അതിരപ്പിള്ളി പദ്ധതി കേരളത്തിന് വേണോ

ജിതിരാജ്
അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഇന്ന് ആവർത്തിച്ച് ഉറപ്പിച്ചു കഴിഞ്ഞു. ഒപ്പം അദ്ദേഹം ഒരു വാഗ്ദാനം കൂടി നൽകി; അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം നഷ്ടമാകില്ലെന്ന്. ശരിയാണ് അതിരപ്പിള്ളി സുന്ദരിയാണ്. ആരും കണ്ട് നിന്ന് പോകും. ആ സൗന്ദര്യം സംരക്ഷിക്കേണ്ടത് ടൂറിസം പദ്ധതികൾക്ക് ആവശ്യവുമാണ്. ആ സൗന്ദര്യം നിലനിർത്തുമെന്ന വാക്ക് ഞങ്ങൾ വിശ്വസിക്കാം… പകരം അതിരപ്പിള്ളി എന്ന ആവാസ വ്യവസ്ഥയുടെ ശ്വാസം എടുക്കില്ലെന്ന് ഉറപ്പ് പറയാനാകുമോ മുഖ്യമന്ത്രിയ്ക്ക്…
സ്വന്തം പാർട്ടിയിൽനിന്നും മുന്നണിയിൽനിന്നും എതിർ സ്വരങ്ങൾ ഉയരുമ്പോഴാണ് പദ്ധതിയെ സമവായം എന്ന ഒറ്റ വാക്കിൽ ഉറപ്പിച്ചിടാൻ അദ്ദേഹം ശ്രമിക്കുന്നത്. അതിരപ്പിള്ളി പോലെ സ്വച്ഛശാന്തമായ ജൈവവൈവിധ്യങ്ങളുടെ സംഭരണിയിലേക്ക് എറിയുന്ന ഒരു കല്ല് പോലും, അവിടെ നിന്ന് അറുത്തെടുക്കുന്ന ഒരു പൂമൊട്ട് പോലും ആ ആവാസവ്യവസ്ഥയെ ബാധിക്കുമെന്നിരിക്കെ അതിരപ്പിള്ളി പദ്ധതി നമുക്ക് വേണോ…
എന്താണ് കൊട്ടിഘോഷിച്ചെത്തുന്ന അതിരപ്പിള്ളി പദ്ധതി ?
ആദ്യം നമ്മൾ അറിയണം എവിടെയാണ് അതിരപ്പിള്ളി പദ്ധതി വരുന്നതെന്നും എന്താണ് അതിരപ്പിള്ളി പദ്ധതിയെന്നും.
ചാലക്കുടി പുഴയിൽ വാഴച്ചാൽ വെള്ളച്ചാട്ടത്തിന് മുകളിൽ 400 മീറ്റർ അപ്പുറമായാണ് നിർദ്ദിഷ്ട അതിരപ്പിള്ളി അണക്കെട്ട് പണിയാൻ പോകുന്നത്. ഇവിടെ നിർമ്മിക്കുന്ന അണക്കെട്ടിന് 23 മീറ്റർ ഉയരവും 311 മീറ്റർ നീളവുമുണ്ടാകും. ഇവിടെ നിന്ന് ടണൽ വഴി 7 കിലോമീറ്റർ താഴെയുള്ള കണ്ണൻ കുഴി തോടിന്റെ കരയിൽ സ്ഥാപിക്കുന്ന പവർ ഹൗസിലേക്കാണ് വെള്ളമെത്തുക. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനും താഴെയാണ് 160 മെഗാവാട്ട് ശേഷിയുള്ള പവർ ഹൗസ് സ്ഥാപിക്കുന്ന കണ്ണൻ കുഴി തോട്.
വൈദ്യുതി ഏറ്റവും അധികം ആവശ്യമുള്ള പീക്ക് ടൈം ആയ വൈകുന്നേരങ്ങളിൽ ഉപയോഗപ്പെടുത്താനാണ് പ്രധാനമായും അതിരപ്പിളളി അണക്കെട്ട് നിർമ്മിക്കുന്നത്.
