അമിത്ഷായുടെ കയ്‌പ്പേറിയ മൂന്നാം വാർഷികം

ബി ജെ പി ദേശീയ അധ്യക്ഷനായി ചുമതലയേറ്റത്തിന്റെ മൂന്നാം വാർഷിക ദിനം മധുരത്തിന് പകരം കയ്പ്പ്നീര് കുടിക്കേണ്ടി വന്ന ഗതികേടിലാണ് അമിത്ഷാ. അമിത്ഷാ തന്നെ ഉയർത്തിയ വെല്ലുവിളിയിൽ സ്വയം ആണ്ടുപോയ ദിനം! സംസ്ഥാനത്ത് സ്വന്തം എം.എൽ.എ. പോലും തന്നെ ഭയക്കാതെ വോട്ട് മാറ്റി ചെയ്തു എന്ന പ്രഹരമേറ്റ ദിനം! രാഷ്ട്രീയ വൈരിയായ അഹമ്മദ് പട്ടേലിനെ ഇനി സഭ കാണിക്കില്ല എന്ന പരസ്യമായ പ്രതിജ്ഞ പാളിപ്പോയ ദിവസം! അമിത വിശ്വാസത്തിന്റെ തകർച്ച സ്വയം അറിഞ്ഞ ദിവസം! രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും രാഷ്ട്രീയ പരാജയം ഏൽക്കേണ്ടി വന്ന ദിവസം! അങ്ങനെയാണ് തന്റെ പട്ടാഭിഷേകത്തിന്റെ മൂന്നാം വാർഷിക ദിനം അമിത്ഷാ കയ്പ്പ് നുകർന്ന് ആചരിക്കേണ്ടി വരുന്നത്.

ഇത്രയും കോലാഹലം ഒരു സംസ്ഥാനത്ത് നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാകുന്നത് ഇതാദ്യമായാണ്. ആകെയുള്ള എം.എൽ.എ. മാരുടെ തലയെണ്ണി ആർക്കും ഫലം പ്രവചിക്കാവുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് ഇങ്ങനെ ദേശീയ മാധ്യമങ്ങൾക്കുള്ള ചൂടൻ വിഭവമാക്കി മാറ്റിയത് അമിത്ഷായാണ്. ഷായുടെ രാഷ്ട്രീയഅമിത വിശ്വാസം തകർന്ന് തകർന്ന് തരിപ്പണമായി മാറാൻ അതിടയാക്കിയത് ഇരട്ട പ്രഹരമായി.

മോദിയുടെയും അമിത്ഷായുടെയും സ്വന്തം തട്ടകമാണ് ഗുജറാത്ത്. അതെ ഗുജറാത്തിൽ നടന്ന ഒഴിവു വന്ന മൂന്ന് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്വാഭാവികമായും രണ്ടെണ്ണം ബി ജെ പിയ്‌ക്കും ഒരെണ്ണം കോൺഗ്രസിനും ലഭിക്കും. എന്നാൽ വിമതശല്യം ഒരു പാരമ്പര്യം തന്നെയായ കോൺഗ്രസിലേക്ക് നുഴഞ്ഞു കയറി കുതിരക്കച്ചവടം നടത്തിയുള്ള ഷായുടെ കുതന്ത്രങ്ങളാണ് ഗുജറാത്തിനെ ഏതാനും ആഴ്ചകളായി ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രം ആക്കിയത്. പക്ഷെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വാശി വിജയിച്ചില്ല. അദ്ദേഹത്തിന്‍റെ കടുത്ത രാഷ്ട്രീയ എതിരാളിയായ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ രാജ്യസഭയിലെത്തി. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഫലപ്രഖ്യാപനം. പട്ടേലിന് 44 വോട്ടുകള്‍ ലഭിച്ചു . കൂറുമാറിയ 2 കോൺഗ്രസ് എം എല്‍ എ മാരുടെ വോട്ടു തെരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കിയിരുന്നു. വോട്ട് അംഗീകാരമില്ലാത്ത ഏജന്റിനെ കാണിക്കാൻ പാടില്ല എന്ന നിയമം ഇരുവരും തെറ്റിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തി. അവസാന മിനിട്ട് വരെ വോട്ടെണ്ണല്‍ വൈകിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശക്തമായ ഇടപെടലിലൂടെ രാത്രി ഒന്നേമുക്കാല്‍ മണിയ്ക്കാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയത്.

ബി.ജെ.പി.യിൽ വിള്ളൽ

തെരഞ്ഞെടുപ്പ് സംബന്ധിച്ച സംവാദങ്ങളിലെല്ലാം അമിത്ഷാ പക്ഷം ആവർത്തിച്ചത് കോൺഗ്രസ് പാർട്ടി കെട്ടുറപ്പില്ലാത്ത വിധം തകർന്നിരിക്കുന്നു എന്നാണ്. സ്വന്തം എംഎല്‍എമാരെ പോലും പാര്‍ട്ടിയില്‍ പിടിച്ചു നിര്‍ത്താന്‍ കെല്‍പ്പില്ലാത്ത പാര്‍ട്ടി എന്ന് കോണ്‍ഗ്രസിനെ അവർ നിരന്തരം കളിയാക്കി. എന്നാൽ നേരത്തെ വിമതരാണെന്ന് വിലയിരുത്തപ്പെട്ട രണ്ടു പേരുടെ വോട്ടുകളാണ് കോൺഗ്രസിന് നഷ്ടമായത്. അത് ബി ജെ പിയ്ക്ക് ഗുണകരമായതും ഇല്ല. അതെ സമയം ബിജെപിയ്ക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ച്‌ ബിജെപി എം എല്‍ എ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്തു. ഇതോടെ ഫലപ്രഖ്യാപനത്തിൽ തിരിച്ചടി കിട്ടി നിന്ന ബിജെപിയ്ക്ക് ഇരട്ട പ്രഹരമായി അത് മാറി; നാണക്കേട് വേറെയും.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top