നഴ്‌സിംഗ് സമരം ഒത്തുതീർപ്പായി

- അടിസ്ഥാന ശമ്പളം 20000 രൂപ
- ഒത്തുതീർപ്പ് മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ
നഴ്‌സിംഗ് സമരം ഒത്തുതീർപ്പാക്കി. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിലാണ് സമരം ഒത്തുതീർപ്പാക്കാൻ തീരുമാനമായത്. നഴ്‌സ്മാരുടെ അടിസ്ഥാന ശമ്പളം 20000 രൂപയാക്കും. മുഖ്യമന്ത്രി വിളിച്ച് ചേർത്ത നഴ്‌സ്മാരുടെ സംഘടനാ പ്രതിനിധികളുടെയും മാനേജ്‌മെന്റ് സംഘടനാ പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.
50 കിടക്കകൾ വരെയുള്ള സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്‌സ്മാരുടെ അടിസ്ഥാന ശമ്പളമാണ് 20000 രൂപയായി ഉയർത്തിയിരിക്കുന്നത്. അതിനുമുകളിൽ കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സമാരുടെ ശമ്പളം തീരുമാനിക്കാൻ സെക്രട്ടറിതലസമിതിയെ രൂപീകരിക്കാനും സർക്കാർ തീരുമാനമായി.
നഴ്‌സിംഗ് ട്രെയിനിമാരുടെ സ്റ്റൈപ്പന്റ് കാലാനുസൃതമായി വർധിപ്പിക്കും. അതും ട്രെയിനിങ് പിരിയഡ് സംബന്ധിച്ച കാര്യവും സമിതി പരിഗണിച്ചു നിർദേശം നൽകും. ഒരു മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കണം. സംഭവത്തെ തുടർന്ന് നഴ്‌സ്മാർ സമരം നടത്തിവന്ന സെക്രട്ടേറിയേറ്റിന് മുന്നിൽ ആഹ്ലാദപ്രകടനങ്ങൾ നടക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here