ശ്രീധരനെ വിഷം കൊടുത്ത് കൊന്നത് ഭാര്യയ്ക്ക് ബംഗാളിയായ കാമുകനൊപ്പം ജീവിക്കാൻ

മൊകേരിയിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട കേസിൽ ബംഗാളി അറസ്റ്റിലായതോടെ കൂടുതൽ വിവരങ്ങൾ പുറത്ത്. 42 കാരനായ ശ്രീധരനെ ബംഗാളിയായ പരിമൾ ഹർദാൻ കൊലപ്പെടുത്തിയത് ശ്രീധരന്റെ ഭാര്യയുടെയും ഭാര്യാ മാതാവിന്റെയും സമ്മതത്തോടെ. കേസിൽ ശ്രീധരന്റെ ഭാര്യ ഗിരിജ (35), ഭാര്യാ മാതാവ് ദേവി (60) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ 8നാണ് ശ്രീധരൻ കൊല്ലപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വീട്ടുകാർ പറഞ്ഞിരുന്നത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയതോടെ പോലീസ് ഭാര്യയെയും ഭാര്യാ മാതാവിനെയും ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭ്യമായത്. തുടർന്നാണ് ഇരുവരെയും പരിമളിനെയും പോലീസ് പിടികൂടിയത്.
ഭക്ഷണത്തിൽ വിഷം ചേർത്ത് ശ്രീധരന് നൽകിയാണ് കൊലപ്പെടുത്തിയത്. ബംഗാളിലെ നദിയ സ്വദേശിയായ പരിമളുമായുള്ള ഗിരിജയുടെ ബന്ധം ശ്രീധരൻ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണം. അഞ്ച് മാസം മുമ്പാണ് പരിമൾ വീട് പണിയ്ക്കായി ശ്രീധരന്റെ വീട്ടിലെത്തുന്നത്. ശ്രീധരനെ ഒഴിവാക്കി പരിമളിനൊപ്പം ജീവിക്കാൻ വേണ്ടിക്കൂടിയാണ് ഗിരിജയും അമ്മ ദേവിയും കൊലനടത്താൻ കൂട്ടുനിന്നത്.
കൃത്യം നടത്തി മുങ്ങിയ പരിമളിനെ ഗിരിജയിൽനിന്ന് മൊബൈൽ നമ്പർ വാങ്ങി, ടവർ ലൊക്കേഷൻ കണ്ടെത്തി കണ്ടുപിടിയ്ക്കുയായിരുന്നു. ഇയാൾ കേരളം വിട്ടിട്ടില്ലെന്ന് അറിഞ്ഞ് ഗിരിജയെക്കൊണ്ട് ഫോൺ ചെയ്യിച്ച് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽവച്ച് പിടികൂടുകയായിരുന്നു.
ഹൃദയാഘാതമാണെന്നതിനാൽ പോസ്റ്റ് മോർട്ടം നടത്താതെയാണ് മൃതദേഹം സംസ്കരിച്ചത്. എന്നാൽ മൃതദേഹം സംസ്കരിക്കുന്നതിന് മുമ്പ് കുളിപ്പിച്ചപ്പോൾ ശരീരത്തിൽ മുറിപ്പാടുകൾ കണ്ടുവെന്ന് നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തുകയായിരുന്നു. ഇതിലാണ് വിഷം ഉള്ളിൽച്ചെന്നാണ് മരണമെന്ന് കണ്ടെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here