മദനിയെ ദ്രോഹിക്കുന്ന കർണാടകയെ സുപ്രീം കോടതി കുടഞ്ഞു

ആകെ കോടതി നടപടികൾ നീണ്ടത് വെറും 7 മിനിറ്റ്. വാദവും പ്രതിവാദവും ഒക്കെ വളരെ പെട്ടെന്നായിരുന്നു. കർണാടകയുടെ അഭിഭാഷകന്റെ മിണ്ടാട്ടം മുട്ടിച്ച് സുപ്രീം കോടതി മദനിയോടുള്ള ഒരു സംസ്ഥാനത്തിന്റെ ദ്രോഹത്തിന്റെയും അതിന് പിന്നിലെ ഗൂഢലക്ഷ്യത്തിന്റെയും ഉള്ളറകൾ പൊളിച്ചത് ഈ പറഞ്ഞ 7 മിനിറ്റിനുള്ളിൽ തന്നെ. പ്രഗത്ഭ അഭിഭാഷകൻ പ്രശാന്ത് ഭൂഷണിൽ തുടങ്ങിയ നടപടികൾ നീതിന്യായ ചരിത്രത്തിൽ ഇടംപിടിക്കാൻ തന്നെ സാധ്യത.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ അബ്ദുൽ നാസിർ മദനിയ്ക്ക് കേരളത്തിലേക്ക് മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയെങ്കിലും ആ യാത്ര തടസ്സപ്പെടുത്താൻ കർണാടക സർക്കാർ ഭീമമായ ഒരു തുക മദനിക്ക് ചുമത്തി. യാത്രയ്ക്കും സുരക്ഷാ ചിലവിനത്തിലും ആണ് 12 .5 ലക്ഷം രൂപ കർണാടകം മദനിയോട് ആവശ്യപ്പെട്ടത്. ഇതിനെ ചോദ്യം ചെയ്താണ് കോടതിയിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തന്റെ വാദങ്ങൾ നിരത്തിയത്.

പ്രശാന്ത് ഭൂഷൺ (മദനിയുടെ അഭിഭാഷകൻ) – മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മദനിയെ അനുവദിക്കുന്ന ഉത്തരവ് ബഹുമാനപ്പെട്ട കോടതി നൽകിയിരുന്നു. മദനിയുടെ യാത്രയിൽ സുരക്ഷ നൽകുന്നതിനായി ആവശ്യം വരുന്ന ന്യായമായ ചിലവ് മദനിയിൽ നിന്ന് തന്നെ ഈടാക്കാനും ബഹുമാനപ്പെട്ട കോടതി കർണാടക സർക്കാരിന് നിർദേശം നൽകിയിരുന്നു. എന്നാലിപ്പോൾ കർണാടക അറിയിച്ചിരിക്കുന്നത് ഇതിനായി 15 ലക്ഷത്തോളം രൂപ ചിലവാകും എന്നാണ്. ബഹുമാനപ്പെട്ട അങ്ങയുടെ ഉത്തരവ് തടസ്സപ്പെടുത്താനാണ് കർണാടകം ശ്രമിക്കുന്നത്. കഴിഞ്ഞ തവണ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മദനി ചിലവിനത്തിൽ നൽകിയത് പതിനെണ്ണായിരം രൂപ മാത്രമാണ്. ബഹുമാനപ്പെട്ട ജസ്റ്റിസ് ചെലമേശ്വർ ഒരിക്കൽ രോഗബാധിതയായി കിടക്കുന്ന മാതാവിനെ സന്ദർശിക്കാൻ മദനിയെ അനുവദിച്ചിരുന്നു. അന്ന് യാത്രയും സുരക്ഷയും സൗജന്യമായിരുന്നു. മദനി അംഗവൈകല്യം ഉള്ളയാളാണ്. അവർ അങ്ങയുടെ ഉത്തരവ് തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണ്. ദയവായി പരിശോധിച്ചാലും.

(മദനിയുടെ അഭിഭാഷകരിൽ ഒരാൾ നൽകിയ രേഖകൾ ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയും ജസ്റ്റിസ് എൽ. നാഗേശ്വര റാവുവും വായിച്ചു. )

ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ (അതിശയത്തിൽ ചോദ്യം കർണാടകയുടെ അഭിഭാഷകൻ അരിസ്റ്റോട്ടിലിനോട്) – ഇതെന്താണ് ? എത്രയാണിത് ?

