മെഡിക്കൽ കോളേജ് അഴിമതി; ബിജെപി പ്രതിരോധത്തിൽ

മെഡിക്കൽ കോളേജ് അഴിമതി ആരോപണത്തിൽ കുടുങ്ങി ബിജെപി. കേന്ദ്ര നേതൃത്വം ബിജെപിയുടെ കയ്യിലാണെന്നിരിക്കെ സംസ്ഥാന നേതാക്കൾ അഴിമതി ആരോപണങ്ങളിൽ ക്രൂശിക്കപ്പെടുന്നത് മോഡി സർക്കാരിന് തലവേദയാകുകയാണ്.
വാജ്‌പേയി സർക്കാരിന്റെ കാലഘട്ടത്തിൽ പെട്രോൾ പമ്പ് അഴിമതിയായിരുന്നെങ്കിൽ ഇപ്പോൾ മെഡിക്കൽ കോളേജ് അനുവദിക്കാമെന്ന പേരിൽ നടത്തിയ അഴിമതിയാണ് ബിജെപിയ്ക്ക് തിരിച്ചടിയാകുന്നത്. മെഡിക്കാൽ കേളേജുകൾക്ക് കേന്ദ്രാനുമതി നേടിക്കൊടുക്കാമെന്ന പേരിൽ നേതാക്കൾ അഞ്ച് കോടി അറുപത് ലക്ഷം രൂപ കൈപ്പറ്റിയതായാണ് ആരോപണം.
അംഗീകാരം നേടിക്കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങി നേതാക്കൾ വഞ്ചിച്ചുവെന്ന വർക്കല എസ് ആർ എജുക്കേഷൻ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ആർ ഷാജി നേതൃത്വത്തിന് പരാതി നൽകിയതോടെയാണ് ഇത് പുറംലോകമറിയുന്നത്.
ബിജെപി സംസ്ഥാന സെക്രട്ടറി എം ടി രമേശിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത് എന്നിരിക്കെ പാർട്ടി ഏർപ്പെടുത്തിയ രണ്ടംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ട് ചോർന്നതും ബിജെപിയെ പ്രതിരോധത്തിലാക്കുന്നു.
അതേസമയം കേരള ബിജെപി നേതൃത്വം നടത്തിയ അഴിമതി ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് എം ബി രാജേഷ് എം പി ലോക്‌സഭയിൽ അടിയന്തിര പ്രമേയ നോട്ടീസ് നൽകിയത് കേന്ദ്ര നേതൃത്വത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എന്നാൽ സ്പീക്കർ നോട്ടീസ് അംഗീകരിച്ചില്ല. ഇതേ തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം ആരംഭിച്ചതോടെ സമ്മേളനം തൽക്കാരലത്തേക്ക് നിർത്തിവെക്കേണ്ടിയും വന്നു.
അഴിമതി ആരോപണം ഒരു പ്രാദേശിക വിഷയമല്ല, രാജ്യന്തര പ്രശ്‌നമായി തന്നെ ഉയർത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഡൽഹിയിൽനിന്നുള്ള ഇടപെടലുകളും കോഴ വാങ്ങിയതിലുണ്ടെന്നും ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് ലോക്‌സഭ ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
കേന്ദ്രത്തിലും കേരളത്തിലും ബിജെപി ഈ അഴിമതി ആരോപണത്തിൽ ഉഴലുമ്പോൾ സംസ്ഥാന എൻഡിഎ ഘടകം കൂടിയായ ബിഡിജെഎസിന്റെ പിന്നണിയിൽ അണിനിരക്കുന്ന എസ്എൻഡിപിയുടെ നേതാവുകൂടിയായ വെള്ളാപ്പള്ളി നടേശൻ ബിജെപിയെ തള്ളി രംഗത്തെത്തി.
കേരളത്തിലെ ബിജെപി അഴിമതിയിൽ മുങ്ങുമ്പോൾ അപമാനിക്കപ്പെടുന്നത് മോഡിയാണെന്നും മോഡിയും അമിത് ഷായും കേരള ബിജെപി നേതൃത്വത്തെ ശുദ്ധീകരിക്കണമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. കോടികൾ മറിഞ്ഞെന്ന് നാട്ടുകാർ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിരവധി സ്വാശ്രയ കോളേജുകൾ നടത്തുന്ന വെള്ളാപ്പള്ളിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം ബിജെപി നേതൃത്വം കോഴ വാങ്ങിയെന്ന ആരോപണത്തെ ശക്തിപ്പെടുത്തുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here