പണമില്ലാതെ പഠനം നിർത്താനൊരുങ്ങിയ വിദ്യാർത്ഥിനിയ്ക്ക്‌ ആശ്വാസമേകി മന്ത്രിയുടെ ഇടപെടൽ

kadakampalli

സഹായവുമായി സഹകരണവകുപ്പ് ജീവനക്കാർ

പണമില്ലാതെ പഠനം പാതിവഴിയിൽ അവസാനിപ്പിക്കാനൊരുങ്ങിയ പെൺകുട്ടിയ്ക്ക് ആശ്വാസവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എല്ലാ പരീക്ഷയും ഡിസ്റ്റിംഗ്ഷനോട് കൂടി പാസായ തുരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അർച്ചന, എഞ്ചിനീയറിംഗ് കോഴ്‌സിന്റെ രണ്ടാം വർഷ ഫീസ് അടയ്ക്കാൻ വഴിയില്ലാതെ പഠനം നിർത്താൻ ആലോചിക്കുകയായിരുന്നു. എന്നാൽ അർച്ചനയുടെ സാമ്പത്തികാവസ്ഥ മനസ്സിലാക്കിയ മന്ത്രി ഒരു വർഷത്തേക്ക് ഫീസടയ്ക്കാനുള്ള തുക അർച്ചനയ്ക്ക് കൈമാറി.

അച്ഛൻ ഉപേക്ഷിച്ചുപോയ അർച്ചനയുടെ കുടുംബത്തിൽ അമ്മ തയ്യൽ തൊഴിൽ ചെയ്ത് കിട്ടുന്ന ചെറിയൊരു വരുമാനം കൊണ്ടാണ് അർച്ചനയും പ്ലസ്ടുവിന് പഠിക്കുന്ന സഹോദരിയും കഴിയുന്നത്. സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത ഈ കുടുംബത്തിൽ നിന്ന് പ്ലസ്ടൂ 90 ശതമാനം മാർക്കോടെ പാസായ അർച്ചനയ്ക്ക് പത്തനാപുരത്തെ സഹകരണ എഞ്ചിനീയറിംഗ് കോളേജിൽ മെറിറ്റിൽ കംപ്യൂട്ടർ സയൻസ് കോഴ്‌സിന് അഡ്മിഷൻ കിട്ടി. പലിശയ്‌ക്കെടുത്ത പണം കൊണ്ടാണ് ആദ്യ വർഷത്തെ ഫീസ് അടച്ചത്.

ഒന്നാം വർഷത്തെ എല്ലാ വിഷയങ്ങളും നല്ല മാർക്കോടെ വിജയിച്ചെങ്കിലും രണ്ടാം വർഷത്തെ ഫീസ് അടയ്ക്കാൻ യാതൊരു നിർവാഹവുമുണ്ടായില്ല. പിഴയോടെ ഫീസ് അടയ്ക്കാൻ ഏതാനും ദിവസം മാത്രം ബാക്കിനിൽക്കേ, അവസാന ആശ്രയമെന്ന നിലയിൽ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു.

സെക്രട്ടേറിയേറ്റ് അനക്‌സിലെ ഓഫീസിൽ വന്നു കണ്ട അർച്ചനയോട് പരിഹാരമുണ്ടാക്കാമെന്നും, പഠിത്തം നിർത്തരുതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മന്ത്രിയുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരം ജില്ലാ സഹകരണ വകുപ്പ് എംപ്ലോയീസ് സഹകരണ സംഘം അർച്ചനയുടെ ഒരു വർഷത്തെ ഫീസ് വഹിക്കാൻ തീരുമാനിച്ചു. പ്രതിസന്ധിയിൽ അകപ്പെട്ട അർച്ചനയ്ക്കും കുടുംബത്തിനും ആശ്വാസമേകി ഒരു വർഷത്തെ ഫീസിനുള്ള ചെക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top