അരിസ്റ്റോട്ടിൽ – (എഴുന്നേൽക്കുന്നു . ഉത്തരം പറയുന്നില്ല. )

പ്രകാശ് (കേരളത്തിന്റെ അഭിഭാഷകൻ കോടതിയോട് ) – മദനിയ്ക്ക് സുരക്ഷ ഒരുക്കാൻ ഞങ്ങൾ (കേരളം) തയ്യാറാണ് !

അരിസ്റ്റോട്ടിൽ – ഇതിൽ കേരളത്തിന് എന്താണ് കാര്യം ? അയാൾ ഞങ്ങളുടെ കസ്റ്റഡിയിൽ ആണ്.

പ്രശാന്ത് ഭൂഷൺ- കേരളം പറയുന്നത് , അവരുടെ മണ്ണിൽ സുരക്ഷ ഒരുക്കാൻ തയ്യാറാണ് എന്നാണ്.

ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ- അത് മറ്റൊരു കാര്യം. (അത് വിട്ടേക്കൂ എന്നർത്ഥത്തിൽ)

ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ (അരിസ്റ്റോട്ടിലിനോട്) – മദനി ഒരിക്കലും യാത്ര ചെയ്യാതിരിക്കുക എന്നതാണോ നിങ്ങളുടെ ആവശ്യം ?

അരിസ്റ്റോട്ടിൽ – ചാർജുകൾ (മദനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ ) ഗുരുതരമാണ്.

ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ- എന്തൊക്കെ ചാർജുകൾ ആണെന്നതിനെ കുറിച്ച് ഞങ്ങൾക്കും കുറച്ചൊക്കെ അറിയാം.

അരിസ്റ്റോട്ടിൽ – ഞങ്ങൾ 12.54 ലക്ഷവും അതിന്റെ നികുതിയും ഉൾപ്പെടുത്തി ഒരു ബില്ല് നൽകിയിട്ടുണ്ട്.

(ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയും ജസ്റ്റിസ് എൽ. നാഗേശ്വര റാവുവും പരസ്പരം ചർച്ച ചെയ്യുന്നു.)

ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ- ഒരു എ.സി.പി.ലെവൽ ഉദ്യോഗസ്ഥൻ ഒരു ദിവസം 8472 രൂപ ചാർജ് ചെയ്യുന്നു. 13 ദിവസത്തേക്ക് 2,59000 രൂപ ഈ എ.സി.പി.ക്ക് നിങ്ങൾ ചാർജ്ജ് ചെയ്യുന്നു?

അരിസ്റ്റോട്ടിൽ – അതെ! ഏറ്റവും പുതിയ ശമ്പള നിരക്കുകൾ അനുസരിച്ച് അവർ അതിനർഹരാണ്‌ .

ജസ്റ്റിസ് – ശമ്പള നിരക്കുകൾ മറന്നേക്കൂ… മദനി അയാളുടെ തൊഴിലുടമ അല്ല. നിങ്ങളുടെ ഉദ്യോഗസ്ഥൻ ഡ്യൂട്ടിയിൽ ആണ്. അതിന് അദ്ദേഹം ശമ്പളവും പറ്റുന്നുണ്ട്. അവർക്ക് ടി.എ. യും ഡി.എ.യും മാത്രം ലഭിക്കാനാണ് അർഹത. കേരളത്തിൽ ഈ ഉദ്യോഗസ്ഥർക്ക് വേറെ പ്രത്യേക പണി വല്ലതും ഉണ്ടോ ? കൃത്യമായി ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരാണ് അവർ. ഇപ്പോൾ വെറും ഒരാളുടെ മേൽ ഒരു കണ്ണ് എന്ന നിലയ്ക്ക് ‘എ’ എന്ന സ്ഥലത്ത് നിന്നും ‘ബി’ എന്ന സ്ഥലത്തേക്ക് പോകുന്നു. അപ്പോൾ ടി.എ. യും ഡി.എ.യും മാത്രം ആണ് അവർക്ക് ലഭിക്കാൻ യോഗ്യത ഉള്ളൂ.