അതിരപ്പിള്ളി എന്ന ആവാസ വ്യവസ്ഥയെ കൂടി അറിയുക
കേരളത്തിന് വൈദ്യുതി വേണം. അക്കാര്യത്തിൽ സംശയമില്ല. നമുക്ക് ആർക്കും ഇരുട്ടത്ത് കഴിച്ചുകൂട്ടാനാകില്ല. ഫോൺ ചാർജ് ചെയ്യാതെ, ഇന്റർനെറ്റിൽ ലോകം മുഴുവൻ പറന്ന് നടക്കാതെ, ടി വി കാണാതെ , ഫാനോ എ സി യോ ഇല്ലാതെ നമുക്ക് ജീവിക്കാനാകില്ല. പ്രാകൃത കാലത്തേക്ക് മടങ്ങൂ, എന്നതൊക്കെ അബദ്ധ ജഡിലമായ വാക്കുകളാണെന്ന് പറയുന്നവർക്കും കേൾക്കുന്നവർക്കും സ്പഷ്ടമാണ്. എന്നാൽ അപ്പോഴും അതിരപ്പിള്ളിയെ എതിർക്കുക തന്നെ ചെയ്യും. വൈദ്യുതി ലഭിക്കാനുള്ള ഒരു മാർഗ്ഗം മാത്രമാണ് ജലവൈദ്യുത പദ്ധതി എന്നതുതന്നെയാണ് അതിനുള്ള കാരണം.
അതിരപ്പിള്ളി പദ്ധതി വരുന്നതോടെ ഉണ്ടാകുന്ന ലാഭത്തെ കുറിച്ച് വാതോരാതെ പറയുന്നവർ അതുണ്ടാക്കുന്ന നഷ്ടത്തെ കുറിച്ചുകൂടി അറിയണം. പരിസ്ഥിതിയ്ക്ക് വലിയ ആഘാതമുണ്ടാക്കാൻ കാരണമാകുന്ന പദ്ധതിയാണ് അതിരപ്പിള്ളി. അതീവ പരിസ്ഥിതി ലോല പ്രദേശങ്ങളായ പശ്ചിമഘട്ടത്തിൽ അവശേഷിക്കുന്ന അവസാനത്തെ ലോ ലാന്റ് എവർഗ്രീൻ ഫോറസ്റ്റാണ് അതിരപ്പിളളി.
മത്സ്യ വൈവിധ്യങ്ങളുടെ കലവറയാണത്. അത്യപൂർവ്വങ്ങളായ മലമുഴക്കി വേഴാമ്പലുകളുടെ ആവാസ കേന്ദ്രമാണ്. പറമ്പിക്കുളം പൂയംകുട്ടി വനമേഖലയെ ബന്ധിപ്പിക്കുന്ന ആനത്താര കടന്നുപോകുന്നത് ഇതിലൂടെയാണ്. പദ്ധതി വരുന്നതോടെ ആനത്താര മുങ്ങി പോകും. ഇവിടെ വലിയ മരങ്ങളിൽ കൂടുവയ്ക്കാനെത്തുന്ന പക്ഷികൾ വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിൽ പെടുന്നവയാണ്.
ഇന്ത്യയിൽ തന്നെ ഏറ്റവുമധികം മത്സ്യ സമ്പത്തുള്ള ചാലക്കുടി പുഴയിലാണ് അതിരപ്പിള്ളി അണക്കെട്ട് ഉയരുന്നത്. 109 ഇന മത്സ്യങ്ങളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ 9 ഇനങ്ങൾ വംശനാശ ഭീഷണി നേരിടുന്നവയാണ്. 22 ഇനങ്ങൾ ഐയുസിഎൻ വർഗ്ഗീകരണത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്നവയും വംശനാശ ഭീഷണി നേരിടുന്നവയുമാണ്. പശ്ചിമ ഘട്ടത്തിൽ മാത്രം കാണപ്പെടുന്ന മത്സ്യങ്ങൾ ചാലക്കുടി പുഴയിലുണ്ട്.
സംരക്ഷിക്കപ്പെടേണ്ട പശ്ചിമഘട്ട മലനിരകളിലെ ജൈവവൈവിദ്യങ്ങളുടെ തീരാ കലവറയാണ് അതിരപ്പിള്ളി. ചാലക്കുടി പുഴയോരത്തെ പുഴയോരക്കാടുകൾ സംരക്ഷിക്കപ്പെടേണ്ടവയാണ്. വേഴാമ്പൽ, സിംഹവാലൻ കുരങ്ങ്, മലയണ്ണാൻ തുടങ്ങി നിലവിൽ അപൂർവ്വങ്ങളായ ജീവി വർഗ്ഗങ്ങളുടെ ആവാസ വ്യവസ്ഥയാണ് പദ്ധതി വരുന്നതോടെ നഷ്ടമാകുന്നത്.
