ഹിരോഷിമ ദിനത്തിൽ യുദ്ധത്തിന്റെ അനന്തരഫലങ്ങൾ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി

ഇന്ന് ഓഗസ്റ്റ് 6. ലോക ഹിരോഷിമ ദിനം. 62 വർഷങ്ങൾക്ക് മുമ്പ് ഈ ദിവസം ജപ്പാനിലെ ഹിരോഷിമ ചുട്ടുപഴുത്ത തീഗോളങ്ങളിൽ വെന്തുരുകുകയായിരുന്നു. രണ്ടാം ലോക മഹായുദ്ധാനന്തരം അധീശത്വ ശക്തിയായി മാറിയ അമേരിക്ക വർഷിച്ച തീ ഗോളങ്ങൾ ജപ്പാനിലെ തലമുറകളോളം പ്രവഹിച്ച് ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അന്നത്തെ അവസ്ഥയിൽനിന്ന് ശക്തി പ്രാപിച്ച് ജപ്പാൻ ഏറെ മുന്നോട്ട് പോയെങ്കിലും ഒരു യുദ്ധം വരുത്തിവയ്ക്കുന്ന നാശനഷ്ടം ചെറുതല്ലെന്ന് ഓർമ്മിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.
ഓരോ ഹിരോഷിമ നാഗസാക്കി ദിനത്തിലും യുദ്ധം വരുത്തി വയ്ക്കുന്ന കെടുതികൾ ഓർമ്മിക്കണമെന്നും പിണറായി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പിണറായി വിജയന്റെ പോസ്റ്റ് ഇങ്ങനെ
രണ്ടാം ലോകമഹായുദ്ധത്തിനൊടുവിൽ 1945 ആഗസ്റ്റ് 6ന് ഹിരോഷിമയിലും ആഗസ്റ്റ് 9ന് നാഗസാക്കിയിലും പ്രയോഗിക്കപ്പെട്ട രണ്ട് ആണവ ബോംബുകൾ കൊന്നൊടുക്കിയത് ലക്ഷക്കണക്കിന് സാധാരണക്കാരെയായിരുന്നു. അവയുടെ അനന്തരഫലങ്ങൾ പേറുന്ന ജീവിതങ്ങൾ ഇന്നും ജപ്പാനിലുണ്ട്. ഓരോ ഹിരോഷിമനാഗസാക്കി ദിനവും നമുക്കുള്ള ഓർമപ്പെടുത്തലാകണം. യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച്, സമാധാനം പുലരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പ്രവഹിക്കുന്ന യുദ്ധത്തിന്റെ ബാക്കിപത്രത്തെക്കുറിച്ച്. യുദ്ധങ്ങളില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനുള്ള അവസരമാണിത്.
യുദ്ധങ്ങൾ ഇല്ലാതാക്കാൻ വേണ്ടി താൻ നടത്തിയ കണ്ടുപിടിത്തം ജനങ്ങളെ കൊന്നൊടുക്കാൻ ഉപയോഗിക്കുന്നത് കണ്ടാണ് ആൽഫ്രഡ് നോബൽ എന്ന ശാസ്ത്രജ്ഞൻ തന്റെ പേരിൽ ‘സമാധാനത്തിനുള്ള പുരസ്കാരം’ പ്രഖ്യാപിച്ചത്. അതുപോലെ, തന്റെ സിദ്ധാന്തം, ലോകം കണ്ട ഏറ്റവും ക്രൂരമായ മനുഷ്യവേട്ടയ്ക്കുപയോഗിക്കപ്പെട്ടതിൽ ആൽബർട്ട് ഐൻസ്റ്റൈനും പശ്ചാത്തപിച്ചിരുന്നു.
ലോകത്ത് 80 കോടി ജനത പട്ടിണിയിൽ ജീവിക്കുമ്പോഴാണ് അമേരിക്ക എന്ന ഒറ്റ രാജ്യം മാത്രം 60000 കോടി ഡോളർ വാർഷിക ബജറ്റിൽ പ്രതിരോധമേഖലക്ക് മാത്രമായി നീക്കി വെക്കുന്നത്. യുദ്ധങ്ങളുപയോഗിച്ച് തടിച്ചു കൊഴുക്കപ്പെടുന്ന ആയുധ കുത്തകകളുടെ ലാഭക്കൊതിക്ക് വളക്കൂറാകുമ്പോഴല്ല, സാധാരണക്കാരിൽ സാധാരണക്കാർക്ക് ഗുണപ്രദമാകുമ്പോഴാണ് ശാസ്ത്രവും ശാസത്രനേട്ടങ്ങളും അർഥപൂർണമാകുന്നത്.
ശാസ്ത്രപുരോഗതി മനുഷ്യവികാസത്തിന് എങ്ങനെ ഉപയോഗിക്കാമെന്ന് ഓരോ ഹിരോഷിമ നാഗസാക്കി ദിനവും നമ്മെ ചിന്തിപ്പിക്കട്ടെ. ശാസ്ത്രത്തിന്റെ ദുരുദ്ദേശപരമായ പ്രയോഗത്തിനെതിരെ കൈകൾ കോർക്കാൻ ഈ ദിനങ്ങൾ നമുക്ക് ഊർജം നൽകട്ടെ. കുടുതൽ സുന്ദരമായ ഒരു ലോകത്തിലേക്ക് ആശ്വാസപൂർവം നമ്മുടെ വരും തലമുറകൾ കടന്നു വരട്ടെ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here