അരിസ്റ്റോട്ടിൽ – എനിക്ക് ലഭിച്ച നിർദേശങ്ങൾ …

ജസ്റ്റിസ്- സാമാന്യ ബുദ്ധി ഉപയോഗിക്കൂ… നിങ്ങൾ ഒരു ഡ്രൈവർക്ക് 4000 രൂപ ചാർജ് ചെയ്യുന്നു. എന്തായാലും അയാൾ വണ്ടി ഓടിക്കുകയും ശമ്പളം കിട്ടുകയും ചെയ്യുന്നു. എന്താണ് ഈ അകമ്പടി എന്നത് കൊണ്ട് നിങ്ങൾ അർഥമാക്കുന്നത് ?

അരിസ്റ്റോട്ടിൽ – എനിക്ക് ഇന്നലെ രാത്രി 10 മണിക്കാണ് നിർദേശങ്ങൾ ലഭിച്ചത്. ദയവായി കേസ് നാളത്തേക്ക് മാറ്റി വയ്ക്കണം. ഞാൻ കൂടുതൽ നിർദേശങ്ങൾ എടുക്കാം.

ജസ്റ്റിസ്- കോടതി ഉത്തരവിനെ അട്ടിമറിക്കരുത്. ഇക്കാര്യത്തിൽ കർണാടകം സർക്കാർ കുറച്ചു കൂടി ഗൗരവം കാണിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

പ്രകാശ്- കേരളം സെക്യൂരിറ്റി നൽകാൻ തയ്യാറാണ്.

ജസ്റ്റിസ്- നിങ്ങളുടെ സെക്യൂരിറ്റി ഞങ്ങൾക്ക് വേണ്ട. എന്തിനാണ് മദനിക്ക് നിങ്ങളുടെ സുരക്ഷ? കേസ് കർണാടകയിൽ ആണ്. കർണാടകത്തിന് ആവശ്യമെങ്കിൽ നിങ്ങൾ അധിക സെക്യൂരിറ്റി നൽകിയാൽ മതിയാകും. എന്തായാലും ഒരാളുടെ കൂടെ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് കൂടെ വന്നാൽ തുടർന്നും അവർക്കു തന്നെ യാത്ര മുഴുവനും തുടരാം. (കർണാടകയോടായി തുടരുന്നു …) ഒരാൾക്ക് സുരക്ഷയൊരുക്കാൻ വേണ്ട ടി.എ. യും ഡി.എ.യും ഞങ്ങളെ അറിയിക്കൂ.

പ്രശാന്ത് ഭൂഷൺ- കഴിഞ്ഞ തവണ വെറും നാല് പേരാണ് ഗാർഡായി ഉണ്ടായിരുന്നത്. മദനി ഒരു അംഗവൈകല്യം ഉള്ള ആളാണ്.

അരിസ്റ്റോട്ടിൽ- സംസ്ഥാനം ഇതിനോടകം സുരക്ഷയ്ക്കായി ആറ് കോടി രൂപ മുടക്കിയിട്ടുണ്ട്.

ജസ്റ്റിസ്- സുരക്ഷ നിങ്ങളുടെ ജോലിയാണ്. സുരക്ഷയും ഗാർഡും ഒരുക്കുന്ന രീതി ഇതല്ല. കാര്യങ്ങൾ ഗൗരവത്തിൽ എടുക്കൂ. എന്തധികാരത്തിലാണ് നിങ്ങൾ ഇതൊക്കെ ചെയ്യുന്നത് ? ഏതു സ്ഥലത്താണ് നിങ്ങൾ ഇതൊക്കെ പറയുന്നത് ? കർണാടകയോട് പറയൂ ഇതിന്റെ പ്രത്യാഘാതത്തെ കുറിച്ച്. ഇങ്ങനെയാണോ ഈ കോടതിയുടെ ഉത്തരവുകൾ നടപ്പിലാക്കുന്നത് ? സുപ്രീംകോടതി പോലുള്ള സ്ഥാപനങ്ങളോടുള്ള കർണാടകയുടെ സമീപനം ഇതാണോ ? പുതിയ നിർദേശങ്ങളുമായി നാളെ വരൂ.

(ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയും ജസ്റ്റിസ് എൽ. നാഗേശ്വര റാവുവും പരസ്പരം ചർച്ച ചെയ്യുന്നു.)

ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ – കേസ് നാളത്തേക്ക് മാറ്റി വച്ചിരിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top