക്കപ്പെടണം,
ആ ശിക്ഷ ഓരോകുറ്റവാളിയും ഭയപ്പെടുന്നതാവുകയും വേണം, ഇരയോട്‌ വേട്ടക്കാരൻ കാണിക്കാത്ത മനുഷ്യാവകാശം, വേട്ടക്കാരനോട്‌ നിയമവും സമൂഹവും എന്തിനുകാണിക്കണം എന്നും പോസ്റ്റിലുണ്ട്. മനസിന്റെ ഒരു കോണില്‍ പോലും തട്ടാതെ ദിലീപ് എഴുതിയ ഈ പോസ്റ്റിലെ ഈ മനോഭാവം തന്നെയാണോ സ്ത്രീകളെ അപമാനിക്കുന്ന ആ കുറ്റവാളികളോട് ദിലീപിന് ഇന്നുള്ളത്? അഞ്ച് സഹതടവുകാരോടൊപ്പം ഒരു കുറ്റവാളിയായി ജയിലറയില്‍ കഴിയുമ്പോള്‍ താന്‍ അന്ന് എഴുതിയ പോസ്റ്റിലെ ആ  വേട്ടക്കാരന്‍ താനാണെന്ന് ദിലീപ് തിരിച്ചറിഞ്ഞിരിക്കുമോ?  ഇത്‌ ഞാൻ പറയുന്നത്‌ എനിക്കുവേണ്ടി മാത്രമല്ല, പെണ്മക്കളുള്ള എല്ലാ അച്‌ ഛനമ്മമാർക്കും വേണ്ടിയാണ് എന്ന പറഞ്ഞ ദിലീപ്  ആക്രമിക്കപ്പെട്ട നടിയുടെ അമ്മയെ കുറിച്ച് ഒരിക്കലെങ്കിലും ഓര്‍ത്തില്ല.  വൈരാഗ്യത്തില്‍ അന്ധനായി നാല് വര്‍ഷത്തോളം ഒരു പെണ്‍കുട്ടിയെ അപമാനിക്കാനും, ജീവിതം തകര്‍ക്കാനും അലഞ്ഞ ഒരു കൊടും കുറ്റവാളിയുടെ മുഖമാണ് ഇന്നും ഇത് വിശ്വസിക്കാന്‍ പ്രയാസപ്പെടുന്ന ഒരോ മലയാളിയ്ക്ക് മുന്നിലും ഇന്ന് ദിലീപിനുള്ളത്.

ദിലീപിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം 

നമ്മുടെ നാട്‌ എങ്ങോട്ടാണു പോകുന്നത്‌? ഓരോ ദിനവും പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളുടെ ഭയപ്പെടുത്തുന്ന കഥകളാണ്‌ പുറത്ത്‌ വരുന്നത്‌, ഒരമ്മയുയുടെ മകൻ എന്ന് നിലയിൽ , ഒരു സഹോദരിയുടെ ഏട്ടൻ എന്ന നിലയിൽ, ഒരു പെൺകുട്ടിയുടെ അച്‌ഛൻ എന്ന നിലയിൽ ഇതെന്നെ ഭയപ്പെടുത്തുകയും, അസ്വസ്ഥനാക്കുകയുംചെയ്യുന്നു.
സ്വന്തം വീടിന്റെ ഉള്ളിൽപ്പോലും ഒരു പെൺക്കുട്ടി സുരക്ഷിതയല്ല എന്ന തിരിച്ചറിവ്‌ എന്നെപ്പോലെ പെണ്മക്കളുള്ള എല്ലാ അച്‌ഛനമ്മമാരുടേയും തീരാവേദനയാണ് .
ദൽഹിയും, പെരുമ്പാവൂരും അത്ര ദൂരെയല്ലെന്ന് നമ്മൾ അറിയുന്നു. ആരെയാണു നമ്മൾ രക്ഷകരായ്‌ കാണേണ്ടത്‌? ഗോവിന്ദച്ചാമിമാർ തിന്നുകൊഴുത്ത്‌ ജയിലുകളിൽ ഇന്നും ജീവനോടെ ഇരിക്കുന്നതിന് ആരാണു കാരണക്കാർ, നമ്മൾ തന്നെ, നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം! അതെ കൊടുംകുറ്റവാളികൾ പോലും നമ്മുടെ നിയമവ്യവസ്ഥയുടെ “ലൂപ്പ്‌ ഹോൾസി”ലൂടെ ആയുസ്സ്‌ നീട്ടിക്കൊണ്ടു പോകുന്നു, അതുകൊണ്ടുതന്നെ കൊടുംക്രൂരതകൾ വീണ്ടും അരങ്ങേറുന്നു, ഇതിനൊരു മാറ്റം വേണ്ടെ? കാലഹരണപ്പെട്ട നിയമങ്ങൾമാറ്റിയെഴുതപ്പെടണം. കൊടും കുറ്റവാളികൾ എത്രയും പെട്ടന്ന് തന്നെ ശിക്ഷിക്കപ്പെടണം,
ആ ശിക്ഷ ഓരോകുറ്റവാളിയും ഭയപ്പെടുന്നതാവുകയും വേണം, ഇരയോട്‌ വേട്ടക്കാരൻ കാണിക്കാത്ത മനുഷ്യാവകാശം, വേട്ടക്കാരനോട്‌ നിയമവും സമൂഹവും എന്തിനുകാണിക്കണം.
നിയമങ്ങൾ കർക്കശമാവണം, നിയമം ലംഘിക്കുന്നവന്‌ ശിക്ഷിക്കപ്പെടുമെന്ന ഭയം ഉണ്ടാവണം എങ്കിലെ കുറ്റങ്ങൾക്കും, കുറ്റവാളികൾക്കും കുറവുണ്ടാവൂ.
എങ്കിലെ സൗമ്യമാരും, നിർഭയമാരും, ജിഷമാരും ഇനിയും ഉണ്ടാവാതിരിക്കൂ.
അതിന്‌ ഒറ്റയാൾ പോരാട്ടങ്ങളല്ല വേണ്ടത്‌ എല്ലാ രാഷ്ട്രീയപ്പാർട്ടികളും, സാമൂഹ്യ, സാംസ്കാരികപ്രവർത്തരും ചേർന്നുള്ള ഒരു മുന്നേറ്റമാണ്‌.
ഇത്‌ ഞാൻ പറയുന്നത്‌ എനിക്കുവേണ്ടി മാത്രമല്ല, പെണ്മക്കളുള്ള എല്ലാ അച്‌ ഛനമ്മമാർക്കും വേണ്ടിയാണ്.

NB:ഇതോടൊപ്പമുള്ള ചിത്രം വാട്ട്‌ സാപ്പിൽ നിന്നുംകിട്ടിയതാണു,ശിൽപ്പി ആരായാലും അഭിനന്ദനം അർഹിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here