ഇത് മറ്റ് ജീവികളുടെ കാര്യമല്ലേ എന്ന് ചിന്തിക്കുന്നവർക്കായി…
അതിരപ്പിള്ളിയോട് ചേർന്ന പൊകലപ്പാറയിലെ 22 ഉം വാഴച്ചാലിലെ 68 ഉം കുടുംബങ്ങൾ അണക്കെട്ട് വരുന്നതോടെ മുങ്ങിപ്പോകുന്ന പ്രദേശത്താണ് താമസിക്കുന്നത്. അവർ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവരാണ്. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അണക്കെട്ടുകൾക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരാണ് പ്രാകൃത ഗോത്രവർഗ്ഗക്കാരായ കാടർ വിഭാഗം. ഈ പുഴയിലെ ആവാസ വ്യവസ്ഥ തകരുന്നതോടെ ഈ വിഭാഗത്തിന്റെ കൂടി ജീവിതമാണ് താളം തെറ്റുക.
എന്തുകൊണ്ട് എതിർക്കണം ?
കുട്ടിക്കാലത്ത് ആഹാര ശൃംഖലയെ കുറിച്ച് നമ്മളെല്ലാം പഠിച്ചുകാണും. ഒന്നില്ലെങ്കിൽ മറ്റൊന്നിന് നിലനിൽപ്പില്ല. ഒരു ചീട്ട് വീണാൽ തകരുന്ന വലിയ കൊട്ടാരം തന്നെയാണ് ഭൂമി. പ്രകൃതിയിലെ ഒരു കണ്ണി നശിക്കുന്നതോടെ ചുറ്റുമുള്ള അനേകം സസ്യ ജന്തു ജാലങ്ങൾ നശിക്കും. കാട് വെട്ടിത്തളിച്ചും പുഴകൾ മലിനമാക്കിയും ഇത്രയും നാൾ നമ്മൾ ചെയ്തതിന്റെ ഫലം തന്നെയാണ് ഇപ്പോൾ എസി യിൽനിന്ന് എസിയിലേക്ക് ഓടാൻ നമ്മെ പ്രേരിപ്പിക്കുന്നത്. ഒടുക്കം ക്രിത്രിമ മഴയെ കുറിച്ച് പോലും അലോചിക്കാൻ ഇടയാക്കിയത്.
ആർക്കാണ് അതിരപ്പിള്ളിയിലെ വൈദ്യുതിയോടിത്ര മോഹം
പദ്ധതി വന്നാൽ വെളളച്ചാട്ടം ഇല്ലാതെയാകും. അല്ലാതെ മുഖ്യമന്ത്രി പറഞ്ഞതുപോലെ അത് പിടിച്ചു വെക്കാനാകില്ല. ഇന്ത്യയിലെ തന്നെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് അതിരപ്പിള്ളി. പുഴയിലൂടെ വരുന്ന വെള്ളം ഭൂരിഭാഗവും ടണൽ വഴി പ്രധാന പവർ ഹൗസിലേക്ക് തിരിച്ചുവിടും. വെള്ളച്ചാട്ടത്തിനായി ഒരു തുളളി വെള്ളം പോലും തുറന്നുവിടാനുണ്ടാകില്ല. വർഷകാലത്ത് പോലും വേനലിന് തുല്യമായി വരണ്ടുണങ്ങും അതിരപ്പിള്ളി. വറ്റി വരണ്ട അതിരപ്പിള്ളിയെ കാണണമെന്ന് ആർക്കാണ് ഇത്ര ആഗ്രഹം…. ആർക്കാണ് പച്ചപ്പിനെ കരിച്ചുണക്കി വരണ്ട മണ്ണിലൂടെ ഇഴഞ്ഞു നീങ്ങുന്ന ചാലക്കുടി പുഴയെയും അതിരപ്പള്ളി മലനിരകളെയും കാണേണ്ടത്…. എത്ര ക്രൂരമായിരിക്കും ആ കാഴ്ച… ഇനിയും ആർക്കാണ് അതിരപ്പിള്ളിയിൽനിന്ന് വരുന്ന വൈദ്യുതിയോടിത്ര മോഹം…
ഇനിയുമൊരു ജലവൈദ്യുതി പദ്ധതി താങ്ങുമോ കേരളം ?
നിലവിൽ 12 വൻ ജലവൈദ്യുത പദ്ധതികളും 12 ഇടത്തരം ജലവൈദ്യുത പദ്ധതികളുമുണ്ട് കേരളത്തിൽ. കൂടാതെ 2 തെർമൽ പ്രൊജക്ട്സ്, ഒരു സോളാർ പവർ പ്രൊജക്ട്, കാറ്റാടിപ്പാടവും കേരളത്തിനുണ്ട്. എന്നിട്ടും പോരാതെയാണോ അതിരപ്പിള്ളിയിൽ കണ്ണുവച്ചിറങ്ങിയിരിക്കുന്നത്.
വേണം വൈദ്യുതി. അതിന് ജലവൈദ്യുത നിലയം വേണോ എന്നതാണ് ചോദ്യം. പകരം പദ്ധതികളുണ്ട്. കേരളത്തിന് അറിയില്ലെങ്കിൽ വിദേശ രാജ്യങ്ങളിലേക്ക് നോക്കണം. ഇത്തിരി പോന്ന കേരള സംസ്ഥാനത്ത് ഇപ്പോൾതന്നെ 24 ജലവൈദ്യുതി നിലയങ്ങളായി. ഇനിയും ഒരെണ്ണം കൂടി താങ്ങുമോ നമ്മുടെ കേരളം…
മറ്റ് ജലവൈദ്യുതി പദ്ധതികളുടെ ക്ഷമത കേട്ട് ഞെട്ടരുത്
160 മെഗാവാട്ട് സ്ഥാപിത ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന അതിരപ്പിള്ളി പദ്ധതിയുടെ വാർഷിക ഉത്പാദനക്ഷമത 23 മെഗാവാട്ടിനു സമമായ 23.3 കോടി യൂണിറ്റ് മാത്രമാണ്. കെഎസ്ഇബി തന്നെ പറയുന്ന കണക്കുപ്രകാരം ഈ പദ്ധതിയുടെ പ്രവർത്തനക്ഷമത വെറും 16 ശതമാനം മാത്രമാണ്. സംസ്ഥാനത്ത് 995 മെഗാവാട്ട് സ്ഥാപിത ശേഷിയിൽ നാൽപ്പതോളം അണക്കെട്ടുകളാണ് നിലവിലുള്ളത്. ഇവയിൽ ഒന്നുപോലും പൂർണ്ണ സജ്ജമല്ല. പ്രതീക്ഷിക്കുന്നതിന്റെ പകുതി പോലും നൽകാൻ കെൽപ്പുള്ളവയല്ല എന്ന് ചുരുക്കം.
ഇടുക്കിയിൽ 780 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പ്ലാന്റിൽനിന്ന് ലഭിക്കുന്നത് 273 മെഗാവാട്ട് വൈദ്യുതിയാണ്. ഷോളയാറിൽ 54 മെഗാവാട്ടിൽ 26.6 മെഗാ വാട്ട് വൈദ്യുതിയും ചാലക്കുടി പുഴയിലെ തന്നെ മറ്റൊരു അണക്കെട്ടായ പെരിങ്ങൽക്കുത്തിൽ 32 മെഗാവാട്ടിൽ 19.6 മെഗാവാട്ടും മാത്രമാണ് ആകെ ലഭിക്കുന്ന വൈദ്യുതി. നിലവിലെ പദ്ധതികളിൽനിന്ന് ലഭിക്കുന്നത് ഇത്രയെങ്കിൽ അതിരപ്പിള്ളിയിൽനിന്ന് കൂടുതൽ എന്ത് പ്രതീക്ഷിക്കണം…!
മറ്റെന്തൊക്കെ വഴികളുണ്ട്
വേനലെത്തും മുമ്പ് ചുട്ടുപൊള്ളുന്ന, വറ്റി വരളുന്ന കേരളത്തിൽ വീണ്ടും വീണ്ടും വൈദ്യുതിയ്ക്കായി എന്തിന് വെള്ളത്തെ ആശ്രയിക്കുന്നു ? വേനലെത്തിയാൽ കേന്ദ്ര വിഹിതം ലഭിക്കാൻ സംസ്ഥാനത്തെ വരൾച്ചാബാധിതമെന്ന് പ്രഖ്യാപിക്കാൻ ആവശ്യപ്പെടുന്ന സംസ്ഥാനമാണ് ഒരു ജലവൈദ്യുത പദ്ധതിയ്ക്ക് കൂടി കോപ്പുകൂട്ടുന്നത്. ഒന്ന് തല ഉയർത്തി നോക്കിയാൽ തീരാവുന്ന പ്രശ്നമല്ലേ ഇപ്പോൾ കേരളത്തിനുള്ളൂ… തലയ്ക്ക് മുകളിൽ ഉദിച്ച് നിൽക്കുന്ന സൂര്യൻ. വെയിലിന്റെ കാഠിന്യം ഓരോ നാൾ കൂടി വരുന്നു. എന്തുകൊണ്ട് കേരളത്തിന് സോളാർ പ്രൊജക്ട്സ് കൂടുതലായി ഉൾപ്പെടുത്തിക്കൂടാ… അവിശ്വസനീയമായ രീതിയിൽ സോളാർ ഉപയോഗിച്ച് വിജയിച്ച സിയാൽ മോഡൽ നമുക്ക് മുന്നിലില്ലേ…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here